സ്റ്റീവും ലെസ്ലിയും | Photo Courtesy: Dimitris Legakis/ Athena Pictures
ഒരു ലോട്ടറി അടിച്ചിട്ടുവേണം ജോലിക്കു പോകാതെ സുഖിച്ചു ജീവിക്കാന്‍ എന്നു കരുതുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍ കോടിക്കണക്കിന് രൂപ കൈയിലെത്തിയിട്ടും എല്ലാ ദിവസവും ജോലിക്കെത്തുന്ന ഒരു ഡ്രൈവര്‍ അങ്ങ് ബ്രിട്ടനിലുണ്ട്. ഭാഗ്യദേവത തേടിയെത്തിയിട്ടും ജോലി ഉപേക്ഷിക്കാത്ത ആ ഡ്രൈവറുടെ പേര് സ്റ്റീവ് ഷില്‍റ്റ്‌സ് എന്നാണ്. വെയ്ല്‍സില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് 56 വയസ്സാണ് പ്രായം.
വെസ്റ്റ് കണ്‍ട്രിയില്‍ ഗുഡ്‌സ് വാഹനത്തിന്റെ ഡ്രൈവറായ സ്റ്റീവും ഭാര്യ ലെസ്‌ലിയും ചേര്‍ന്നെടുത്ത ലോട്ടറിക്കാണ് 2019ല്‍ 10 ലക്ഷം പൗണ്ട് സമ്മാനം ലഭിച്ചത്. ഏകദേശം 9.5 കോടി രൂപ. ഇതോടെ ഇനി വിശ്രമ ജീവിതം നയിക്കാം എന്നാണ് സ്റ്റീവും ലെസ്ലിയും കരുതിയത്. എന്നാല്‍ കോവിഡ് മഹാമാരി എല്ലാ പദ്ധതികളും തകിടംമറിച്ചു.
കോവിഡ് രൂക്ഷമായതോടെ ബ്രിട്ടനില്‍ ചരക്ക് ഗതാഗതം സ്തംഭിച്ചു. അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ പോലും പ്രതിസന്ധി വന്നു. ഇതോടെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് അധികാരികളുടെ കത്ത് ഹെവി വെഹിക്ക്ള്‍ ലൈസന്‍സുള്ള സ്റ്റീവിനെ തേടിയെത്തി. പലരും ഈ കത്ത് അവഗണിച്ചപ്പോള്‍ സ്റ്റീവിന് മാറിനില്‍ക്കാനായില്ല. അദ്ദേഹം ജോലിയില്‍ തിരിച്ചെത്തി.
കോടികള്‍ സമ്മാനം ലഭിച്ചിട്ടും ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ പരിശീലകയായി ജോലിയില്‍ തുടരുന്ന ലെസ്ലിയാണ് തനിക്ക് പ്രചോദനമെന്ന് ദ സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റീവ് പറയുന്നു. 16-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട മകള്‍ തെരേസ ഒരു മാലാഖയെപ്പോലെ കുടുംബത്തെ സംരക്ഷിക്കുന്നുണ്ടെന്നാണ് സ്റ്റീവ് വിശ്വസിക്കുന്നത്. ലോട്ടറി ആ മാലാഖ കൊണ്ടുവന്നതാണെന്നും സ്റ്റീവ് പറയുന്നു.
മാലിദ്വീപിലേക്ക് വിനോദ യാത്ര പോയും റേഞ്ച് റോവര്‍ ഡിസ്‌കവറി വാങ്ങിയുമാണ് സ്റ്റീവും ലെസ്ലിയും ലോട്ടറി നേട്ടം ആഘോഷിച്ചത്. ഇനിയുള്ള സമ്മാനത്തുക കൊണ്ട് ആറു മക്കളുടേയും പേരക്കുട്ടികളുടേയും ഭാവി സുരക്ഷിതമാക്കാനാണ് ഇരുവരുടേയും തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..