
-
പോര്‍ച്ചുഗീസ് ഭരണത്തിനെതിരായ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഗോവ ഇപ്പോള്‍ കോവിഡിനെതിരായ ചെറുത്തുനില്‍പ്പിലും കരുത്ത് തെളിയിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെയും ഭരണകൂടത്തിന്റെയും പഴുതടച്ച പ്രവര്‍ത്തനങ്ങളിലൂടെ നിലവില്‍ ഒരു കോവിഡ് പോസിറ്റിവ് കേസുപോലുമില്ലാത്ത സംസ്ഥാനമായി ഗോവ മാറി.
15 ലക്ഷം ജനസംഖ്യക്കു പുറമേ സീസണില്‍ എത്തുന്ന 30 ലക്ഷത്തോളം വിനോദസഞ്ചാരികളെയും കരുതലോടെ സംരക്ഷിക്കുകയെന്നതായിരുന്നു ഈ ഘട്ടത്തിലെ വെല്ലുവിളിയെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയും മലയാളിയുമായ നിള മോഹനന് പറഞ്ഞു. കേരളത്തില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആഭ്യന്തര,വിദേശ സഞ്ചാരികളായി പതിനായിരങ്ങള്‍ ഗോവയിലുണ്ടായിരുന്നു. ജനുവരി 31 മുതല്‍ വിമാനത്താവളത്തില്‍ പരിശോധന തുടങ്ങി. എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജീവനക്കാര്‍ക്കൊപ്പം സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേന്നാണ് പരിശോധനയും സ്ക്രീനിങും നടത്തിയത്.
മാര്‍ച്ച് 20 മുതല്‍ ആഭ്യന്തരവിമാന യാത്രക്കാര്‍ക്കും പരിശോധന ഏര്‍പ്പെടുത്തി. പരിശോധനയില്‍ പനിയുള്ളവരെയെല്ലാം ക്വാറന്റൈന് ചെയ്തു.ലോക്ഡൗണ്‍ തുടങ്ങുന്നതുവരെ ഗോവയില്‍ കോവിഡ് പരിശോധന ലാബുകള്‍ ഉണ്ടായിരുന്നില്ല. നാവികസേനയുടെ പ്രത്യേകവിമാനത്തില്‍ ജീവനക്കാരെ പുണെയില്‍ അയച്ച് പരിശീലനം നല്കി. മാര്‍ച്ച് 29-ന് ഗോവ മെഡിക്കല്‍ കോളേജില്‍ ആദ്യലാബ് തുടങ്ങി. താമസിയാതെ നാല് ലാബുകൂടി ഒരുക്കി. അവിടെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍,പാരാമെഡിക്കല്‍, നഴ്സിങ് ജീവനക്കാര്‍ക്ക് സമീപമുള്ള ഹോട്ടലില്‍ താമസസൗകര്യം ഒരുക്കി. മാര്‍ച്ച് 25-നാണ് ആദ്യ കോവിഡ് കേസ് ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 13-നാണ് അവസാന പോസിറ്റീവ് കേസ് റിപ്പോര്‍ട്ട്്് ചെയ്തത്. ഇതുവരെ ഏഴ് കേസുകളില്‍ രോഗം പിടിച്ചുനിര്‍ത്താനായി. ഇതില്‍ ആറ് പേരും വിദേശികളായ വിനോദ സഞ്ചാരികളായിരുന്നു. ഏപ്രില്‍ 13,14,15 ദിവസങ്ങളില്‍ കമ്മ്യുണിറ്റി സര്‍വേ നടത്തി എല്ലാവരുടെയും രോഗവിവരങ്ങള്‍ ശേഖരിച്ചു.
22 മുതല്‍ ഗോവയില്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍വന്നു. മദ്യവില്പനശാലകള് അടച്ചിട്ടു. ഇവിടെയുള്ള ഡിസ്റ്റിലറികളില്‍നിന്ന് സാനിറ്റൈസര്‍ നിര്‍മ്മിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പതിമൂവായിരത്തോളം വിദേശസഞ്ചാരികള്‍ ഗോവയില്‍ ഉണ്ടായിരുന്നു. ഇതില്‍ യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഏഴായിരം പേര് ചാര്‍ട്ടേഡ് ഫ്ലൈറ്റുകളില്‍ മടങ്ങി. ബാക്കിയുള്ള 6000 പേരെ ഹോട്ടലുകളില്‍ ക്വാറന്റൈന് ചെയ്തു. ഇവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ ഹെല്പ് ലൈന്‍ ഒരുക്കി.
എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് സംസ്ഥാനം നടത്തിയ ശ്രമങ്ങളിലൂടെയാണ് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചതെന്ന് നിള പറഞ്ഞു. തങ്ങളുടെ പൗരന്മാര്ക്ക് സംരക്ഷണം ഒരുക്കിയതിന് ജപ്പാന്, ജര്‍മനി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ എംബസികള്‍ സംസ്ഥാനസര്‍ക്കാറിനെ പ്രകീര്‍ത്തിച്ച് കത്തയച്ചു. ഗോവക്കാരായ പതിനായിരത്തിലേറെ പേര് വിവിധ കപ്പലുകളില്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ അവര്‍ മടങ്ങിയെത്തിതുടങ്ങും. ഇവര്‍ വരുമ്പോഴും ഇതേ ജാഗ്രത നിലനിര്‍ത്തുകയെന്നതാണ് ഇനിയുള്ള വെല്ലുവിളിയെന്നും നിള പറഞ്ഞു. പ്രമുഖ മാധ്യമപ്രവര്ത്തകന് കെ.പി.മോഹനന്റെയും വിജയ മോഹനന്റെയും മകളാണ് നിള.
Content highlights: Goa becomes corona virus free state
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..