കാതറിൻ ജേക്കബ്‌സ്‌ഡോട്ടിർ
റെയ്കജാവിക്: ഐസ്‌ലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റിലും വിജയം നേടി സ്ത്രീകൾ. 67 അംഗ പാർലമെന്റിൽ 33 എണ്ണത്തിലും വനിതാ സ്ഥാനാർഥികളാണ് വിജയിച്ചത്. യൂറോപ്പിലെ ആദ്യ സ്ത്രീ ഭൂരിപക്ഷ പാർലമെന്റാണിത്. 2017-ലെ ഒമ്പത് വനിതാ പാർലമെൻറ് അംഗങ്ങളുടെ സ്ഥാനത്താണിത്. പാർലമെന്റിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകണമെന്ന നിയമമൊന്നുമില്ലെന്നിരിക്കെയാണ് ഐസ്‌ലൻഡ് ചരിത്രം കുറിച്ചത്.
ഞായറാഴ്ച നടന്ന വോട്ടെണ്ണലിൽ പ്രധാനമന്ത്രി കാതറിൻ ജേക്കബ്സ്ഡോട്ടിറിന്റെ നേതൃത്വത്തിലുള്ള ഭരണമുന്നണിക്കാണ് മുൻതൂക്കം. മൂന്നിലൊന്ന് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 37 സീറ്റുകൾ സഖ്യം നേടി.
എന്നാൽ, ജേക്കബ്സ്ഡോട്ടിറിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ കെടുത്തുന്നതാണ് വിജയം. സഖ്യം ഭൂരിപക്ഷം നേടിയെങ്കിലും ജേക്കബ്സ്ഡോട്ടിറിന്റെ ലെഫ്റ്റ് ഗ്രീൻ മൂവ്‌മെന്റ് പാർട്ടിക്ക് എട്ടു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സഖ്യകക്ഷികളായ ഇൻഡിപെൻഡൻസ് പാർട്ടിക്ക് 16-ഉം പ്രോഗ്രസീവ് പാർട്ടിക്ക് 13-ഉം സീറ്റുകൾ ലഭിച്ചു.
അധികാരം പങ്കിടുന്നത് തുടരാൻ തയ്യാറാണോയെന്ന് സഖ്യകക്ഷികൾ വ്യക്തമാക്കിയിട്ടില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഇൻഡിപെൻഡൻസ് പാർട്ടിയുടെ നേതാവും മുൻ പ്രധാനമന്ത്രിയുമായ ബിയാനി ബെനഡിക്റ്റ്സൺ പദവിയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളും തെളിയുന്നുണ്ട്.
45-കാരിയായ ജേക്കബ്സ്ഡോട്ടിർ, പുരോഗമനപരമായ നികുതിസന്പ്രദായം, കോവിഡ് പ്രതിരോധനടപടികൾ എന്നിവയിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 3.7 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 33 കോവിഡ് മരണങ്ങൾമാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
സ്ത്രീ പാർലമെന്റുകൾ
ഐസ്‌ലൻഡിനു പുറമേ പാർലമെന്റിൽ സ്ത്രീ ഭൂരിപക്ഷമുള്ള അഞ്ചു രാജ്യങ്ങളാണുള്ളത്. 61.3 ശതമാനം സ്ത്രീ സാന്നിധ്യമുള്ള റുവാൺഡയാണ് ഒന്നാമത്. ക്യൂബ (53.4 ശതമാനം), നിക്കരാഗ്വ (50.6 ശതമാനം), 50 ശതമാനം സ്ത്രീപ്രാതിനിധ്യമുള്ള മെക്സിക്കോ, യു.എ.ഇ. എന്നിവയാണ് മറ്റു രാജ്യങ്ങൾ.
Content Highlights: Iceland elects its first female-majority parliament
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..