മനോജ് തിവാരി ഭാര്യയോടൊപ്പം | Photo: BCCI/ Instagram/ Manoj Tiwary
പല തരത്തിലുള്ള സെഞ്ചുറി ആഘോഷങ്ങളും നമ്മള് കണ്ടിട്ടുണ്ട്. ആവേശത്തോടെ തുള്ളിച്ചാടിയും മുഷ്ഠി ചുരുട്ടിയും ചിലര്‍ ആഘോഷിക്കുമ്പോള്‍ മറ്റു ചില ബാറ്റ്സ്മാന്മാര് വിഐപി ഗാലറിയിലിരിക്കുന്ന ഭാര്യയ്ക്കോ കാമുകിക്കോ ആയിരിക്കും സെഞ്ചുറി സമര്‍പ്പിക്കുക. എന്നാല്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ വളരെ വ്യത്യസ്തമായ ഒരു ആഘോഷം ആരാധകര്‍ കണ്ടു. പശ്ചിമ ബംഗാള്‍ കായിക-യുവജനകാര്യ മന്ത്രി കൂടിയായ മനോജ് തിവാരിയായിരുന്നു ആ ആഘോഷത്തിന് പിന്നില്‍.
മധ്യപ്രദേശിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ സെഞ്ചുറി നേടിയതിന് ശേഷം പോക്കറ്റില്‍ നിന്ന് ഒരു കടലാസു കഷ്ണം ഉയര്‍ത്തിക്കാട്ടുകയായിരുന്നു തിവാരി. അതില്‍ സ്വന്തം കൈപ്പടയിലെഴുതിയ ഒരു ചെറിയ കുറിപ്പുമുണ്ടായിരുന്നു. 'ഐ ലവ് യു സുസ്മിത'(തിവാരിയുടെ ഭാര്യ) എന്നും അതിനൊപ്പം മക്കളുടെ പേരുമാണ് തിവാരി എഴുതിയത്. ഹാര്‍ട്ട് ചിഹ്നവും കുറിപ്പിലുണ്ടായിരുന്നു.
നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഭാര്യയുടേയും മക്കളുടേയും പേര് എഴുതി പോക്കറ്റില്‍ സൂക്ഷിച്ച തിവാരിയുടെ പ്രവൃത്തി മാതൃകാപരമാണെന്ന് ആരാധകര്‍ ട്വീറ്റ് ചെയ്തു.
രഞ്ജി ട്രോഫിയില്‍ ഗംഭീര ഫോമിലാണ് 36-കാരനായ തിവാരി. മധ്യപ്രദേശിനെതിരേ 211 പന്തില്‍ 102 റണ്‍സാണ് അടിച്ചെടുത്തത്. ക്വാര്‍ട്ടറില്‍ ജാര്ഖണ്ഡിനെതിരേയും സെഞ്ചുറി കണ്ടെത്തിയിരുന്നു. അന്ന് 136 റണ്‍സാണ് നേടിയത്. ഇതോടെ തിവാരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 29 സെഞ്ചുറി പൂര്‍ത്തിയാക്കി.
2021 -ലാണ് തിവാരി രാഷ്ട്രീയത്തിലേക്കിറങ്ങിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ശിബ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. ഇതോടെ കായിക വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി മമത ബാനര്‍ജി തിവാരിയെ ഏല്‍പ്പിച്ചു. ഇന്ത്യക്കായി 12 ഏകദിനങ്ങളും മൂന്നു ട്വന്റി-20 മത്സരങ്ങളും തിവാരി കളിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..