ഇസ്മത്ത് തന്റെ കടയിൽ വസ്ത്രങ്ങളുമായി
അരൂര്‍: 'വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു' എന്ന് സങ്കല്പം... പക്ഷേ, പണം ഇല്ലാതെ വന്നാല്‍ പലപ്പോഴും ജീവിതത്തിലെ ആ അസുലഭ നിമിഷം പലര്‍ക്കും ആഗ്രഹങ്ങള്‍ മാത്രമാകും. കല്യാണം പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റേയും പ്രതീകമാകുമ്പോള്‍, അവ സ്വപ്നംകാണുന്ന സാധാരണക്കാര്‍ക്ക് വധുവിന്റെ വസ്ത്രം സൗജന്യമായി നല്‍കി താങ്ങാവുകയാണ് ഇസ്മത്ത്. ഒരിക്കല്‍ മാത്രം അണിഞ്ഞ് പുതുമോടി മങ്ങാത്ത വിവാഹവസ്ത്രങ്ങള്‍ സ്വരൂപിച്ച് അവ അര്‍ഹരായവരുടെ മാംഗല്യത്തിന് മാറ്റുകൂട്ടുമ്പോള്‍ ഇസ്മത്തിന്റെ ജീവിതം പുണ്യമാവുകയാണ്.
ഒരു വര്‍ഷത്തിനിടെ എഴുപതിനടുത്ത് മാംഗല്യങ്ങള്‍ക്ക് വിലകൂടിയ വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വടുതലയിലെ ഇസ്മത്ത്. അരൂക്കുറ്റിയിലെ കോട്ടൂര്‍ പള്ളിക്കവലയില്‍ ഒരുവര്‍ഷം മുന്‍പ് ആരംഭിച്ച 'ഇസ്സാറ ബോട്ടിക്' ഇന്ന് പണമില്ലാത്തവരുടെ വിവാഹവസ്ത്രക്കടയാണ്. തന്റെ വിവാഹത്തിന് പുടവ വാങ്ങുന്നതിനും മറ്റുമായി പിതാവിനെ സഹായിച്ചവരുടെ ഓര്‍മകൂടിയാണ് ഈ കടയുടെ പിറവിക്കു പിന്നിലെന്ന് ഇസ്മത്ത്. ഏത് മതസ്ഥരായാലും അവര്‍ പാവപ്പെട്ടവരാണെന്ന് ഉറപ്പായാല്‍ വിവാഹവസ്ത്രം ഇവിടെ സൗജന്യമാണ്.
കേരളത്തിലെ 14 ജില്ലകളിലും പ്രവര്‍ത്തിക്കുന്ന 'റെയിന്‍ബോ ഫ്രീ ബ്രൈഡല്‍' എന്ന കൂട്ടായ്മയിലെ അംഗമാണ് അരൂക്കുറ്റിയിലെ ഇസ്മത്തും. ഭര്‍ത്താവ് റിന്‍ഷാദ് ഇസ്മത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായുണ്ട്.
കണ്ണൂരില്‍ നിന്നാണ് ഈ നന്മയുടെ പാഠം ഇസ്മത്ത് പഠിച്ചത്. പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കുന്ന സബിത എന്ന നന്മമനസ്സിനെ ഇസ്മത്ത് വിളിക്കുന്നത് കുറച്ചുവസ്ത്രങ്ങള്‍ നല്‍കാനാണ്. അവിടെനിന്ന് ലഭിച്ച ഊര്‍ജം ഇപ്പോഴത്തെ തന്റെ ഈ കാരുണ്യപ്രവൃത്തിക്ക് പിന്നിലുണ്ടെന്ന് ഇസ്മത്ത് പറയും.
കടയിട്ടശേഷം തന്റെ പരിചയത്തിലുള്ളവരോട് കാര്യങ്ങള്‍ പറഞ്ഞു ഇസ്മത്ത്. ചിലര്‍ പുതുവസ്ത്രങ്ങള്‍ക്കുള്ള പണം നല്‍കി. മറ്റു ചിലരാകട്ടെ തങ്ങളുടെ വിവാഹവസ്ത്രങ്ങള്‍ ഈ നന്മയ്ക്കായി നല്‍കി. പതിയെ പതിയെ ഇക്കാര്യങ്ങള്‍ നാട്ടില്‍ പാട്ടായതോടെ വസ്ത്രങ്ങള്‍ നല്‍കുന്നവരുടെ എണ്ണവും ഏറി. അലക്കിത്തേച്ച് കിട്ടുന്ന, പുതുമോടി മാറാത്ത വസ്ത്രങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്നതിനാല്‍ ഇവിടെ വിവാഹവസ്ത്രം തേടിയെത്തുന്ന പാവങ്ങളും നിരാശരാവില്ല.
കാരണം, അത്രയ്ക്ക് മോടികൂട്ടും ഈ വസ്ത്രങ്ങള്‍ അവരുടെ വിവാഹ ജീവിതത്തില്‍. വരുന്നവര്‍ അര്‍ഹരെങ്കില്‍ അവര്‍ക്ക് സൗജന്യമായി മൈലാഞ്ചിയും അണിയിക്കും ഇസ്മത്ത്.
Content highlights: ismath will give wedding dress for free
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..