ജ്യോതി മക്കൾക്കൊപ്പം | Photos: twitter.com|ANI
മരണക്കിടക്കയിൽ സൈനികനായ ഭർത്താവിന് നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം. ജ്യോതി നൈൻവാൾ എന്ന മുപ്പത്തിരണ്ടുകാരി കരസേനയിൽ ചേർന്നതിനു പിന്നിൽ ഹൃദയം തൊടുന്നൊരു കഥകൂടിയുണ്ട്. കഴിഞ്ഞ ദിവസമാണ് ജ്യോതി ലഫ്റ്റനന്റ് ആയി കമ്മിഷൻഡ് ഓഫീസർ പദവിയിൽ പ്രവേശിച്ചത്. പിന്നാലെ ജ്യോതിയുടെ നിശ്ചയദാർഢ്യത്തിനു പിന്നിലെ കാരണവും പുറംലോകമറിഞ്ഞു.
കശ്മീരിലെ കുൽഗാമിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റമുട്ടലിലാണ് സൈനികൻ ദീപക് നൈൻവാൾ മരിക്കുന്നത്. ദീപക്കിന്റെ നട്ടെല്ലിലേക്കും നെഞ്ചിലേക്കും മൂന്ന് വെടിയുണ്ടകൾ തുളച്ചുകയറി. തുടർന്ന് നാൽപതു ദിവസത്തോളം മരണശയ്യയിലായിരുന്നു ദീപക്. ഗുരുതര പരിക്കുകൾ മൂലം മരിക്കുമെന്നുറപ്പായതോടെ ദീപക് ഭാര്യയോട് ആവശ്യപ്പെട്ടത് ഒറ്റകാര്യമായിരുന്നു, തനിക്കുവേണ്ടി സൈന്യത്തിൽ ചേരണം.
ഭർത്താവിനെ നഷ്ടമായതോടെ ജ്യോതി ഉറപ്പിച്ചു, അദ്ദേഹത്തിനുള്ള ആദരമായി സൈന്യത്തിൽ ചേർന്നിരിക്കുമെന്ന്. അങ്ങനെയാണ് ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ഒരുക്കങ്ങൾ ജ്യോതി തുടങ്ങിയത്. ഈ വർഷം ആദ്യമാണ് ജ്യോതി എസ്എസ്സി പരീക്ഷ പാസാകുന്നത്. നാലാം ശ്രമത്തിലാണ് പരീക്ഷ എന്ന കടമ്പ കടന്നത്. തുടർന്നുണ്ടായ കായിക പരീക്ഷകളെയും കഠിനാധ്വാനത്തിലൂടെ ജ്യോതി മറികടന്നു.
രണ്ടു മക്കളെ വീട്ടുകാരെ ഏൽപിച്ചാണ് ഈ വർഷമാദ്യം ജ്യോതി ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം ആരംഭിക്കുന്നത്. അഭിമാനനിമിഷത്തെക്കുറിച്ച് ആവേശത്തോടെയാണ് ജ്യോതി പ്രതികരിച്ചത്. ദീപക് ഞങ്ങൾക്ക് അഭിമാനകരമായ ഒരു ജീവിതം സമ്മാനിച്ചു, അത് ഞാൻ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഭർത്താവിന്റെ റെജിമെന്റിനോടും ഞാൻ നന്ദി അറിയിക്കുന്നു.- ജ്യോതി പറഞ്ഞു.
നിങ്ങളുടെ ജീവിതം ഇന്നുമുതൽ മക്കൾക്കുള്ള സമ്മാനമായിരിക്കണം, അവർ നിങ്ങളെ അനുകരിക്കും. ജീവിതം എങ്ങനെ വഴിതിരിച്ചു വിടണമെന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. അമ്മ പകർന്നു നൽകിയ ഈ ഉപദേശമാണ് ഭർത്താവ് മരിച്ചതോടെ ലോകം മുഴുവൻ കീഴ്മേൽ മറിഞ്ഞപ്പോഴും മുന്നോട്ടു നയിച്ചത്- മക്കളായ ഒമ്പതുകാരൻ റെയ്നാഷിനെയും ഏഴുവയസ്സുകാരി ലാവണ്യയെയും ചേർത്തുപിടിച്ച് ജ്യോതി പറഞ്ഞു.
തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ പരിമിതിയും വെല്ലുവിളിയായി എന്ന് ജ്യോതി പറയുന്നു. വിവാഹം കഴിഞ്ഞതോടെ മുഴുവൻ സമയവും അകത്തളത്തിൽ തന്നെയായിരുന്നു. സൈന്യത്തിൽ ചേരാൻ തീരുമാനിച്ചപ്പോൾ തന്നെ ഞാനേറെ മാറാനുണ്ടെന്ന് ബ്രിഗേഡിയർ ചീമയ്ക്ക് മനസ്സിലായി. അവർ ധാരാളം ഇംഗ്ലീഷ് നോവലുകൾ നൽകി, അതു വായിച്ചു തീർക്കാൻ അന്തിമദിനവും അറിയിച്ചു. ശേഷം അദ്ദേഹം പുസ്തകം സംബന്ധിച്ച ചോദ്യങ്ങളും ചോദിക്കുകയുണ്ടായി. അതൊക്കെയാണ് തന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിച്ചതെന്ന് ജ്യോതി പറയുന്നു.
Content Highlights: Martyred Army Naiks widow Jyoti Nainwal, Wife Joins Indian Army, inspiring women story


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..