ഇർഫാൻ ഖാൻ മകൻ ബബിൽ ഖാനൊപ്പം/ സുതപ സിക്ദർ ഇർഫാൻ ഖാനൊപ്പം | Photo: facebook/ sutapa sikdar
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലം മുതല്‍ ഇര്‍ഫാന്‍ ഖാനൊപ്പം നടന്ന വ്യക്തിയാണ് സുതാപ സിക്തര്‍. അദ്ദേഹത്തിന്റെ ഉയര്‍ച്ച, താഴ്ച്ചകളില്‍ ഒരുപോലെ കൂടെയുണ്ടായിരുന്ന പങ്കാളി. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ഈ യാത്രക്കിടയില്‍ ഇര്‍ഫാന്‍ വഴിമാറി സഞ്ചരിച്ചു. ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് അദ്ദേഹം നടന്നുമറഞ്ഞതോടെ ഓര്‍മകള്‍ മാത്രമാണ് ഇപ്പോള്‍ സുതാപയ്ക്ക് കൂട്ടായുള്ളത്.
ആ ഓര്‍മകള്‍ ഫെയ്‌സ്ബുക്ക് കുറിപ്പുകളിലൂടെ ആരാധകരുമായി പങ്കുവെച്ചാണ് സുതാപ പലപ്പോഴും ആശ്വാസം കണ്ടെത്തുന്നത്. ഇത്തരത്തില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. മൂത്ത മകന്‍ ബബില്‍ ഖാന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഈ കുറിപ്പെഴുതിയത്. അതു ഇങ്ങനെയാണ്....
15 മെയ് 1998
ബോംബെ, എവര്‍ഷൈന്‍ നഗര്‍, മലാഡ് വെസ്റ്റ്
പൂര്‍ണ്ണ ഗര്‍ഭിണിയായ ഞാന്‍ മത്സ്യം വാങ്ങി തെരുവുകളില്‍ ധൈര്യത്തോടെ നടക്കുമായിരുന്നു. എപ്പോഴും മുല്ലപ്പൂ മുടിയില്‍ ചൂടുമായിരുന്നു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് എന്റെ ചുറ്റിലും സുഗന്ധം വേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ആശുപത്രിയിലേക്ക് പ്രസവത്തിനായി പോകുന്നതിന്റെ തലേന്നു രാത്രി ഏറെ വൈകിയാണ് എഴുത്തു ജോലികളെല്ലാം ചെയ്തുതീര്‍ത്തത്. പ്രസവ വേദന കുറയാനായി ഞാന്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സ്‌കൂളിലും പഠിച്ചകാലത്ത് അഭ്യസിച്ച യോഗയും മറ്റു വ്യായാമ മുറകളും ഓര്‍ത്തെടുത്തിരുന്നു. ഏതു സമയത്തും ഒരു കുഞ്ഞിനെ സ്വീകരിക്കാന്‍ മാനസികമായും ശാരീരികമായും തയ്യാറെടുത്തിരുന്നു. എപ്പോള്‍ വേണമെങ്കിലും കുഞ്ഞ് എന്റെ ഉള്ളില്‍ നിന്ന് പുറത്തേക്ക് വരുമെന്ന് ഞാന്‍ ഓരോ നിമിഷവും ചിന്തിച്ചു.
ഒരു നട്ടുച്ചയില്‍, ഒരിടി മുഴക്കം പോലെയാണ് നീ പിറന്നത്. ആ നിമിഷം ഞാനും നീയും ഒരുപോലെ കരഞ്ഞു. എന്റെ നട്ടെല്ല് തകരുന്നതു പോലെ എനിക്ക് തോന്നി. എന്റെ മാറിടം വേദനിച്ചു. ഇനി എനിക്ക് സമാധാനത്തോടെ ഉറങ്ങാനാകില്ലെന്ന് എല്ലാവരും എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ നീ ഞങ്ങളെ അദ്ഭുതപ്പെടുത്തി. അത് തെറ്റാണെന്ന് തെളിയിച്ചു. ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ബുദ്ധിമുട്ടുകള്‍ നീ മനസ്സിലാക്കിയിരുന്നു. നീ ഒന്നിനും വാശിപിടിച്ച് കരഞ്ഞില്ല.
നിന്റെ ഏറ്റവും നല്ല സുഹൃത്ത് നിന്നെ പരിചരിക്കുന്ന ആളുടെ മകനായിരുന്നു. എല്ലാ അവധിക്കാലത്തും നിന്നെ ഞങ്ങള്‍ കാടു കാണിക്കാന്‍ കൊണ്ടുപോയി. നിനക്ക് മടുപ്പ് തോന്നുമോ എന്ന് ഞങ്ങള്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ നീ ഞങ്ങളെ അദ്ഭുതപ്പെടുത്തികൊണ്ടേയിരുന്നു. നീ വരുന്നതിന് മുമ്പ് രക്ഷാകര്‍തൃത്വം ഏറ്റെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ജോലിയായാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ നീ ഞങ്ങളുടെ ചിന്തകളെ മാറ്റിമറിച്ചു. ഞങ്ങളുടെ ജീവിതം കൂടുതല്‍ അനായാസമാക്കി. ഈ 24-ാമത്തെ ജന്മദിനത്തില്‍ നിനക്ക് എങ്ങനെയാണ് ആശംസ നേരേണ്ടന്ന് എന്ന് എനിക്കറിയില്ല.
നിന്നെ ആദ്യമായി കണ്ടപ്പോള്‍, കൈയിലെടുത്തപ്പോള്‍ ഇര്‍ഫാന്റെ മുഖത്തുണ്ടായ പുഞ്ചിരി എനിക്ക് ഒരിക്കലും മറക്കാനാകില്ല. അത് എന്റെ മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട്. ആ സമയത്ത് നഴ്‌സുമാര്‍ മാലാഖമാരായി മാറി. ആശുപത്രി മുറിയിലെ കര്‍ട്ടനുകള്‍ കാറ്റില്‍ നൃത്തം ചെയ്തു. നിന്റെ ജനനം എല്ലാവരും ആഘോഷിക്കുകയായിരുന്നു. എന്നാല്‍ ഇര്‍ഫാന്റെ മുഖത്തുണ്ടായിരുന്ന ആ ചിരിയായിരുന്നു അതിനേക്കാളെല്ലാം മനോഹരം. ഹൃദയം നിറഞ്ഞുനില്‍ക്കുന്ന നേരങ്ങളില്‍ മാത്രമാണ് മനുഷ്യര്‍ അങ്ങനെ ചിരിക്കുന്നത്.
നിന്നെപ്പോലെ ഒരു മകനെ ലഭിച്ചതില്‍ ഞാന്‍ സന്തോഷവതിയാണ്. ഓരോ ദിവസവും നീ എനിക്ക് സന്തോഷം നല്‍കുന്നുണ്ട്. നീ കൂടെയുള്ളപ്പോള്‍ നക്ഷത്രങ്ങളും മഴവില്ലും എന്റെ തൊട്ടടുത്താണെന്ന് എനിക്കുതോന്നും. നീ എപ്പോഴും എനിക്കൊപ്പം ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്. ഒന്നു വീണാല്‍ കൈപിടിക്കാന്‍, സങ്കടം വരുമ്പോള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ നീ ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.
Content Highlights: irrfan khans wife sutapa sikdar memories
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..