രവീണ ടണ്ടൻ | Photo: instagram/ANI
മുംബൈയിലെ ലോക്കല്‍ ബസിലും ട്രെയ്നിലും യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവം വിവരിച്ച് നടി രവീണ ടണ്ടന്. സെലിബ്രിറ്റികളായ നിങ്ങള്‍ക്ക് മുംബൈയിലെ ഇടത്തരക്കാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അറിയാമോ എന്ന ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് രവീണ അനുഭവം പങ്കുവെച്ചത്. മറ്റു സ്ത്രീകളുടെ അനുഭവംപോലെത്തന്നെ തിരക്കുള്ള ബസിനുള്ളിലും ട്രെയ്നിനുള്ളിലും പുരുഷന്മാര് നുള്ളിയും തോണ്ടിയും ഉപദ്രവിച്ചിട്ടുണ്ടെന്നും പരിഹാസവാക്കുകള്‍ കേട്ടിട്ടുണ്ടെന്നും രവീണ പറയുന്നു.
മുംബൈ മെട്രോ ത്രീ കാര്‍ ഷെഡ് ആരേ ഫോറസ്റ്റിലേക്ക് മാറ്റിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ രവീണയും മറ്റൊരു ബോളിവുഡ് നടിയായ ദിയാ മിര്‍സയും ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ട്വീറ്റിന് താഴെയാണ് ഒരാള്‍ സാധാരണക്കാരന് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിങ്ങള്‍ക്കറിയാമോ എന്ന് രവീണയോട് ചോദിച്ചത്. ഇതിന് ട്വിറ്ററിലൂടെ മറുപടി നല്‍കുകയായിരുന്നു രവീണ.
എന്റെ കൗമാര കാലത്ത് ഞാന്‍ ലോക്കല്‍ ട്രെയ്നുകളും ബസുകളും തന്നെയാണ് യാത്രക്കായി ആശ്രയിച്ചിരുന്നത്. മിക്ക സ്ത്രീകളും അനുഭവിച്ചതുപോലെ കളിയാക്കലും നുള്ളലും തോണ്ടലുമെല്ലാം സഹിച്ചിട്ടുണ്ട്. 1992-ല്‍ ഞാന്‍ എന്റെ ആദ്യ കാര്‍ സ്വന്തമാക്കിയതിന് ശേഷമാണ് ഈ ദുരന്തയാത്ര അവസാനിച്ചത്. വികസനത്തെ എല്ലാവരേയുംപോലെ ഞാനും സ്വാഗതം ചെയ്യുന്നു. വികസനം മാത്രമല്ല നമ്മുടെ ഉത്തരവാദിത്തം. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരായ വനം നശിപ്പിക്കുന്നതും മരം മുറിക്കുന്നതും കണ്ടുനില്‍ക്കാനാകില്ല. അതിനെതിരേ ശബ്ദമുയര്‍ത്തേണ്ടതും നമ്മുടെ കടമയാണ്.
എല്ലാവരും വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിക്കുന്നവരല്ല. ഓരോ സ്ഥലങ്ങളിലെത്താനും ഒരുപാട് കഷ്ടപ്പാടുകള്‍ പിന്നിട്ടിട്ടുണ്ടാകും. നിങ്ങള്‍ക്ക് സ്വന്തമായി ഒരു വീടോ കാറോ ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം അത് ബാധിക്കുക സാധാരണക്കാരേയാണ്. അവരുടെ വീടും കാറുമെല്ലാം നഷ്ടപ്പെടും. എന്നാല്‍ സമ്പന്നര്‍ മറ്റു രാജ്യങ്ങളിലേക്ക് വിമാനം കയറി രക്ഷപ്പെടും.
പ്രകൃതിയേയും വന്യജീവികളേയും സംരക്ഷിച്ചുള്ള വികസനമാണ് വരേണ്ടത്. പ്രകൃതിയെ നശിപ്പിച്ചുള്ള വികസനം നിലനില്‍ക്കില്ല. രാജ്യത്തുള്ള കടുവകളുടെ എണ്ണത്തില്‍ ഇന്ത്യ ഇന്ന് അഭിമാനിക്കുന്നു. എന്നാല്‍ കാടിന് നടുവിലൂടെയുള്ള റോഡും തീവണ്ടിപ്പാതയുമെല്ലാം കാരണം കൊല്ലപ്പെടുന്ന കടുവകളുടേയും പുലികളുടേയും എണ്ണം കൂടുകയാണ്.' രവീണ ട്വീറ്റില്‍ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..