കുട്ടി കളിപ്പാട്ടം പൊട്ടിച്ചപ്പോൾ | Photo: Facebook/ Jerry Yuen
മകന്റെ ഒരു പിഴവിന് ഹോങ്കോങ്ങിലെ ഒരു അച്ഛന് നല്‍കേണ്ടി വന്ന വില മൂന്നു ലക്ഷം രൂപ. ഷോപ്പിങ് മാളില്‍ പ്രവര്‍ത്തിക്കുന്ന കടയിലെ കളിപ്പാട്ടം പൊട്ടിച്ചുവെന്ന് ആരോപിച്ച് പിതാവില്‍ നിന്ന് 3.30 ലക്ഷം രൂപയാണ് കടക്കാരന്‍ ആവശ്യപ്പെട്ടത്.
മാളിലെ ഒരു ഡിസൈനര്‍ കളിപ്പാട്ട സ്റ്റോറിലെ സ്വര്‍ണ നിറത്തിലുള്ള ടെലിറ്റബ്ബീസ് പാവയാണ് കുട്ടി പൊട്ടിച്ചതെന്ന് കടക്കാരന്‍ പറയുന്നു. 1.8 മീറ്റര്‍ ഉയരമുള്ള പാവയാണിത്. കടയിലെ തറയില്‍ പാവയുടെ കഷ്ണങ്ങള്‍ കിടക്കുന്ന ചിത്രങ്ങളും വീഡിയോയും നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഞായറാഴ്ച വൈകുന്നേരം ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം പ്ലേസ് മാളിലെ കെകെ പ്ലസ് എന്ന കടയില്‍ എത്തിയതായിരുന്നു ചെങ്. ഒരു ഫോണ്‍ കോള്‍ എടുക്കാന്‍ താന്‍ പുറത്തേക്ക് ഇറങ്ങിയെന്നും വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ തറയില്‍ ചിതറിക്കിടക്കുന്ന കളിപ്പാട്ടത്തെ നോക്കി നിശ്ചലനായി നില്‍ക്കുന്ന മകനേയാണ് കണ്ടതെന്നും ചെങ് പറയുന്നു.
'എന്റെ മൂത്ത മകനാണ് അതു നശിപ്പിച്ചതെന്ന് കടയിലെ ഒരു സ്റ്റാഫ് പറഞ്ഞു. അവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അതു ശരിയാണെന്ന് കരുതി ഞാന്‍ പാവയുടെ പണം നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ പിന്നീട് വീഡിയോ കണ്ടപ്പോള്‍ മകനെതിരേ തെറ്റായ കുറ്റമാണ് ചുമത്തിയതെന്ന് മനസ്സിലായി. മാളില്‍വെച്ച് തന്റെ അടുത്തേക്ക് വന്ന ഒരാള്‍ക്ക് സ്ഥലം നല്‍കുന്നതിനായി അല്‍പം പിന്നിലേക്ക് മകന്‍ നീങ്ങിയപ്പോള്‍ പാവയില്‍ തട്ടുകയും അത് മറിഞ്ഞുവീഴകയുമായിരുന്നു. സംഭവം മകനെ ഏറെ വേദനിപ്പിക്കുകയും ചെയ്തു.' ചെങ് പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പലരും പിതാവിന്റെ ഭാഗമാണ് ശരി എന്ന രീതിയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. കെകെ പ്ലസ് എന്ന കട ആ പിതാവിനെ കബളിപ്പിച്ചുവെന്നും കളിപ്പാട്ടത്തിന് അടുത്തേക്ക് ആളുകള്‍ വരുന്നത് തടയാന്‍ എന്തുകൊണ്ട് അവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ല എന്നും ഇവര്‍ ചോദിക്കുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കളിപ്പാട്ടം ഇതേ സ്ഥലത്താണെന്നും ഒരു ഉപഭോക്താവും അസൗകര്യത്തെ കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും കെകെ പ്ലസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Content Highlights: hong kong man pays rs 3 lakh to toy store after son breaks teletubby statue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..