Screen grab | instagram.com/hrithikroshan
പുതുവര്‍ഷത്തില്‍ ഹൃത്വിക് റോഷന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. എയ്റ്റ് പാക്ക് ലുക്കിലുള്ള തന്റെ മൂന്ന് കിടിലന്‍ ചിത്രങ്ങളാണ് നാല്‍പ്പത്തെട്ടുകാരനായ താരം പങ്കുവെച്ചത്. ഫിറ്റ്നസ് സെന്ററിലെ കണ്ണാടിയുടെ മുന്നില്‍വെച്ച് കറുത്ത വസ്ത്രം ഉയര്‍ത്തിക്കൊണ്ട് എയ്റ്റ് പാക്ക് കാണിക്കുന്നതാണ് ചിത്രം. ആരാധകര്‍ മാത്രമല്ല, ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, അഭിഷേക് ബച്ചന്, വരുണ്‍ ധവാന്, കുനാല്‍ കപൂര്‍ തുടങ്ങിയവരെല്ലാം താരത്തിന്റെ ഫിറ്റ്നസ് കണ്ട് അദ്ഭുതം കൂറിയിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ മനം കവര്‍ന്ന ചിത്രത്തിനു പിന്നിലെ രഹസ്യം മറനീക്കി പുറത്തെത്തിച്ചിരിക്കുകയാണ് ഹൃത്വിക്കിന്റെ ഫിറ്റ്നസ് ട്രെയിനറായ ക്രിസ് ഗേഥിന്. എട്ടാഴ്ച കൊണ്ട് സാധ്യമായതാണ് ഈ ചിത്രമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഗേഥിന് ഹൃത്വികിന്റെ കമന്റ് ബോക്സില്‍ കുറിച്ചു. ക്രിസ് ഗേഥിന്റെ മേല്‍നോട്ടത്തില്‍ 12 ആഴ്ചത്തെ കഠിന ട്രെയിനിങ്ങിലാണ് ഹൃത്വിക് റോഷന്. എട്ടാഴ്ച പൂര്‍ത്തിയായപ്പോഴുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്.
ഫിറ്റ്നസിന്റെ ഭാഗമായി ഹൃത്വിക് റോഷനുമേല് കടുത്ത നിയന്ത്രണങ്ങള്‍ വരുത്തിയാണ് ഈ അഴക് സാധ്യമാക്കിയതെന്ന് ഗേഥിന് പറയുന്നു. പഞ്ചസാരയുടെ ഉപയോഗം കുറക്കുക, നന്നായി ഉറങ്ങുക, ഇലക്കറികളും പഴവര്‍ഗങ്ങളും ഉപയോഗിക്കുക, ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക, ശുദ്ധീകരിക്കാത്ത സസ്യ എണ്ണകള്‍ ഒഴിവാക്കുക തുടങ്ങിയുള്ള കര്‍ശന നിര്‍ദേശങ്ങളാണ് ഹൃത്വിക്കിന് പാലിക്കേണ്ടി വന്നത്.
പുതിയ മാറ്റത്തെക്കുറിച്ചും ട്രെയ്നിങ്ങിനെക്കുറിച്ചും ഹൃത്വിക് ക്രിസ് ഗേഥിന് നല്കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നുമുണ്ട്. 12 ആഴ്ചയുള്ള ട്രെയിനിങ് ഒട്ടും വിരസമായി തോന്നിയിട്ടില്ല. വളരെ ആനന്ദത്തോടെ ട്രെയിനിങ് പൂര്ത്തിയാക്കാനാവുന്നുണ്ട്. ഫിറ്റ്നസ് പ്രക്രിയയില്‍ താന്‍ അതീവ സന്തോഷവാനാണ്. കഴിഞ്ഞ മൂന്നുനാല് വര്‍ഷമായി ഈയൊരു ജീവിത ശൈലിയാണ് താന്‍ ആഗ്രഹിച്ചത്. ഏതെങ്കിലും സിനിമയ്ക്കു വേണ്ടിയല്ല ഈ പ്രവൃത്തി. ഇത് താന്‍ ആഗ്രഹിക്കുന്നതും ആയുസ്സുള്ളതുമായ ജീവിതത്തിനാണ്. മാസങ്ങളായി വിഷാദം അനുഭവിച്ചു വരികയായിരുന്നുവെന്നും ഇപ്പോള്‍ അതില്‍നിന്ന് മോചനം നേടിയെന്നും താരം പറഞ്ഞു.
അതേസമയം സെലിബ്രിറ്റികള്‍ക്ക് ഇതൊക്കെ എളുപ്പമുള്ള പണിയാണെന്ന് വിചാരിക്കരുതെന്നാണ് ഹൃത്വിക്കിന്റെ ട്രെയിനറിന് നല്‍കാനുള്ള ഉപദേശം. 2013-ല്‍ ഏഴു മാസത്തിനിടെ ഒരു ദിവസം പോലും ഹൃത്വിക് ട്രെയിനിങ് മുടക്കിയിരുന്നില്ലെന്ന് അക്കാലത്തെ അനുഭവം വിശദീകരിച്ചുകൊണ്ട് ഗേഥിന് പറഞ്ഞു. വെളുപ്പിന് നാലു മുതല്‍ വൈകീട്ട് ഏഴു വരെ ട്രെയിനിങ് തുടര്‍ന്ന ദിവസങ്ങള്‍ പോലും ഹൃത്വിക്കിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്നും ഗേഥിന് അനുസ്മരിക്കുന്നു.
സെയ്ഫ് അലി ഖാനൊപ്പമുള്ള വിക്രം വേദയാണ് ഹൃത്വിക് അവസാനമായി അഭിനയിച്ച ചിത്രം. ദീപിക പദുക്കോണ്‍ നായികയായെത്തുന്ന ഫൈറ്റര്‍ എന്ന ചിത്രമാണ് ഹൃത്വിക്കിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.
Content Highlights: hrithik roshans new look, fans vowed with his 8-pack abs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..