കെവിൻ ഫോർഡ് | Photo: tiktok / kevin ford
മക്കള്‍ എങ്ങനെയാണ് മാതാപിതാക്കളോടുള്ള കടപ്പാട് പ്രകടിപ്പിക്കുക? ഒരു ആയുസ് മുഴുവന്‍ നീണ്ട അവരുടെ സ്നേഹത്തിന് ഒരിക്കലും വിലയിടാനാകില്ല. എന്നാല്‍ അവര്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങള്‍ മക്കള്‍ക്ക് സമ്മാനിക്കാനാകും. അത്തരത്തില്‍ അവിസ്മരണീയമായ ഒരു സമ്മാനമാണ ഒരു മകള്‍ അച്ഛനായി ഒരുക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
അമേരിക്കയിലെ ലാസ് വെഗാസ് സ്വദേശിയായ കെവിന് ഫോര്‍ഡും സെറീനയുമാണ് ഈ അച്ഛനും മകളും. ഒരു ലീവ് പോലും എടുക്കാതെ ബര്‍ഗര്‍ കിങ് എന്ന കമ്പനിയില്‍ 27 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത വ്യക്തിയാണ് കെവിന് ഫോര്‍ഡ്. കമ്പനിയിലെ കുക്കും കാഷ്യറുമാണ് കെവിന്. അദ്ദേഹത്തിന്റെ ഈ ആത്മാര്‍ത്ഥതയെ സഹപ്രവര്‍ത്തകര്‍ ആദരിക്കുകയും ചെയ്തു. ഒരു സിനിമാ ടിക്കറ്റും ഒരു സ്റ്റാര്‍ബക്ക് കപ്പും കുറച്ചു ചോക്ലേറ്റുകളും നല്‍കിയാണ് അവര്‍ കെവിനെ അഭിനന്ദിച്ചത്.
സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് തനിക്ക് കിട്ടിയ സമ്മാനങ്ങളുടെ ഒരു വീഡിയോയും 54-കാരനായ കെവിന് ചെയ്തു. എന്നാല്‍ മകള്‍ സെറീനയ്ക്ക് ഇതു സഹിക്കാന്‍ കഴിഞ്ഞില്ല. അച്ഛന് കുറച്ചുകൂടി വലിയ അംഗീകാരങ്ങള്‍ക്ക് അര്‍ഹനാണെന്ന് വ്യക്തമാക്കി കെവിന്റെ വീഡിയോ സെറീന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കില്‍ പങ്കുവെച്ചു.
'എന്റെ പേര് സെറീന. ഈ വീഡിയോയിലുള്ളത് എന്റെ അച്ഛനാണ്. ഒരു ലീവു പോലും എടുക്കാതെ അദ്ദേഹം ജോലി ചെയ്തത് നീണ്ട 27 വര്‍ഷമാണ്. ഇപ്പോഴും അതേ കമ്പനിയില്‍ ജോലി ചെയ്തുവരുന്നു. അദ്ദേഹത്തെ കാണാന്‍ ചെറുപ്പമാണെങ്കിലും വിരമിക്കാന്‍ പ്രായമായി വരികയാണ്. അദ്ദേഹം ആരുടേയും പണം ആഗ്രഹിക്കുന്നില്ല. പക്ഷേ ഇത്രയും വര്‍ഷത്തെ ആത്മാര്‍ഥ സേവനത്തിന് അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം കിട്ടിയില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ സഹായിക്കാം.' സെറീന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒപ്പം ഒരു ഫണ്ട് റൈസിങ് പരിപാടിയും സംഘടിപ്പിച്ചു. അമേരിക്കയിലെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ 'ഗോഫണ്ടമി' വഴിയായിരുന്നു ഫണ്ട് റൈസിങ്. ഇതുവഴി കെവിന്റെ ആത്മാതര്ഥതയെ ജനങ്ങള്‍ അംഗീകരിച്ചത് രണ്ട് കോടിയോളം രൂപ സമ്മാനമായി നല്‍കിയാണ്.
സെറീനയേയും ചേച്ചിയേയും ഒറ്റയ്ക്കുവളര്ത്തിയ കെവിന് മക്കളെ ദത്തെടുത്തതു മുതലാണ് ഈ ജോലി ചെയ്യാന്‍ തുടങ്ങിയത്. പിന്നീട് കെവിന് വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളുണ്ടാകുകയും ചെയ്തു. എന്നാല്‍ ബര്‍ഗര്‍ കിങ് കമ്പനി നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സിലെ പ്രത്യേകത അദ്ദേഹത്തെ അവിടെത്തന്നെ ജോലി തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
ജോലിത്തിരക്ക് മൂലം ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പേരക്കുട്ടികളേയും കെവിന് നാലു വര്‍ഷമായി കണ്ടിരുന്നില്ല. വീഡിയോ വൈറലായതോടെ എന്‍ബിസി ടുഡേ ചാനലിന്റെ അഭിമുഖത്തിനായി കെവിന് ന്യൂയോര്‍ക്കിലേക്ക് പറന്നു. അങ്ങനെ നാലു വര്‍ഷത്തിന് ശേഷം പേരക്കുട്ടികളേയും അദ്ദേഹം ആദ്യമായി കണ്ടു. ഫണ്ട് റൈസിങ്ങിലൂടെ കിട്ടിയ പണം ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഉപയോഗിക്കുമെന്നും പേരക്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കിവെയ്ക്കുമെന്നും കെവിന് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..