ചെറിയമങ്ങാട് സ്വദേശിനി വിനോദിനിയിൽനിന്ന് മൂന്നുസെന്റ് സ്ഥലത്തിന്റെ രേഖകൾ കൊയിലാണ്ടി സേവാഭാരതി ട്രഷറർ കല്യേരി മോഹനൻ ഏറ്റുവാങ്ങുന്നു
കൊയിലാണ്ടി: പ്‌ളാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയില്‍നിന്ന് മറ്റുള്ളവരുടെ കനിവുകൊണ്ട് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറിയപ്പോള്‍ തനിക്ക് കുടുംബസ്വത്തായി കിട്ടിയ ഭൂമി മറ്റൊരു കുടുംബത്തിന് വീടൊരുക്കാന്‍ നല്‍കി കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശിനി വിനോദിനി കാരുണ്യത്തിന്റെ മാതൃകയായി. ചെങ്ങോട്ടുകാവ് കവലാടുള്ള 14 സെന്റില്‍ നിന്നാണ് മൂന്നുസെന്റ് സ്ഥലം വിനോദിനി സൗജന്യമായി വിട്ടുനല്‍കിയത്.
തനിക്ക് വീട് നിര്‍മിച്ചുനല്‍കിയ സേവാഭാരതി മുഖാന്തരമാണ് വിനോദിനി, നട്ടെല്ല് തകര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലായ വലിയമങ്ങാട് സ്വദേശി രഘുവിനും കുടുംബത്തിനും വീടൊരുക്കാന്‍വേണ്ടി സ്ഥലംനല്‍കിയത്. ഇതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ചേമഞ്ചേരി സബ്ജിസ്ട്രാര്‍ ഓഫീസില്‍ നടന്നതായി സേവാഭാരതി കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി കെ.എം. രജി പറഞ്ഞു. വിനോദിനി സ്വമേധയാ സ്ഥലം വിട്ടുനല്‍കിയതാണെന്ന് അദ്ദേഹം പറഞ്ഞു.
വിനോദിനിയുടെ ഭര്‍ത്താവ് ഷണ്മുഖന് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ചെറിയൊരു ജോലിയുണ്ടായിരുന്നു. മുംബൈയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 2005-ല്‍ ഷണ്മുഖന്‍ മരിച്ചതോടെ ഇവരുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞു.
ഭര്‍ത്താവിന്റെ മരണത്തോടെ വിനോദിനിയും മകളും മുംബൈ വിട്ട് കൊയിലാണ്ടി ചെറിയമങ്ങാടുള്ള പഴയ വീട്ടിലേക്ക് വന്നു. മനസ്സിന്റെ സമനില തെറ്റിയ മകളുമായാണ് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയ്ക്ക് കീഴെ വിനോദിനിയും മകള്‍ പ്രിയങ്കയും താമസിച്ചത്.
വല്ലപ്പോഴും കിട്ടുന്ന വിധവാപെന്‍ഷന്‍ മാത്രമായിരുന്നു ഇവരുടെ ഏകാശ്രയം.
നാലുവര്‍ഷംമുമ്പ് ഇക്കാര്യം 'മാതൃഭൂമി'യില്‍ വാര്‍ത്തയായതോടെ കളക്ടറും മറ്റു സാമൂഹ്യസേവനസന്നദ്ധസംഘടനകളും വ്യക്തികളും ആ കുടുംബത്തെ രക്ഷിക്കാനിറങ്ങി. സേവാഭാരതി അടച്ചുറപ്പുളള വീട് പണിതുകൊടുത്തു.
ഇപ്പോള്‍ താന്‍ പിന്നിട്ടുപോന്ന വഴികള്‍ മറക്കാതെ മറ്റൊരാളുടെ സങ്കടങ്ങള്‍ക്ക് സാന്ത്വനമാവുകയാണവര്‍.
സേവാഭാരതിയുടെ സഹായത്തില്‍ തലചായ്ക്കാനൊരിടം കിട്ടിയതോടെ തിരിച്ചെന്തെങ്കിലും ചെയ്യണമെന്ന് വിനോദിനി ആഗ്രഹിച്ചു.
അങ്ങനെയാണ് മൂന്നുസെന്റ് സ്ഥലം സേവാഭാരതിക്ക് കൈമാറാന്‍ തയ്യാറായത്. രഘുവിനും കുടുംബത്തിനും തണലേകാന്‍ ഒരിടം കണ്ടെത്താനുളള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് വിനോദിനി മൂന്നുസെന്റ് സ്ഥലം സേവാഭാരതിക്ക് കൈമാറുന്നത്.
മത്സ്യത്തൊഴിലാളിയായിരുന്ന രഘു വീഴ്ചയെത്തുടര്‍ന്നാണ് നട്ടെല്ല് തകര്‍ന്ന് കിടപ്പിലായത്. വര്‍ഷങ്ങളായി മാറി മാറി വാടകവീട്ടിലാണ് രഘുവും കുടുംബവും താമസിക്കുന്നത്. ഭാര്യയും മൂന്നുപെണ്‍മക്കളുമുള്ള കുടുംബമാണ് രഘുവിന്റേത്.
Content highlights: kozhikode native vinodhini gave three cents of plot to build for poor family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..