ഡോ. ലിൻസി കുടുംബത്തോടൊപ്പം
കഷ്ടപ്പാടും ഇല്ലായ്മയും ഊതിക്കാച്ചിയ ജീവിതത്തിൽ പൊന്നിൻതിളക്കവുമായി ഡോ. ലിൻസിയുടെ ഒന്നാംറാങ്ക്. ആരോഗ്യ സർവകലാശാല ആയുർവേദ പി.ജി. (എം.എസ്.-ശാലാക്യവിഭാഗം) പരീക്ഷയിലാണ് ഉള്ളിയേരി കന്നൂർ സ്വദേശിയായ ഡോ. ലിൻസിയുടെ അഭിമാനകരമായ നേട്ടം.
ബി.എ.എം.എസ്. പഠനം പൂർത്തിയാക്കിയ 2013-ൽത്തന്നെ തുടർപഠനത്തിനു ചേരണമെന്നായിരുന്നു ലിൻസിയുടെ മോഹം. പക്ഷേ, തന്നെയും ഇളയ രണ്ടുസഹോദരങ്ങളെയും പഠിപ്പിക്കാനായി രാപകൽ കഷ്ടപ്പെടുന്ന അച്ഛനുമമ്മയ്ക്കും ഒരുകൈ സഹായംനൽകാനായിരുന്നു അന്നവൾ തീരുമാനിച്ചത്. പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജിൽ മെറിറ്റ് സീറ്റിൽ ഫീസിളവ് ലഭിച്ചിരുന്നുവെങ്കിലും പഠനാവശ്യത്തിനായെടുത്ത വായ്പയും അടച്ചുതീർക്കണമായിരുന്നു. തൃശ്ശൂർ കൂർക്കഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ ഡോക്ടറായി ജോലിയിൽ കയറിയതോടെ അച്ഛൻ ചാലിൽമീത്തൽ ശിവനും അമ്മ ലീലയ്ക്കും ഒന്നാശ്വസിക്കാമെന്നായി. ബി.ടെക്. വിദ്യാർഥികളായിരുന്ന സഹോദരങ്ങളുടെ പഠനം പൂർത്തിയായപ്പോൾ വീണ്ടും പഠനവഴിയിലേക്ക് തിരിഞ്ഞ ഡോക്ടർ തൃപ്പുണിത്തുറ ഗവ. ആയുർവേദ മെഡിക്കൽകോളേജിലാണ് എം.എസിനു പ്രവേശനം നേടിയത്.
പാലോറ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് മികച്ച മാർക്കോടെ പ്ലസ്ടു പൂർത്തിയാക്കിയ ലിൻസി ഡോക്ടറാവണമെന്നത് അച്ഛന്റെ സ്വപ്നമായിരുന്നു. അഞ്ചുവയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ശിവൻ താനടങ്ങുന്ന അഞ്ചുപേരുടെ വയറിലെ തീയണയ്ക്കാനായി കുഞ്ഞുന്നാളിലേ അമ്മ വെള്ളായിക്കൊപ്പം പണിക്കുപോയിത്തുടങ്ങിയതാണ്. കണയങ്കോട് പുഴയിൽ മീൻപിടിച്ചും ചകിരി പെറുക്കിക്കൂട്ടിയും അമ്മയ്ക്ക് താങ്ങായി നടന്ന കാലത്ത് സ്‌കൂൾ ശിവന്റെ ദൂരത്തുനിന്നുള്ള കാഴ്ചമാത്രമായി. അമ്മയിൽനിന്ന് ആദ്യക്ഷരം പഠിച്ച് പത്രവായനയിലൂടെ വാക്കുകളും വാചകങ്ങളും സ്വന്തമാക്കിയ ശിവനിന്ന് സ്കൂൾവിദ്യാഭ്യാസം കിട്ടിയ മറ്റാരേയുംപോലെ എഴുതാനുംവായിക്കാനുമറിയാം. തനിക്ക് കിട്ടാതെപോയത് മക്കളിലൂടെ നേടിയെടുത്ത ആ അച്ഛനിന്ന് ഏറെ സംതൃപ്തനാണ്. ലിൻസിയുടെ ഇളയവളായ രഞ്ജിതയ്ക്ക് സർക്കാർജോലി ലഭിച്ചിട്ട് മാസങ്ങളായേയുള്ളൂ. അനിയൻ ശ്രീരാഗ് ബെംഗളൂരുവിലെ കമ്പനിയിൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം എൻജിനിയറാണ്.
നൂഞ്ഞിലക്കുന്ന് പട്ടികജാതി കോളനിയിലെ ആറുസെന്റിൽ വർഷങ്ങൾക്കുമുൻപ് സർക്കാർസഹായത്തോടെ പണിത ചെറുതെങ്കിലും സുന്ദരമായ വീട്ടിലിന്ന് നിറചിരിയാണ്; സ്വപ്നങ്ങളെത്തിപ്പിടിക്കാൻ ഈ കുടുംബം ഉള്ളിലൊതുക്കിയ വേദനകളെയെല്ലാം മായ്ച്ചുകളയുന്ന നിറകൺ ചിരി.
Content Highlights: inspiring women, inspiring life, first rank in ayurveda pg, dr lincy first rank
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..