ആലീസ് വീട്ടിലെത്തുന്നു/ ഇന്നസെന്റും ഭാര്യ ആലീസും | Photo: mathrubhumi news/ comyan
ഇന്നസെന്റില്ലാത്ത 'പാര്‍പ്പിട'ത്തിലേക്ക് ആദ്യമായി എത്തിയപ്പോള്‍ ഭാര്യ ആലീസിന് കരച്ചില്‍ നിയന്ത്രിക്കാനായില്ല. പ്രിയപ്പെട്ടവന്റെ വിയോഗം താങ്ങാനാകാതെ നെഞ്ച് പൊട്ടിക്കരഞ്ഞാണ് ആലീസ് വീട്ടിലെത്തിയത്. ഇതിന്റെ വീഡിയോ കാഴ്ച്ചക്കാരുടേയും കണ്ണ് നനയിക്കും.
47 വര്‍ഷം ഇന്നസെന്റിന്റെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പംനിന്ന നല്ല പാതിയാണ് ആലീസ്. ഇരുവരുടേയും പ്രണയ വിവാഹം ഒന്നുമായിരുന്നില്ല. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തിന് ശേഷം ഇരുവരും പ്രണയിക്കാന്‍ തുടങ്ങുകയായിരുന്നു. ആറു രൂപയുടെ റോയല്‍ ജാസ്മിന്‍ സെന്റാണ് ആലീസിന് ഇന്നസെന്റ് ആദ്യമായി നല്‍കിയ സമ്മാനം. തന്നേക്കാള്‍ നര്‍മ ബോധമുള്ള വ്യക്തിയാണ് ആലീസെന്ന് പല അഭിമുഖങ്ങളിലും ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്.
ആലീസിന്റെ പല തമാശകളും വീട്ടിലുണ്ടാകുന്ന രസകരമായ സംഭവങ്ങളും ഇന്നസെന്റ് സുഹൃത്തുക്കളോട് പങ്കുവെയ്ക്കുമായിരുന്നു. ഇന്നസെന്റിന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ 'ആലീസ് പറഞ്ഞതുപോലെ' എന്നൊരു തമാശ പോലുമുണ്ട്.
കാന്‍സറില്‍ നിന്ന് ഇന്നസെന്റ് തിരിച്ചുവന്നപ്പോഴേക്കും ആലീസിനേയും കാന്‍സര്‍ കീഴടക്കിയിരുന്നു. തനിക്ക് അസുഖം വന്നതിനേക്കാള്‍ ഭാര്യയ്ക്ക് രോഗം ബാധിച്ചതാണ് ഇന്നസെന്റിനെ തളര്‍ത്തിയത്. പരസ്പരം താങ്ങും തണലുമായി ജീവിതത്തില്‍ സന്തോഷം മാത്രം നിറച്ച് ഇരുവരും കാന്‍സറിനെ തോല്‍പ്പിച്ചു. എന്നാല്‍ മരണത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. ഇന്നസെന്റിന്റെ ചിരിയുടെ അലയൊലികള്‍ മുഴുങ്ങുന്ന വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇനിയൊരിക്കലും അനുഗമിക്കാന്‍ ഇന്നസെന്റില്ല എന്ന സങ്കടം മാത്രം ആലീസിന് ബാക്കി.
Content Highlights: innocent wife alice heart touching video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..