Photo: instagram.com|dreamgirlhemamalini|
രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് തുറന്നു സംസാരിച്ച് ബോളിവുഡ് താരവും മഥുര എംപിയുമായ ഹേമാ മാലിനി. സിനിമാതാരം എന്ന നിലയ്ക്ക് തനിക്ക് ഏറെ സ്നേഹം ലഭിച്ചിരുന്നു, അത് ജനങ്ങളെ സേവിക്കാനുള്ള അവസരമായി കണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നതെന്ന് ഹേമ മാലിനി പറയുന്നു.
ജനങ്ങളെ സേവിക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ഒരിക്കൽ ചോദിക്കുകയുണ്ടായെന്നും ഹേമ മാലിനി പറയുന്നു. തനിക്കേറെ സന്തോഷം തോന്നുന്നുണ്ടെന്നും അതിനു കാരണം ജനങ്ങളെ സഹായിക്കാൻ കഴിയുന്നു എന്നതാണെന്നുമാണ് താരം മറുപടി നൽകിയത്.
നടിയായിരുന്ന കാലത്ത് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഹേമമാലിനി പറയുന്നു. പക്ഷേ അക്കാലത്ത് അമ്മ മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ കടുത്ത ആരാധികയായിരുന്നു. താൻ രാഷ്ട്രീയത്തിലേക്ക് കടക്കണമെന്ന് ആഗ്രഹിച്ചത് അമ്മയായിരുന്നെന്നും താരം പറയുന്നു.
മഥുരയെ അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹേമ മാലിനി പറയുന്നു. താൻ എംപിയായതോടെ റോഡുകൾ നവീകരിക്കുകയും ഉപ്പുവെള്ളത്തിന്റെ പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. ഒപ്പം നഗരത്തിന്റെ സാംസ്കാരിക പൈതൃകവും നിർമിതിയും നിലനിർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും ഹേമമാലിനി പറയുന്നു.
2004 മുതൽ 2009 വരെ രാജ്യസഭാംഗമായിരുന്ന ഹേമ മാലിനി 2010ൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ആൽഎൽഡിയുടെ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിയാണ് ഹേമമാലിനി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പിലും ഹേമമാലിനി സീറ്റ് നിലനിർത്തുകയായിരുന്നു.
Content Highlights: Hema Malini on her experience as an MP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..