ഭാവിഷ് അഗർവാൾ പങ്കുവെച്ച വീഡിയോയിൽനിന്ന് | Photo: Twitter(Screen grab)
ഇന്ത്യയുടെ ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ട് കമ്പനികളാണ് ഒലയും മഹീന്ദ്രയും. ഇരുകമ്പനികളുടെയും സ്ത്രീപക്ഷ നിലപാടാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചാവിഷയം. ഇപ്പോഴിതാ ഒലയുടെ തമിഴ്‌നാട്ടിലെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന ഫ്യൂച്ചര്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഒല സി.ഇ.ഒ. ഭവിഷ് അഗര്‍വാള്‍.
സ്ത്രീ തൊഴിലാളികൾ ജോലിയിൽ മുഴുകിയിരിക്കുന്നതിന്റെ വീഡിയോ ആണ് ഭവിഷ് പുപുറത്തുവിട്ടത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം വളരെ വേഗത്തിലാണെന്നും ഫ്യൂച്ചര്‍ ഫാക്ടറിയിലെ വനിതാ ജീവനക്കാര്‍ സ്‌കൂട്ടറുകളുടെ ഉത്പാദനം അതിവേഗം വര്‍ധിപ്പിക്കുകയാണെന്നും വീഡിയോ പങ്കുവെച്ചു കൊണ്ട് അഗര്‍വാള്‍ പറഞ്ഞു.
വനിതാ തൊഴിലാളികളെ പിന്തുണച്ചുകൊണ്ടുള്ള മഹീന്ദ്രയുടെ വിദേശത്തെ ആദ്യ ചുവടുവയ്പ്പിന് നേപ്പാളില്‍ തുടക്കമിട്ടതിന് തൊട്ടുപിന്നാലെയാണ് ഇത്. ട്രിയോയുടെ ലോഞ്ചിങ് പരിപാടിയില്‍നിന്നുള്ള ചിത്രം മഹീന്ദ്ര ഇലക്ട്രിക് വിഭാഗം സി.ഇ.ഒ സുമന്‍ മിശ്ര ബുധനാഴ്ചയാണ് ട്വീറ്റ് ചെയ്തത്. സ്ത്രീ ശക്തിയ്ക്ക് സമമാണ് പുനരുപയോഗ ഊര്‍ജമെന്നും അതൊരു ആവേശമുണ്ടാക്കുന്ന കാര്യമാണെന്നും ഈ ചിത്രം റീട്വീറ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര കമന്റ് ചെയ്തു.
തങ്ങളുടെ ഫ്യൂച്ചര്‍ഫാക്ടറിയില്‍നിന്ന് 2022 ആകുമ്പോഴേക്കും ഒരുകോടി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉത്പാദിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഒല സി.ഇ.ഒ. ഭാവിഷ് അഗര്‍വാള്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് വ്യക്തമാക്കിയത്. ഇവിടുത്തെ ഫാക്ടറി മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുക സ്ത്രീകളായിരിക്കുമെന്നും അതിന്റെ ഭാഗമായി 10,000-ല്‍ പരം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും അഗര്‍വാള്‍ പറഞ്ഞിരുന്നു.
സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയായും ആഗോളതലത്തില്‍ സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന വാഹനനിര്‍മാണ കമ്പനിയായും ഒലയെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്തായാലും ഒലയുടെയും മഹീന്ദ്രയുടെയും പുതിയ തീരുമാനത്തെ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇരുകമ്പനികളുടെയും സ്ത്രീ ശാക്തീകരണ സംരംഭങ്ങള്‍ ശരിയായ ദിശയിലുള്ള പടിയാണെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു.
ലിംഗസമത്വമുറപ്പാക്കുന്നതിനും കൂടുതല്‍ ഉള്‍ക്കൊള്ളുന്ന ഒരു ഇടത്തിനുവേണ്ടിയുള്ള ശക്തമായ സന്ദേശമാണിതെന്ന് ഭവിഷ് അഗര്‍വാളിന്റെ ട്വീറ്റിന് മറുപടിയായി ഒരാള്‍ അഭിപ്രായപ്പെട്ടു. സ്ത്രീ ശക്തിയ്ക്ക് കൂടുതല്‍ ശക്തിയെന്ന് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറ്റൊരാള്‍ കമന്റ് ചെയ്തു.
Content highlights: girl power for green power twitter celebrates all women teams at ola mahindra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..