
-
സ്വന്തം മകള്‍ക്കൊപ്പം മറ്റു മൂന്നു പെണ്കുട്ടികളുടെയുംകൂടി വിവാഹം നടത്തി മൈലക്കല്‍ നിസാറിന്റെ മാതൃക. വിവാഹത്തെത്തുടര്‍ന്ന് തയ്യാറാക്കിയ ഭക്ഷണം സമൂഹ അടുക്കളയ്ക്കും കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവര്‍ത്തകര്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്കും എത്തിച്ചു.
വെഞ്ഞാറമൂട്ടിലെ മൈലക്കല്‍ സ്റ്റോറിന്റെ ഉടമയും സാമൂഹിക പ്രവര്‍ത്തകനും കൂടിയാണ് മൈലക്കല്‍ നിസാര്‍. മൈലക്കല്‍ ഗാര്‍ഡനില്‍ നിസാറിന്റെയും ഷഹീലയുടെയും മകള്‍ സാദിയയും വാമനപുരം ഫവാസ് മന്‍സിലില്‍ സൈനുലാബ്ദിന്‍ ഹക്കിമിന്റെയും ജമീലയുടെയും മകന് ഫൈസലുമായുള്ള വിവാഹം മാസങ്ങള്‍ക്കുമുമ്പ് ഉറപ്പിച്ചതാണ്. ഇതിനൊപ്പം മൂന്ന് പെണ്‍കുട്ടികളുടെ വിവാഹംകൂടി ഒരേ വേദിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.
ലോക്ഡൗണ്‍ നിയന്ത്രണം വന്നതോടെ നിസാറിന്റെ മകളുടെ വിവാഹം ഞായറാഴ്ച വീട്ടില്‍ നടത്തി. മറ്റു രണ്ട് പെണ്‍കുട്ടികളുടെ വിവാഹം അവരുടെ വീട്ടില്‍ വെച്ചും ലളിതമായി നടത്തി. കല്ലമ്പലം സ്വദേശിയായ പെണ്‍കുട്ടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലും വിദേശത്തുള്ള വരന് എത്താന്‍ കഴിഞ്ഞില്ല.
നിയന്ത്രണം കഴിഞ്ഞ് വിദേശത്തുനിന്ന് എത്തുന്ന ആഴ്ച തന്നെ വിവാഹം നടത്തിക്കൊടുക്കാനാണ് നിസാര്‍ തീരുമാനിച്ചിരിക്കുന്നത്.
കോട്ടറക്കോണം വൈഷ്ണുഭവനില് ശാലിനിയുടെയും രഘുവിന്റെയും മകള്‍ രജിതയും വാഗമണ്‍ ചെറിയകാവ് ഹൗസില്‍ മനോജിന്റെയും ഉഷയുടെയും മകന് മജുവും തമ്മിലുള്ള വിവാഹമാണ് നിസാറിന്റെ മകള്‍ക്കൊപ്പം ആദ്യം നടന്ന വിവാഹം. പാരിപ്പള്ളി എഴുപ്പുറം വീട്ടില്‍ സലിമിന്റെയും ഷാഹിദയുടെയും മകള്‍ ഖദീജയും പെരുമാതുറ തൈവിളാകത്തുവീട്ടില് അഷറഫിന്റെയും നൂര്ജിയുടെയും മകന് ഷഹിനുമാണ് നിസാറിന്റെ തണലില്‍ നടന്ന രണ്ടാമത്തെ വിവാഹം. മകള്‍ക്കൊപ്പം മംഗല്യവതികളായവര്ക്ക് നിസാര്‍ സ്വര്‍ണം, വസ്ത്രം, പണം, തൊഴിലെടുക്കാന്‍ ഓട്ടോറിക്ഷ എന്നിവ നല്കി.
നെല്ലനാട് സമൂഹ അടുക്കളയ്ക്ക് ബിരിയാണിയും സമൂഹ അടുക്കളയിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും പതിനായിരം രൂപ വീതവും സംഭാവന നല്കി. മുന്ന് നവദമ്പതിമാരും സമൂഹ അടുക്കളയില്‍ എത്തിയിരുന്നു.
ഡി.കെ.മുരളി എം.എല്‍ എ., പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് എന്നിവരും ദമ്പതിമാരെ ആശീര്‍വദിക്കാന്‍ സമൂഹ അടുക്കളയില്‍ എത്തി. നെല്ലനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് അനാഥാലയങ്ങളില്‍ ഭക്ഷണം നല്കി. കൂടാതെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിനു സേവനം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍, വെഞ്ഞാറമൂട് സ്റ്റേഷനിലെ പോലീസുകാര്‍, അഗ്നിരക്ഷാസേനാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം ഡ്യൂട്ടി സ്ഥലങ്ങളില്‍ നിസാറിന്റെ മകളും മരുമകനും കൂടി ഭക്ഷണം എത്തിച്ചു.
Content Highlights: Marriage and Lock down, Samooha Adukkala, Corona Out Break, Covid 19, Good News, positive news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..