കുഞ്ഞിനോടൊപ്പം സ്വാതി റെഡ്ഡി | Photo: Special Arrangement
തീവണ്ടിയില്‍ പ്രസവ വേദന അനുഭവിച്ച യുവതിയുടെ രക്ഷകയായി മെഡിക്കല്‍ വിദ്യാര്‍ഥി. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്‌സ്പ്രസിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 23-കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥി സ്വാതി റെഡ്ഡി കൃത്യസമയത്ത് യുവതിയുടെ സഹായത്തിന് എത്തുകയായിരുന്നു.
ചീപുരുപള്ളിയിലെ പൊന്നം ഗ്രാമത്തിലെ സത്യവതിയാണ് തീവണ്ടിയില്‍ പ്രസവിച്ചത്. സത്യവതിയും ഭര്‍ത്താവ് സത്യനാരായണനും ഹൈദരാബാദില്‍ നിന്ന് സ്വന്തം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടയില്‍ സത്യവതിയ്ക്ക് പ്രസവവേദന തുടങ്ങി. എന്നാല്‍ അടുത്തൊന്നും പ്രധാന സ്റ്റേഷനുകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയിലെത്തിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. ഇതോടെ സത്യനാരായണ്‍ ആ കംപാര്‍ട്‌മെന്റിലെ മറ്റു സ്ത്രീകളുടെ സഹായം തേടി. അതില്‍ ഒരാള്‍ സ്വാതി റെഡ്ഡി ആയിരുന്നു. എന്നാല്‍ സ്വാതി ഡോക്ടറാണെന്ന കാര്യമൊന്നും ആ സമയത്ത് സത്യനാരായണന് അറിയില്ലായിരുന്നു.
'ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. സമയം പുലര്‍ച്ചെ ഒരു 4.30 ആയിക്കാണും. ആ സമയത്ത് ഒരാള്‍ എന്നെ വന്ന് തട്ടിവിളിച്ചു. അയാള്‍ ആകെ വിയര്‍ത്തുകുളിച്ചിരുന്നു. തന്റെ ഭാര്യക്ക് പ്രസവ വേദന വന്നെന്നും സഹായിക്കമോ എന്നും എന്നോട് ചോദിച്ചു. ഞാന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥി ആണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.' സ്വാതി റെഡ്ഡി പറയുന്നു.
തുടര്‍ന്ന് ഓടിയെത്തിയ സ്വാതി കംപാര്‍ട്‌മെന്റില്‍ യുവതിയുടെ സീറ്റിന് സമീപം തുണികൊണ്ട് മറച്ച് പ്രസവ മുറിയാക്കി. തുടര്‍ന്ന് വളരെ ശ്രദ്ധയോടെ കുഞ്ഞിനെ പുറത്തെടുത്തു. അത്യാവശ്യ മരുന്നുകള്‍ സ്വാതിയുടെ കൈവശമുണ്ടായിരുന്നതും രക്ഷയായി.
എംബിബിഎസ് പൂര്‍ത്തിയാക്കിയ സ്വാതി നിലവില്‍ വിശാഖപട്ടണത്തെ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.
Content Highlights: medico helps woman deliver baby girl aboard running train in andhra pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..