മലാല യൂസഫ്സായ് ഓസ്‌കർ ചടങ്ങിനെത്തിയപ്പോൾ | Photo: AFP
ഓസ്‌കര്‍ വേദിയില്‍ ഫാഷനിലൂടേയും നിലപാടുകളിലൂടേയും തിളങ്ങി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്സായ്. റെഡ് കാര്‍പറ്റില്‍ താരങ്ങള്‍ക്കൊപ്പം ചുവടുവെച്ച മലാല തിളങ്ങുന്ന സില്‍വര്‍ ഗൗണ്‍ ധരിച്ചാണെത്തിയത്.
റാല്‍ഫ് ലോറന്റെ കളക്ഷനില്‍ നിന്നുള്ള ഗൗണിനൊപ്പം പ്ലാറ്റിനം കമ്മലും വജ്രവും മരതകവും ചേര്‍ന്ന മോതിരങ്ങളും മലാല അണിഞ്ഞു. ഭര്‍ത്താവ് അസ്സര്‍ മാലിക്കും അവര്‍ക്കൊപ്പം ഓസ്‌കര്‍ ചടങ്ങിനെത്തിയിരുന്നു.
ഇതിന് പിന്നാലെ മലാലയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഓസ്‌കര്‍ വേദിയില്‍ തമാശ കലര്‍ന്ന പരിഹാസ രൂപത്തില്‍ ചോദ്യം ചോദിച്ച അവതാരകന് മലാല കൃത്യമായി മറുപടി നല്‍കുന്നതാണ് വീഡിയോയിലുള്ളത്.
'സ്പിറ്റ്‌ഗേറ്റ് വിവാദ'വുമായി ബന്ധപ്പെട്ട ചോദ്യമാണ് അവതാരകന്‍ ജിമ്മി കിമ്മല്‍ മലാലയോട് ചോദിച്ചത്. 'മനുഷ്യാവകാശത്തിനും സ്ത്രീകളുടേയും കുട്ടികളുടേയും വിദ്യാഭ്യാസത്തിനുമായി പോരാടുന്ന നിങ്ങള്‍ ഒരു പ്രചോദനമാണ്. ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌കാര ജേതാവെന്ന നിലയില്‍ ക്രിസ് പൈനിന് നേരെ ഹാരി സ്റ്റൈല്‍സ് തുപ്പി എന്നു കരുതുന്നുണ്ടോ?' എന്നായിരുന്നു ജിമ്മിയുടെ ചോദ്യം.
'ഞാന്‍ സമാധാനത്തെ കുറിച്ച് മാത്രമേ സംസാരിക്കൂ' എന്നായിരുന്നു മലാല ഇതിന് മറുപടി നല്‍കിയത്. ഈ മറുപടി വേദിയിലുള്ളവരെല്ലാം കൈയടിയോടെ സ്വീകരിച്ചു. ഇതിന്റെ വീഡിയോ പിന്നീട് മലാല റീട്വീറ്റ് ചെയ്തു. 'ആളുകളോട് ദയാപൂര്‍വ്വം പെരുമാറുക' എന്നാണ് ഈ ട്വീറ്റിനൊപ്പം മലാല കുറിച്ചത്.
ഡോണ്ട് വറി ഡാര്‍ലിങ് എന്ന സിനിമയുടെ പ്രൊമോഷനിടെയാണ് ഹാരി സ്റ്റൈല്‍സ് ക്രിസ് പിന്നിന് മേല്‍ തുപ്പി എന്ന വിവാദമുണ്ടായത്. എന്നാല്‍ ഹാരി തുപ്പിയിട്ടില്ലെന്ന് വ്യക്തമാക്കി ക്രിസ് പിന്‍ പിന്നീട് രംഗത്തുവന്നിരുന്നു.
Content Highlights: jimmy kimmel asks a question at oscars 2023 malala yousafzais response is viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..