പഞ്ചവാദ്യപ്പെരുമയിൽ വാളൂരിന്റെ പെൺകുട്ടികൾ
ആണ്‍താളങ്ങളുടെ ചെണ്ടക്കോലിനൊപ്പം ഇളകിമറിഞ്ഞ ഉത്സവങ്ങളിലേക്ക് പഞ്ചവാദ്യവുമായൊരു പെണ്‍സംഘം. അന്നമനടത്രയങ്ങളുടെ ചിട്ടവട്ടങ്ങളില്‍ താളവട്ടം തീര്‍ക്കുന്ന ഈ പെണ്‍കുട്ടികള്‍ ഉത്സവപ്പറമ്പുകള്‍ക്ക് ആവേശമാകുന്നു. വാളൂര്‍ നായര്‍സമാജം സ്‌കൂളിലെ വാദ്യകലാകേന്ദ്രത്തില്‍നിന്ന് ഇടകാലം കൊട്ടിക്കയറുകയാണ് പതിനൊന്നുപേരുടെ സംഘം.
അന്നമനട മുരളീധരമാരാരുടെ ശിക്ഷണത്തിലായിരുന്നു അരങ്ങേറ്റം. അന്നമനട തേവര്‍ക്കു മുന്നില്‍ കൊട്ടിക്കയറിയ ആവേശം ഉത്സവപ്പറമ്പുകളും സാംസ്‌കാരികവേദികളും ഏറ്റെടുത്തതോടെ സാമ്പത്തിക സ്വയംപര്യാപ്തതയും നേടുകയാണ് ഈ കുട്ടികള്‍. എട്ടാം ക്ലാസില്‍ തുടക്കമിട്ട പഞ്ചവാദ്യപഠനം പത്താംക്ലാസ് കഴിഞ്ഞ് ഉപരിപഠനത്തിന് മറ്റ് മേഖലകളിലേക്കായി പിരിഞ്ഞെങ്കിലും മേളവഴിയിലെ സൗഹൃദം കൈവിട്ടില്ല. അവര്‍ക്കായി വാദ്യകലാകേന്ദ്രമൊരുക്കി കുഴൂര്‍ നാരായണമാരാര്‍ ഫൗണ്ടേഷനും ഒപ്പം ചേര്‍ന്നു. പഠനക്കളരിയും ഉപകരണങ്ങളുമൊരുക്കി സെക്രട്ടറി എം.എന്‍.എസ്. നായരുടെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ ഭാരവാഹികളും കൂടെത്തന്നെയുണ്ട്. 11 കുട്ടികളും 448 അക്ഷരകാലം പൂര്‍ത്തിയാക്കിയാണ് ഉത്സവവേദികളിലേക്ക് കടന്നത്. കുഴൂര്‍ നാരായണമാരാര്‍ പ്രാമാണ്യം വഹിച്ച തിമിലയിലാണ് നിലവില്‍ ഇവരുടെ മേളപ്പെരുക്കം. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സഹായവും വാദ്യകലാകേന്ദ്രത്തിനുണ്ട്.
ക്ഷേത്രവഴികളിലേക്കും
ഗുരുവായൂര്‍ മുതല്‍ കേരളത്തിലെ പ്രമുഖ ക്ഷേത്രവേദികളിലേക്ക് പഞ്ചവാദ്യത്തിന്റെ ആസ്വാദനപ്പെരുമയുമായി ഇവരെത്തും. ഓരോ മാസവും ഒരു പ്രമുഖക്ഷേത്രം എന്ന ലക്ഷ്യത്തോടെയാണ് വഴിയൊരുങ്ങുക. ലക്ഷ്മിപ്രിയ, നന്ദന സുരേഷ്, കൃഷ്ണപ്രിയ, അശ്വതി സദാനന്ദന്‍, അര്‍ച്ചനാദേവി, സൂര്യാകൃഷ്ണ, കെ.ആര്‍. അനശ്വര, ശ്രീലക്ഷ്മി, പൊന്നമ്പിളി, ഐശ്വര്യ (ഇലത്താളം), ഗംഗ എന്നിവരാണ് പെണ്‍സംഘം.
Content highlights: girls from valoor, experts in panchavadym
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..