വിരാട് കോലിയും അനുഷ്കാ ശർമയും മുംബൈ വിമാനത്താവളത്തിൽ | Photo: instagram/ virushkaxbaby
ക്യാമറക്കണ്ണുകളില്‍ നിന്ന് മകള്‍ വാമികയെ എപ്പോഴും വിരാട് കോലിയും അനുഷ്ക ശര്‍മയും സംരക്ഷിക്കാറുണ്ട്. മകളുടെ മുഖം ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ അവള് ക്യാമറയ്ക്കു മുന്നില്‍ വന്നോട്ടെയെന്നുമാണ് ഇരുവരുടേയും നിലപാട്. മകളുടെ സ്വകാര്യ ജീവിതം നഷ്ടപ്പെടുത്താന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും താരദമ്പതികള്‍ വ്യക്തമാക്കിയിരുന്നു.
അതിനിടയില്‍ വാമികയുടെ ഒരു ചിത്രം സോഷ്യല്‍ പ്രചരിക്കുകയും ചെയ്തു. ഇന്ത്യയുടെ മത്സരം കാണുന്നതിനിടയിലാണ് ക്യാമറക്കണ്ണുകള്‍ ഗാലറിയിലിരുന്ന വാമികയേയും ഒപ്പിയെടുത്തത്. ഈ ചിത്രങ്ങള്‍ വളരെ വേഗത്തില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ആ ചിത്രങ്ങളെല്ലാം കളയണമെന്ന് അഭ്യര്‍ഥിച്ച് കോലിയും അനുഷ്കയും രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍ പാപ്പരാസികള്‍ക്ക് അതൊന്നും പുത്തരിയല്ല. അവര്‍ വീണ്ടും വാമികയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. പാരിസിലും ലണ്ടനിലും അവധിക്കാലം ചിലവഴിച്ച ശേഷം മുംബൈ വിമാനത്താവളത്തില്‍ കോലിയും കുടുംബവും എത്തിയപ്പോഴായിരുന്നു പാപ്പരാസികള്‍ വളഞ്ഞത്. ഇതോടെ അല്പം ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടിവന്നു കോലിക്ക്.
'വാമികയെ പോകാന്‍ അനുവദിക്കൂ, ദയവു ചെയ്ത് നിങ്ങളുടെ ക്യാമറകള്‍ താഴ്ത്തൂ. അവള്‍ക്ക് നന്നായി ഉറക്കം വരുന്നുണ്ട്. ആദ്യം ഞങ്ങള്‍ അവളെ കാറിലെത്തിക്കട്ടെ. എന്നിട്ട് വീണ്ടും നിങ്ങളുടെ മുന്നിലെത്താം. ക്യാമറയ്ക്കു പോസ് ചെയ്യാം.' കോലി വിളിച്ചുപറഞ്ഞു.
ഇതോടെ എല്ലാവരും ക്യാമറ താഴ്ത്തി. മകളെ കാറിലെത്തിച്ചശേഷം വാഗ്ദാനം ചെയ്തതു പോലെ കോലിയും അനുഷ്കയും വിമാനത്താവളത്തിലെ അറൈവല്‍ ഏരിയയിലേക്കെത്തി. ക്യാമറയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
2021 ജനുവരി 11-നാണ് കോലിക്കും അനുഷ്കയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. കഴിഞ്ഞ ജനുവരിയില്‍ വാമികയുടെ ഒന്നാം പിറന്നാളാഘോഷവും കഴിഞ്ഞു. എന്നാല്‍ ഇതിന്റെ ചിത്രങ്ങളൊന്നും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..