മാകോയും കൊമുറോയും, ഹാരിയും മേഗനും
ജപ്പാൻ രാജകുമാരി മാകോയുടെ വിവാഹ വാർത്തകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 2017ലാണ് മുൻസഹപാഠി കൂടിയായ കെയ് കൊമുറോയെ വിവാഹം കഴിക്കുന്ന വിവരം മാകോ പ്രഖ്യാപിച്ചത്. സാധാരണക്കാരനെ വിവാഹം കഴിക്കാൻ രാജകീയ പദവികൾ ഉപേക്ഷിച്ച മാകോയെ പ്രശംസിക്കുന്നവരും ഏറെയുണ്ട്. ജപ്പാനിലെ ഹാരിയും മേഗനും എന്നാണ് ഇപ്പോൾ ലോക മാധ്യമങ്ങൾ ഉൾപ്പെടെ പലരും മാകോയെയും കൊമുറോയെയും വിശേഷിപ്പിക്കുന്നത്.
'സൂര്യനെപ്പോൽ തിളങ്ങുന്ന പുഞ്ചിരിയോടെ കൊമുറോ തന്റെ ഹൃദയം കീഴടക്കി' എന്നാണ് മാകോ പറഞ്ഞിരുന്നത്. അഞ്ചുവർഷം മുമ്പ് യൂണിവേഴ്സിറ്റി പഠനകാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സാധാരണക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതോടെ മാകോ തന്റെ രാജകീയ പദവികളോടും വിട പറയുകയാണ്. ഇതോടെ ഇരുവരേയും ബ്രിട്ടനിൽ രാജകീയ പദവികളോട് വിടപറഞ്ഞ ഹാരി-മേഗൻ ദമ്പതികളുമായി താരതമ്യം ചെയ്യുകയാണ് പലരും. അഭിനേത്രി കൂടിയായ മേഗനെ ഹാരി രാജകുമാരൻ വിവാഹം കഴിക്കുന്നതിനോട് രാജകുടുംബത്തിന് എതിർപ്പുകളുണ്ടായിരുന്നു. എന്നാൽ അവ വകവെക്കാതെ ഹാരി മേഗനെ വിവാഹം കഴിക്കുകയും വൈകാതെ രാജകീയ പദവികൾ ഉപേക്ഷിക്കുകയുമായിരുന്നു.
പോണിടെയിൽ ഹെയർസ്റ്റൈലും കാഷ്വൽ ലുക്കുമുള്ള കൊമുറോ രാജകുമാരിയെ വിവാഹം കഴിക്കാൻ യോഗ്യനല്ലെന്നും പ്രചരിപ്പിച്ചവരുണ്ടായിരുന്നു. ഒടുവിൽ വിവാദങ്ങളോടെല്ലാം ഗുഡ്ബൈ പറഞ്ഞ് ഇരുവരും ഒന്നായിരിക്കുകയാണ്. വിവാഹദിനത്തിൽ പോണിടെയിൽ സ്റ്റൈൽ മാറ്റി മുടി വെട്ടിയാണ് കൊമുറോ എത്തിയത്. താൻ മാകോയെ അതിരില്ലാതെ സ്നേഹിക്കുന്നുവെന്നും ഇനിയുള്ള ജീവിതം സ്നേഹിക്കുന്നയാൾക്കൊപ്പം കഴിയാൻ തീരുമാനിച്ചുവെന്നും കൊമുറോ പറഞ്ഞു. മാക്കോ മാതാപിതാക്കളോടും സഹോദരിയോടും തങ്ങളുടെ വസതിയുടെ മുന്നില്‍നിന്ന് യാത്ര പറയുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
രാജകീയ വിവാഹത്തിലെ ആചാരങ്ങളൊന്നും പിന്തുടരാതെയാണ് മാകോ കൊമുറോയെ വിവാഹം കഴിച്ചത്. രാജകീയ കുടുംബത്തിലെ സ്ത്രീകൾ വിവാഹിതരാകുമ്പോൾ ലഭിക്കുന്ന 1.3 മില്യൺ ഡോളർ തുകയും മാകോ നിരസിച്ചിരുന്നു. ഇത്തരത്തിൽ രാജകുടുംബത്തിന്റെ ആചാരങ്ങൾ ലംഘിച്ച ആദ്യത്തെ വനിതയുമാണ് മോകോ. ഇതിനിടെ രാജകുടുംബത്തെ നിഷേധിച്ച് വിവാഹം കഴിച്ചവൾ എന്ന നിലയിൽ സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ മാകോ നേരിട്ടിരുന്നു. അമിത സമ്മർദത്തെത്തുടർന്ന് മാകോ മാനസിക ബുദ്ധിമുട്ട് നേരിടുന്നുവെന്നും വാർത്തകളുണ്ടായിരുന്നു.
അതിനിടെ കൊമുറോയുടെ അമ്മയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങൾ വിവാഹ വാർത്തകൾക്കിടെ ഉയർന്നുവന്നിരുന്നു. കൊമുറോയുടെ അമ്മയും മുൻപങ്കാളിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ കൊമുറോയും അമ്മയും അയാൾക്ക് ഭീമമായ തുക നൽകാൻ ബാധ്യസ്ഥരാണെന്നുമായിരുന്നു വാർത്ത വന്നിരുന്നത്. ഭാവിയിൽ കൊമുറോ സാമ്പത്തിക പ്രതിസന്ധിയിലായേക്കുമോ എന്നും പ്രചരിച്ചിരുന്നു. പക്ഷേ മാകോ ഇതിലൊന്നും പിന്മാറാൻ തയ്യാറായിരുന്നില്ല.
നിലവിലെ ഭരണാധികാരിയുടെ ഇളയ സഹോദരൻ അകിഷിനോ രാജകുമാരന്റെ ആദ്യപുത്രിയാണ് മുപ്പതുകാരിയായ മാകോ. രാജകീയ കുടുംബത്തിന്റെ ആചാരങ്ങൾ പിന്തുടർന്നിരുന്ന മാകോ രാജകുടുംബം വിദ്യാഭ്യാസം പൂർത്തിയാക്കാറുള്ള ഗാകുഷുയിൻ സ്കൂളിലാണ് പഠനം നടത്തിയത്. പക്ഷേ പിന്നീട് സർവകലാശാല പഠനത്തിനായി മാകോ ആചാരത്തെ മറികടക്കുകയായിരുന്നു.
ടോക്കിയോവിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ യൂണിവേഴ്സിറ്റിയിൽ ആർട്ട് ആൽഡ് കൾച്ചറൽ ഹെറിറ്റേജ് ആയിരുന്നു മാകോ പഠിച്ചത്. പിന്നീട് ലസിസ്റ്റർ സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്സ് നേടുകയും ചെയ്തു. മനോഹരമായ കാലം എന്നാണ് അക്കാലത്തെ മാകോ പിന്നീട് വിശേഷിപ്പിച്ചത്.
Content Highlights: Japan's Princess Mako who gave up royal status to marry


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..