വീഡിയോയിൽ നിന്ന്
അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്റെ കൈകളിലായതോടെ നിരവധി മനുഷ്യാവകാശ പ്രശ്നങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കുന്നതു മുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വരെ തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണ്. ദീർഘനാളത്തേക്ക് അടച്ചിടപ്പെട്ട സ്കൂളുകൾ ഒടുവിൽ തുറക്കാൻ അനുമതി നൽകിയപ്പോഴും അധ്യാപകർക്കും മിഡിൽ-ഹൈസ്കൂൾ തലത്തിലുള്ള ആൺകുട്ടികൾക്കും മാത്രമാണ് പ്രവേശനാനുമതി ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പെൺകുട്ടികൾക്കും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ഉയരുകയാണ്.
ഒരുമാസത്തിനു ശേഷമാണ് കാബൂളിലെ സ്കൂളുകൾ തുറക്കാൻ തീരുമാനമായത്. സ്ഥലത്തെ മദ്രസ്സകളും പൊതു-സ്വകാര്യ സ്കൂളുകളും മറ്റു് അക്കാദമിക് സ്ഥാപനങ്ങളും തുറക്കാനുള്ള നടപടികൾ ആരംഭിക്കണമെവന്നാവശ്യപ്പെട്ട് താലിബാൻ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. പെൺകുട്ടികളുടെ പ്രവേശനത്തെക്കുറിച്ച് പ്രതിപാദിക്കാതെ പുറത്തിറക്കിയ പത്രക്കുറിപ്പിനു പിന്നാലെ പ്രതിഷേധങ്ങൾ ശക്തമാവുകയായിരുന്നു. പെൺകുട്ടികൾക്കും പ്രവേശനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ആൺകുട്ടികളും പെൺകുട്ടികളും വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചു. അഫ്ഗാൻ മാധ്യമപ്രവർത്തകനായ ബിലാൽ സർവാരിയും അത്തരത്തിലൊരു വീഡിയോ പങ്കുവെച്ചു.
അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളും സ്ത്രീകളും വിദ്യാസമ്പന്നരായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശക്തമായൊരു പ്രസംഗം നടത്തുന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരമാണിതെന്നും ദൈവം തന്നെ അവസരമാണിതെന്നും പെൺകുട്ടി പറയുന്നു. സ്ത്രീകൾക്കും തുല്യാവകാശമുണ്ടെന്നും ഈ അവകാശം നമ്മിൽ നിന്ന് തട്ടിയെടുക്കാൻ താലിബാൻ ആരാണെന്നും അവൾ ചോദിക്കുന്നു.
ഇന്നത്തെ പെൺകുട്ടികൾ നാളത്തെ അമ്മമാരാണെന്നും ഇന്നവർക്ക് വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിൽ എങ്ങനെയാണ് അവർ മക്കളെ മര്യാദ പഠിപ്പിക്കുക എന്നും പെൺകുട്ടി ചോദിക്കുന്നു. താൻ പുതിയ തലമുറയിൽ നിന്നുള്ള പെൺകുട്ടിയാണ്. ഭക്ഷണം കഴിക്കാനും ഉറങ്ങാനും വീട്ടിൽ ചടഞ്ഞുകൂടാനും മാത്രം ജനിച്ചതല്ല. തനിക്കും സ്കൂളിൽ പോകണം. രാജ്യത്തിന്റെ വികസനത്തിനായി എന്തെങ്കിലും ചെയ്യണം- പെൺകുട്ടി പറയുന്നു.
വിദ്യാഭ്യാസമില്ലാതെ രാജ്യം എങ്ങനെയാണ് വികസിക്കുക എന്നും അവൾ ചോദിക്കുന്നു. തനിക്ക് വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിൽ, അഫ്ഗാനിസ്ഥാനിലെ ഒരു പെൺകുട്ടിക്കും വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിൽ എങ്ങനെയാണ് അടുത്ത തലമുറ മര്യാദയുള്ളവരായി വളരുക. നമുക്ക് വിദ്യാഭ്യാസം ഇല്ലെങ്കിൽ, ഈ ലോകത്ത് യാതൊരു വിലയുമുണ്ടാകില്ല- പെൺകുട്ടി പറയുന്നു.
നിരവധി പേരാണ് പെൺകുട്ടിയുടെ ധീരതയെ പ്രശംസിച്ച് വീഡിയോ പങ്കുവെക്കുന്നത്. പെൺകുട്ടിയും അവളുടെ കുടുംബവും സുരക്ഷിതരായിരിക്കട്ടെ എന്നും തുറന്നുപറയുന്നവർ അപകടത്തിലാവുന്ന സാഹചര്യമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലുള്ളതെന്നും കമന്റ് ചെയ്യുന്നവരുണ്ട്. നിയന്ത്രണങ്ങൾ ചുമത്തുന്നതോടെ രാജ്യത്തിന് ഇതുപോലുള്ള ധീരയും ബുദ്ധിമതികളുമായ പെൺകുട്ടികളെയാണ് നഷ്ടമാവുക എന്നും കമന്റ് ചെയ്യുന്നവരുണ്ട്.
Content Highlights: I Want To Go To School": Afghan Girl's Speech Moves The Internet


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..