
ഫോട്ടോ- അജേഷ് ഇടവെട്ടി
വീല്‍ചെയറിലിരുന്ന് തൊടുപുഴക്കാരി പൊന്നമ്മ മെനഞ്ഞെടുക്കുന്ന കടലാസ് സഞ്ചികള്‍ക്ക് ഒരു അതിജീവനത്തിന്റെ കഥപറയാനുണ്ട്.
കാലുകള്‍ തളര്‍ത്തിക്കളഞ്ഞ പോളിയോരോഗത്തോടും വിധി തളര്‍ത്താന്‍ ശ്രമിച്ച ജീവിതത്തോടും പൊരുതി നിവര്ന്നുനില്ക്കുന്ന ഒരു സ്ത്രീയുടെ ജീവിതകഥ. ലോകത്തിന് പ്ലാസ്റ്റിക് ആപത്താകുന്ന കാലഘട്ടത്തില്‍ അതിനെതിരേയുള്ള പോരാട്ടംകൂടിയാണ് ഇവരുടെ കടലാസ് സഞ്ചി നിര്‍മാണം. പ്ലാസ്റ്റിക് നിരോധനം വന്നതോടെ ഇതിന് ആവശ്യക്കാരേറെയാണ്.
പൈങ്കുളം തോട്ടുങ്കല്‍ വീട്ടില്‍ പൊന്നമ്മയ്ക്ക് പ്രായം 72 ആയി. ചെറുപ്പത്തില്‍തന്നെ പോളിയോ ബാധിച്ച് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. ഭര്‍ത്താവ് സുധാകരനും മകനും വളരെ നേരത്തേതന്നെ മരിച്ചുപോയി. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയെങ്കിലും വിധിയോട് തോല്ക്കാന് പൊന്നമ്മ തയ്യാറായില്ല. ആദ്യം ബീഡിതെറുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയി.
ഇതിനിടെ പഞ്ചായത്തില്‍നിന്ന് ചെറിയൊരു വീടുവച്ചു നല്കി. ഇതിനിടെ പാലിയേറ്റിവ് കെയറിന്റെ പരിപാടികള്‍ക്ക് പോയി തുടങ്ങിയതോടെയാണ് കടലാസ് സഞ്ചി നിര്‍മാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവരുടെ നേതൃത്വത്തില്‍നടന്ന പരിശീലന കളരിയില്‍ സഞ്ചി നിര്‍മിക്കാന്‍ പഠിച്ചു. പിന്നീട് അതൊരു തൊഴിലാക്കി. വീല്‍ചെയറിലിരുന്നുള്ള സഞ്ചി നിര്‍മാണം ശ്രമകരമാണെങ്കിലും ഇപ്പോഴത് ശീലമായെന്ന് പൊന്നമ്മ പറയുന്നു.
അറിയുന്നവര്‍ കൂട് നിര്‍മാണത്തിനുള്ള പേപ്പറുകള്‍ പൊന്നമ്മയുടെ വീട്ടിലെത്തിച്ചുനല്‍കും. പേപ്പറില്‍ മൈദകൊണ്ടുള്ള പശയൊട്ടിച്ചാണ് നിര്‍മാണം. പത്ത്, അഞ്ച് കിലോഗ്രാംവീതം ഭാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയാണ് കൂടുകള്‍. ഇതിന് കിലോയ്ക്ക് 30രൂപ മാത്രമാണ് ഈടാക്കുന്നത്.
പ്ലാസ്റ്റിക് കൂടുകള്‍ക്ക് ഇതിലും കൂടുതല്‍ വില വേണ്ടിവരുമെന്നും പൊന്നമ്മ ഓര്‍മിപ്പിക്കുന്നു. കൂട് ആവശ്യമുള്ളവര്‍ പൊന്നമ്മയെ തേടിയെത്തും അല്ലെങ്കില്‍ ഓട്ടോറിക്ഷയില്‍ തൊടുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും കടകളില്‍ കൂട് എത്തിച്ചുനല്‍കും.
ഈ കടലാസ് കൂടുകളിലൂടെ ചെറിയൊരു ശതമാനം പ്ലാസ്റ്റിക്കെങ്കിലും കുറയ്ക്കാന്‍ സാധിച്ചാല്‍ അത് തന്റെ വലിയ വിജയമാണെന്ന് പൊന്നമ്മ പറയുന്നു.
തൊടുപുഴയില്‍ നടക്കുന്ന പാലിയേറ്റീവ് വിഭാഗത്തിന്റെ പരിപാടികളിലും തന്റെ കടലാസ് സഞ്ചിയുമായി പൊന്നമ്മയുണ്ടാകും. താത്പര്യമുള്ളവരെ പഠിപ്പിക്കാനും റെഡി. വീടിനുസമീപത്ത് താമസിക്കുന്ന സഹോദരി ഓമനയും മക്കളും പൊന്നമ്മയെ സഹായിക്കാന്‍ ഒപ്പമുണ്ട്. ഫോണ്‍: 9947234634.
Content Highlights: Inspirational Life Story, Paper Bags
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..