മുടിവെട്ടി നൽകുന്ന ഷൈലമ്മ
ആലപ്പുഴ: കൈനകരി കുട്ടമംഗലം ചെറുകായിൽച്ചിറയിൽ കെ. ഷൈലമ്മ വരുമാനമില്ലാതെ വന്നപ്പോൾ അറിയുന്ന കാര്യം കൈമുതലാക്കി. അതു പിന്നീട് വീട്ടിലെ ബാർബർ ഷോപ്പായി മാറി. സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും മുടിവെട്ടാൻ ഷൈലമ്മ മിടുക്കിയാണ്.
നാട്ടുമ്പുറത്തെ ഒരു സ്ത്രീ ചുറുചുറുക്കോടെ പുരുഷന്മാരുടെ മുടിവെട്ടാൻ ഇറങ്ങിത്തിരിക്കുമ്പോൾ പ്രതിസന്ധികൾ പലതുമുണ്ടാകും. പക്ഷേ, ഉപജീവനമാർഗം കണ്ടെത്താൻ തിരഞ്ഞെടുത്ത വഴിക്കു വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം ലഭിച്ചപ്പോൾ അതെല്ലാം മറികടന്നു. വീട്ടിൽ ഒരു കൊച്ചു സലൂണുണ്ട്. ‘ഹെവൻ’.
കുടുംബശ്രീയംഗമായ ഷൈലമ്മ ആറുമാസം മുൻപാണ് റീബിൽഡ് കേരള ഇനിേഷ്യറ്റീവ്-എട്രപ്രണർഷിപ്പ് ഡെവലപ്‌ന്റ് പ്രോഗ്രാമി (ആർ.കെ.ഐ. ഇ.ഡി.പി.)ന്റെ ഭാഗമായി സലൂൺ തുടങ്ങിയത്. അംഗങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചപ്പോൾതന്നെ മനസ്സിൽ വന്നത് ഒരു സലൂൺ ആരംഭിക്കാമെന്ന ആശയമായിരുന്നെന്നു ഷൈലമ്മ പറയുന്നു. അങ്കണവാടി ഹെൽപ്പർ കൂടിയാണ് ഷൈലമ്മ.
ബ്യൂട്ടീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ഷൈലമ്മ വീട്ടിൽ ചെറിയ രീതിയിൽ ബ്യൂട്ടീഷ്യനായി പ്രവർത്തിച്ചിരുന്നു. യൂട്യൂബിലൂടെയും പുതിയ ട്രെൻഡുകൾ കണ്ടുപഠിച്ചു. ഹെയർ-സ്കിൻ-ലെഗ് കെയർ, ബ്രൈഡൽ കെയർ, ഹെയർ കട്ടിങ്, ഫേഷ്യൽ, മസാജ് ട്രീറ്റ്മെന്റ്, നെയിൽ ആർട്ട്, മെയ്ക്കപ്പ് തുടങ്ങിയവയെല്ലാം കൈപ്പിടിയിലായി. അങ്കണവാടിയിലെ ജോലി കഴിഞ്ഞു മടങ്ങി വന്നശേഷം വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമാണു സേവനം.
കോവിഡ് കാലത്ത് ബാർബർ ഷോപ്പിൽ പോകാൻ ബുദ്ധിമുട്ടിയതോടെയാണ് മകൻ ആഷിക്കിന്റെ മുടിവെട്ടി നൽകിയത്. ഇളയ മകൻ അതുലിന്റെയും ഭർത്താവ് പാപ്പച്ചന്റെയും മുടി വെട്ടിക്കൊടുത്തതോടെ കേട്ടറിഞ്ഞ് അത്യാവശ്യക്കാർ എത്തിത്തുടങ്ങി. വലിയ സൗകര്യങ്ങളുള്ള ബാർബർഷോപ്പിലെത്തണമെങ്കിൽ ഇവിടെനിന്നു ബോട്ടുകടന്നു അക്കരെ എത്തണം. അതിനാൽ കോവിഡ് കാലത്ത് ഷൈലമ്മയ്ക്ക് ഇതൊരു വരുമാനമാർഗംകൂടിയായി മാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..