-
ലെബനീസ് തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ നിന്നുള്ള നിരവധി ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്കൂട്ടത്തിൽ ഒന്നായിരുന്നു പ്രസവ വേദനയുമായെത്തിയ എമ്മാനുവലെ ഖനൈസറിന്റേത്. യുവതിയുടെ ഭർത്താവായ എഡ്മണ്ട് ആണ് പ്രസവവേദനയുമായി സെന്റ്ജോർജ് ആശുപത്രിയിലെത്തിച്ച ഭാര്യയുടെ വീഡിയോ പകർത്തിയത്. ഇതിനിടയിൽ സ്ഫോടനം നടക്കുന്നതെല്ലാം ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇപ്പോഴിതാ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് പിറന്ന എമ്മാനുവലെയുടെ കുഞ്ഞിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
ജോർജ് എന്നു പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങൾ മിറക്കിൾ ബേബി ജോർജ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. അന്ധകാരത്തിൽ നിന്നുള്ള വെളിച്ചം, തകർച്ചയിൽ നിന്നുള്ള ജനനം.. ഞാൻ ബേബി ജോർജ്. 2020 ഓഗസ്റ്റ് നാലിന് ബെയ്റൂത്ത് സ്ഫോടനത്തിനിടെ ജനിച്ചു- എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞ് ജോർജിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ബ്ലാങ്കറ്റിൽ പൊതിഞ്ഞുകിടക്കുന്ന ജോർജാണ് ഒരു ചിത്രത്തിലുള്ളത്. ബ്ലാങ്കറ്റിനു മുകളിലായി ലെബനൻ പതാക ആലേഖനം ചെയ്ത ഹൃദയരൂപവും കാണാം.
സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പാണ് പ്രസവവേദനയുമായെത്തിയ എമ്മാനുവലെയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സ്ട്രക്ചറിൽ കിടത്തി ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതും കാണാം. ഇതിനിടയ്ക്കാണ് സ്ഫോടനം നടക്കുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ജനൽച്ചില്ലുകൾ തകരുന്നതും ആശുപത്രിയിലെ ഉപകരണങ്ങൾ വീണുകിടക്കുന്നതും വീഡിയോയിൽ കാണാം.
ഭാര്യയുടെ പ്രസവശേഷം ആരോഗ്യപ്രവർത്തകരോട് എന്നും കടപ്പെട്ടിരിക്കുമെന്ന് എഡ്മണ്ട് പറഞ്ഞിരുന്നു. പരിക്കേറ്റിട്ടും അവർ തന്റെ ഭാര്യയുടെ അരികിൽ നിന്നുമാറിയില്ല. പരമ്പരാഗത രീതിയിലാണ് പ്രസവം എടുത്തതെന്നും എഡ്മണ്ട് പറഞ്ഞിരുന്നു. കൃത്യമായ ചികിത്സയുടെയോ ഉപകരണങ്ങളുടെയോ സേവനമില്ലാതെയാണ് പ്രസവമെടുത്തത്.
ടോർച്ചുകളും മൊബൈൽ ഫോൺ വെളിച്ചവും വച്ച് ആരോഗ്യപ്രവർത്തകർ തന്റെ ഭാര്യയുടെ പ്രസവം എടുക്കുന്ന ചിത്രങ്ങളും എഡ്മണ്ട് പങ്കുവച്ചിരുന്നു. സ്ഫോടനത്തോടെ ആശുപത്രിയിലെ വൈദ്യുതിവിതരണം നഷ്ടപ്പെട്ടതിനാലാണിത്. ശേഷം അഞ്ചു മൈൽ അകലെയുള്ള മറ്റൊരു ആശുപത്രിയിലെത്തിച്ചാണ് തുടർചികിത്സയും വിശ്രമവും സാധ്യമായതെന്നും എഡ്മണ്ട് വ്യക്തമാക്കിയിരുന്നു.
Content Highlights: Heartwarming pics of miracle baby born amid Beirut blast
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..