വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ theguyinaskirt
ലിംഗസമത്വത്തിന് പിന്തുണ നല്‍കി പരമ്പാരഗത സ്ത്രീ-പുരുഷ വസ്ത്ര രീതികളെ മാറ്റിയെഴുതുകയാണ് ഫാഷന്‍ ലോകം. ക്രോസ് ഡ്രസ്സിങ്ങാണ് ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ്. ഇത്തരത്തില്‍ സ്ത്രീ വേഷമായി അറിയപ്പെടുന്ന സ്‌കര്‍ട്ട് ധരിച്ച് മുംബൈ ലോക്കല്‍ ട്രെയിനിലൂടെ ക്യാറ്റ് വാക്ക് ചെയ്ത് കൈയടി നേടുകയാണ് ഡിജിറ്റല്‍ ക്രിയേറ്ററായ ശിവം ഭരദ്വാജ്.
ഇതിന്റെ വീഡിയോ ശിവം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'മുംബൈയിലെ ഏറ്റവും തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ ഇങ്ങനെ പോയി'' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
കറുപ്പ് നിറത്തിലുള്ള സ്‌കര്‍ട്ടും കറുപ്പ് ബൂട്ടും ധരിച്ച് മനോഹരമായാണ് ശിവം ട്രെയിനിനുള്ളിലൂടെ നടക്കുന്നത്. ഈ ക്യാറ്റ് വാക്ക് കണ്ട് മറ്റു യാത്രക്കാര്‍ അമ്പരപ്പോടെ നോക്കുന്നതും വീഡിയോയില്‍ കാണാം.
നേരത്തേയും ഇത്തരത്തിലുള്ള വീഡിയോകള്‍ ശിവം പോസ്റ്റ് ചെയ്തിരുന്നു. കറുപ്പ് നിറത്തിലുള്ള കുര്‍ത്തയ്‌ക്കൊപ്പം അതേ നിറത്തിലുള്ള സ്‌കര്‍ട്ട് ധരിച്ചും ലോക്കല്‍ ട്രെയിനില്‍ ക്യാറ്റ് വാക്ക് ചെയ്തിരുന്നു. മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യക്ക് മുന്നിലും ശിവം ഈ ക്യാറ്റ് വാക്ക് പരീക്ഷിച്ചിരുന്നു.
ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോകള്‍ കണ്ടത്. ആരേയും ഭയപ്പെടാതെയുള്ള, ഒന്നിനേയും കുറിച്ച് ആലോചിക്കാതേയുള്ള ഈ നടത്തത്തിന് നൂറ് മാര്‍ക്ക് നല്‍കണം എന്നാണ് ആളുകള്‍ ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ മനോഭാവമാണ് ഏറ്റവും മനോഹരം എന്നായിരുന്നു മറ്റൊരു കമന്റ്.
കുട്ടിക്കാലത്ത് അച്ഛനും അമ്മയും കാണാതെ ചെയ്തിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ലോകത്തിന് മുമ്പില്‍ ചെയ്യുന്നു എന്ന് നേരത്തെ ഒരു വീഡിയോയില്‍ ശിവം പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് പെണ്‍കുട്ടികളുടെ വസ്ത്രം ധരിക്കുന്നത് ഇഷ്ടമായിരുന്നു. അച്ഛനും അമ്മയും കാണാതെ സ്‌കര്‍ട്ട് ധരിച്ച് കണ്ണാടിയിലൂടെ നോക്കി ആസ്വദിക്കുന്നതായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ആരേയും പേടിയില്ലെന്നും തന്റെ സ്വത്വം എന്താണെന്ന് ലോകത്തോട് വിളിച്ചു പറയുകയാണെന്നും ശിവം പറയുന്നു. 'ദ ഗയ് ഇന്‍ സ്‌കര്‍ട്ട്' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ള ശിവത്തെ മുപ്പതിനായിരത്തോളം ആളുകളാണ് ഫോളോ ചെയ്യുന്നത്.
Content Highlights: man in skirt turns showstopper in mumbai local train gender neutral fashion
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..