ഹ്യൂമാൻസ് ഓഫ് ബോംബെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo: facebook/ humans of bombay
ട്രാന്‍സ് വ്യക്തികള്‍ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തം സ്വത്വത്തെ പരസ്യമാക്കുക എന്നതാണ്. മിക്കപ്പോഴും ഈ വെളിപ്പെടുത്തലുകളില്‍ കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും അവര്‍ക്ക് പരിഹാസവും ഒറ്റപ്പെടലും അനുഭവിക്കേണ്ടി വരും. അത്ര എളുപ്പമായിരിക്കില്ല സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കും പുരുഷനില്‍ നിന്ന് സ്ത്രീയിലേക്കുമുള്ള യാത്ര.
ഇത്തരത്തില്‍ സ്വന്തം സ്വത്വം തിരിച്ചറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ തന്നെ ചേര്‍ത്തുനിര്‍ത്തിയ അനുഭവം പങ്കുവെയ്ക്കുകയാണ് ഒരു ട്രാന്‍സ് വ്യക്തി. ഹ്യൂമാന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെചച് വീഡിയോയിലൂടെയാണ് ഇവര്‍ തന്റെ അനുഭവം വിവരിക്കുന്നത്.
പുരുഷനായി ജനിച്ച് തനിക്ക് സ്ത്രീയായി ജീവിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ അമ്മ ഒപ്പം നിന്നുവെന്നും അച്ഛന്‍ ഒറ്റപ്പെടുത്തിയെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. പത്തു വര്‍ഷത്തെ പിണക്കത്തിന് ശേഷം അച്ഛന്‍ തനിക്ക് ഒരു പൊട്ട് വാങ്ങിത്തന്നതിനെ കുറിച്ചും അവര്‍ വീഡിയോയില്‍ വിവരിക്കുന്നുണ്ട്.
'സ്‌കൂളില്‍ കൂട്ടുകാരായ ആണ്‍കുട്ടികള്‍ എന്നെ മോശം വാക്കുകള്‍ പറഞ്ഞ് നിരന്തരം പരിഹസിക്കുമായിരുന്നു. ഭയം കാരണം സ്‌കൂളിലെ അനുഭവം ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. എനിക്ക് 20 വയസ്സുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് അമ്മ പറഞ്ഞത് 'നീ നീയായി ജീവിക്കൂ' എന്നതാണ്. പക്ഷേ അച്ഛന്റെ പ്രതികരണം അങ്ങനെയായിരുന്നില്ല. പത്തു വര്‍ഷത്തോളം അദ്ദേഹം എന്നോട് മിണ്ടിയില്ല.
എന്നാല്‍ ഒരു ദിവസം അദ്ദേഹം ഒരു പൊട്ട് വാങ്ങിക്കൊണ്ടു വന്ന് എന്റെ നെറ്റിയില്‍ വെച്ചു. എന്നിട്ടു പറഞ്ഞു.' ഇത് നിനക്ക് നന്നായി ചേരുന്നുണ്ട്'. ആ നിമിഷം ഞാന്‍ കരഞ്ഞു. സ്‌നേഹിക്കപ്പെടുക എന്നതാണ് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.'-വീഡിയോയില്‍ വ്യക്തമാക്കുന്നു.
Content Highlights: life story of a transgender and support from family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..