അച്ഛന്റെ ശവസംസ്കാര ചടങ്ങിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ജെയ്ൻ റിവേര
അച്ഛന്റെ ശവസംസ്കാര ചടങ്ങിൽ നിന്നുള്ള ചിത്രം പങ്കുവച്ചതിന്റെ പേരിൽ സമൂഹമാധ്യമത്തിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് ഒരു മോഡൽ. ചടങ്ങിൽ കക്ഷി ധരിച്ച വസ്ത്രം അനുചിതമായെന്നും മോഡലിങ് ചെയ്യുന്നതുപോലെ പോസ് ചെയ്തത് ശരിയായില്ലെന്നും പറഞ്ഞാണ് മോഡലിനെതിരെ വിമർശനം ഉയരുന്നത്. ഫ്ളോറിഡ സ്വദേശിയായ ജെയ്ൻ റിവേര എന്ന ഇരുപതുകാരിയാണ് ട്രോൾ കൊണ്ട് പൊറുതിമുട്ടി ഒടുവിൽ സമൂഹമാധ്യമ അക്കൗണ്ടും പൂട്ടിയത്.
അച്ഛന്റെ മൃതശരീരത്തിന് അരികെ നിന്നുള്ള ജെയ്ന്റെ ചിത്രങ്ങളാണ് വൈറലായത്. കറുത്ത നിറത്തിലുള്ള ബ്ലേസർ ധരിച്ചാണ് താരം നിൽക്കുന്നത്. എന്നാൽ ജെയ്ന്റെ നിൽപ് കണ്ടാൽ ഫോട്ടോഷൂട്ട് ആണെന്നേ തോന്നൂ എന്നാണ് വിമർശകർ കണ്ടെത്തിയത്. മരണവീട്ടിലെ മര്യാദയെക്കുറിച്ച് സ്വന്തം മകൾപോലും മറന്നു എന്ന് മറ്റുചിലർ കമന്റ് ചെയ്തു. മരിച്ചു കിടക്കുന്ന അച്ഛനരികെ ചിരിയോടെ നിന്ന് പോസ് ചെയ്തതും ചിലരെ ചൊടിപ്പിച്ചു. വൈകാതെ ചിത്രങ്ങൾ വൈറലാവുകയും ജെയ്നിനെതിരെ ക്രൂരമായ ട്രോളുകൾ ഉയരുകയും ചെയ്തു.
പിന്നാലെ വിശദീകരണവുമായി ജെയ്ൻ തന്നെ രംഗത്തെത്തി. നല്ല ഉദ്ദേശത്തോടെ മാത്രം പകർത്തിയ ചിത്രങ്ങളായിരുന്നു അവയെന്ന് ജെയ്ൻ പറഞ്ഞു. ഓരോരുത്തരും തങ്ങൾക്ക് സംഭവിച്ച നഷ്ടങ്ങളെ വ്യത്യസ്ത രീതിയിലായിരിക്കും അവതരിപ്പിക്കാൻ ആഗ്രഹിക്കുക എന്നും തന്റെ അച്ഛനെ സന്തോഷത്തോടെ യാത്രയാക്കുകയാണ് താൻ ചെയ്തതെന്നും ജെയ്ൻ പറഞ്ഞു.
ചിലർ വളരെ പരമ്പരാഗതമായി ചിന്തിക്കുന്നത് കൊണ്ടാണ് അതിൽ പ്രശ്നം തോന്നുന്നതെന്നും അച്ഛൻ തനിക്കൊപ്പം ഉണ്ടെങ്കിൽ ആ നിമിഷം എങ്ങനെയായിരിക്കും ആഘോഷിക്കുക അതു തന്നെയേ ആ ചിത്രം പകർത്തുമ്പോഴും താൻ ഉദ്ദേശിച്ചിരുന്നുള്ളു എന്നും ജെയ്ൻ പറഞ്ഞു.
എന്നാൽ വിശദീകരണം പുറത്തുവന്നതിനു പിന്നാലെയും ജെയ്നിനെ ട്രോളുന്നതിൽ കുറവുണ്ടായില്ല. ഇതിനു പിന്നാലെയാണ് ജെയ്ൻ സമൂഹമാധ്യമത്തിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.
അതിനിടെ അച്ഛനെ നഷ്ടപ്പെട്ട മകളുടെ വിഷമം എത്രയുണ്ടാകുമെന്ന് ഊഹിക്കാമെന്നും അത്തരമൊരു സാഹചര്യത്തെ പോസിറ്റീവായി അതിജീവിക്കുന്ന ജെയ്നിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും പറഞ്ഞ് അനുകൂലിക്കുന്നവരുമുണ്ട്.
Content Highlights: Instagram Model Slammed For Photoshoot At Father's Funeral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..