വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം/ ജൂലി ശർമയും അർജുൻ ശർമയും | Photo: instagram/ namastejuli
വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ജീവിച്ചു വളര്‍ന്നവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ പലപ്പോഴും കൗതുകമായിരിക്കും. രണ്ട് വ്യത്യസ്ത രാജ്യക്കാര്‍ തമ്മിലുള്ള വിവാഹമാണെങ്കില്‍ പറയുകയും വേണ്ട. എല്ലാ തരത്തിലും ഇരുവരും വ്യത്യസ്ത ധ്രുവങ്ങളായിരിക്കും. വീട്ടുകാരേയും നാടിനേയും അവിടുത്തെ രീതികളേയും മനസിലാക്കാന്‍ തന്നെ സമയമെടുക്കും. എന്നാല്‍ ഇന്ത്യന്‍ ജീവിതരീതികളോട് പെട്ടെന്ന് പൊരുത്തപ്പെട്ട ഒരു ജര്‍മന്‍ യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭര്‍ത്താവിന്റെ ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ അമ്മയ്‌ക്കൊപ്പം കൃഷി ചെയ്യുന്ന ജൂലി ശര്‍മ എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ജയ്പൂര്‍ സ്വദേശിയായ അര്‍ജുന്‍ ശര്‍മയാണ് ഇവരുടെ ഭര്‍ത്താവ്. കൃഷിയിടത്തില്‍ ജൂലി ഭര്‍തൃമാതാവിനൊപ്പം ഉള്ളി കൃഷി ചെയ്യുന്നതിന്റെ വീഡിയോ അര്‍ജുന്‍ തന്നെയാണ് പകര്‍ത്തിയത്.
എവിടെ നിന്നാണ് വരുന്നതെന്ന് ജൂലിയോട് അര്‍ജുന്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ജര്‍മനിയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ഏഴു കടലുകള്‍ കടന്നെത്തിയത് ഇന്ത്യയില്‍ ഉള്ളി നടാനാണോ എന്നും ഇയാള്‍ തമാശയായി ചോദിക്കുന്നുണ്ട്. ഏറെ ഇഷ്ടപ്പെടുന്ന ജോലിയാണെന്നും ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും ജൂലി ഇതിന് മറുപടിയും നല്‍കുന്നുണ്ട്. തന്നെ ശല്ല്യപ്പെടുത്താതെ അവിടെ നിന്ന് മാറിനില്‍ക്കാന്‍ അര്‍ജുനോട് ജൂലി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഹിന്ദിയിലാണ് അവരുടെ സംസാരം. ജൂലിക്ക് സമീപം ഭര്‍തൃമാതാവിനേയും വീഡിയോയില്‍ കാണാം.
മോഡലും യുട്യൂബറുമായ ജൂലി വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഇന്ത്യയില്‍ തന്നെയാണ് കഴിയുന്നത്. ഈ ദൃശ്യങ്ങള്‍ അവര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'അമ്മയുടെ പ്രതികരണമാണ് ഏറ്റവും രസകരമായത്. കുടുംബത്തോടൊപ്പമുള്ള ഈ ലളിത ജീവിതം ഞാന്‍ വളരേയധികം ആസ്വദിക്കുന്നു. എന്റെ ഭര്‍ത്താവിന്റെ നാട്ടില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. പ്രകൃതിയോടും കുടുംബത്തോടും ഇണങ്ങിച്ചേര്‍ന്നുള്ള ജീവിതത്തില്‍ അങ്ങേയറ്റം സന്തോഷവതിയാണ്.' വീഡിയോയ്‌ക്കൊപ്പം ജൂലി കുറിച്ചു.
രണ്ടു കോടി 80 ലക്ഷം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. 21 ലക്ഷം ആളുകള്‍ ഈ വീഡിയോ ലൈക്കും ചെയ്തു. ഒരു മടിയും കാണിക്കാതെ ഇന്ത്യന്‍ സംസ്‌കാരവുമായി ഇത്രവേഗം ഇഴുകിച്ചേര്‍ന്ന ജൂലിയെ അഭിനന്ദിച്ച് നിരവധി പേര്‍ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ജൂലിക്കും അര്‍ജുനും ആശംസകള്‍ അറിയിക്കുന്നുവെന്നും ആളുകള്‍ കമന്റില്‍ പറയുന്നു.
Content Highlights: german woman plants onions with Indian mother in law viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..