നേഹ ധൂപിയയും അങ്കത് ബേദിയും | Photo: PTI/ instagram/ neha dhupia
മുന്‍ മിസ് ഇന്ത്യയും ബോളിവുഡ് നടിയും അവതാരകയുമായ നേഹ ധൂപിയയും നടനും മോഡലുമായ അങ്കത് ബേദിയും 2018 മെയിലാണ് വിവാഹിതരാകുന്നത്. വിവാഹ സമയത്ത് ഗര്‍ഭിണിയായിരുന്ന നേഹ നവംബറില്‍ മകള്‍ മെഹറിന് ജന്മം നല്‍കുകയും ചെയ്തു. 2021-ല്‍ നേഹ രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി. ഗുരീഖ് സിങ്ങ് എന്നാണ് മകന്റെ പേര്.
ഇപ്പോഴിതാ വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായതിനെ കുറിച്ചും തന്റെ മാതാപിതാക്കളുടെ പ്രതികരണത്തെ കുറിച്ചും മനസ് തുറക്കുകയാണ് നേഹ. ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചപ്പോള്‍ മാതാപിതാക്കള്‍ അങ്കതുമായുള്ള വിവാഹത്തിന് തയ്യാറെടുക്കാനാണ് ആവശ്യപ്പെട്ടതെന്ന് നേഹ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
'വിവാഹത്തിന് മുമ്പു തന്നെ ഞാന്‍ ഗര്‍ഭിണിയായിരുന്നു. മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ സന്തോഷിച്ചു. നല്ല കാര്യമാണെന്ന് പറഞ്ഞു. പക്ഷേ ഞങ്ങള്‍ ഉടനെത്തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അതിനായി 72 മണിക്കൂര്‍ സമയവും തന്നു. രണ്ട് ദിവസത്തിനുള്ളില്‍ മുംബൈയിലെത്തി വിവാഹം കഴിക്കാനാണ് ആവശ്യപ്പെട്ടത്.' നേഹ പറയുന്നു.
വിവാഹ സമയത്തും അതിനുശേഷം ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ചപ്പോഴും സോഷ്യല്‍ മീഡിയയില്‍ നേരിട്ട ആക്രമണങ്ങളെ കുറിച്ചും അവര്‍ മനസുതുറന്നു. 'എന്റെ തീരുമാനം ആരേയും വേദനിപ്പിക്കുന്നതല്ല. നമുക്ക് വേണ്ടത് ചെയ്യുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. അത് ഇന്ന് ഞങ്ങളെ എവിടെ എത്തിച്ചുവെന്ന് നോക്കൂ'-നേഹ വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ താന്‍ ഗൗനിക്കാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അങ്കതിനെ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം അറിഞ്ഞപ്പോള്‍ അമ്മയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ സന്തോഷമെന്നും നേഹ പറയുന്നു. അമ്മയ്ക്ക് മകനെപ്പോലെയാണ് അങ്കത്. താന്‍ മറ്റു പ്രണയത്തില്‍ ആയിരുന്നപ്പോഴും അമ്മ തന്നേയും അങ്കതിനേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും നേഹ വ്യക്തമാക്കുന്നു.
'എന്റെ അമ്മയ്ക്ക് അങ്കതിനെ ഇഷ്ടമാണ്. അവന്‍ നല്ല പയ്യനാണ്. നീ എന്തിനാണ് മറ്റു ആളുകളെ ഡേറ്റ് ചെയ്യുന്നത് എന്ന് ചോദിക്കുമായിരുന്നു. എപ്പോഴും അങ്കതിനെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. എന്റെ കൂട്ടുകാരും പറഞ്ഞു, ഇതാണ് നിന്റെ ചെക്കന്‍ എന്ന്.
ഞാന്‍ നേരത്തെ മറ്റൊരു പ്രണയത്തിലായിരുന്നു. എന്നാല്‍ അത് നീണ്ടുനിന്നില്ല. പിരിയാന്‍ നേരം അവന്‍ എന്നോട് തമാശയായി പറഞ്ഞു, നീ അങ്കതിനെ വിവാഹം കഴിക്കുമെന്ന്. അന്നത് തമാശ മാത്രമായിരുന്നു. പക്ഷേ ഇന്ന് അതിനെകുറിച്ച് ആലോചിക്കുമ്പോള്‍ നടക്കേണ്ടത് തന്നെയായിരുന്നുവെന്ന് തോന്നും.'നേഹ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.
Content Highlights: how actress neha dhupias parents reacted to her pregnancy before marriage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..