കോഴിക്കോട് ബീച്ചിൽ അഷ്‌റഫ്കൂട്ടായ്മയിൽ പങ്കെടുത്തവർ ഇംഗ്ലീഷിൽ അഷ്‌റഫ് എന്നെഴുതിയ മാതൃകയിൽ അണിനിരന്നപ്പോൾ | Photo: Mathrubhumi
അഷ്റഫ് എന്ന് ഉറക്കെവിളിച്ചാല്‍ അവരെല്ലാവരും തിരിഞ്ഞുനോക്കുമായിരുന്നു. അണിനിരന്നവരെല്ലാം അഷ്‌റഫുമാര്‍. എല്ലാവര്‍ക്കും ഒരേസ്വപ്നം -ഒരേപേരുള്ളവരുടെ സംഗമത്തില്‍ ലോക റെക്കോഡിടണം. ബീച്ചില്‍ ഞായറാഴ്ച വൈകുന്നേരമാണ് നാടിന്റെ നാനാഭാഗത്തുനിന്നുള്ള അഷ്‌റഫുമാര്‍ ഒത്തുകൂടിയത്.
മീഞ്ചന്ത സ്വദേശി നാലരവയസ്സുകാരന്‍ ആദം അഷ്‌റഫ് വല്യുപ്പ മുഹമ്മദ് അഷ്‌റഫിന്റെയും ഉമ്മ ഫര്‍സാനയുടെയും കൈപിടിച്ചാണ് എത്തിയത്. അപകടത്തില്‍ കാലിനുപരിക്കേറ്റ മലപ്പുറം പടിക്കപ്പറമ്പില്‍ അഷ്‌റഫ് വാക്കറിന്റെ സഹായത്തോടെ സദസ്സിലെത്തി. പ്രവേശനകവാടത്തില്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് സ്വീകരിച്ചശേഷമേ സംഗമത്തിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.
യു.ആര്‍.എഫ്. ലോകറെക്കോഡ് ജൂറിമാരായ സുനില്‍ ജോസഫും സത്താര്‍ ആദൂറും പരിശോധനയ്‌ക്കെത്തിയിരുന്നു. 2571 അഷ്‌റഫുമാര്‍ പങ്കെടുത്ത് റെക്കോഡിട്ടെന്നറിഞ്ഞപ്പോള്‍ ആഹ്ലാദാരവം ഉയര്‍ന്നു. 'കുബ്രോസ്‌ക്കി' എന്നപേരില്‍ റഷ്യയില്‍ നടന്ന 2325 പേരുടെ സംഗമത്തിലെ റെക്കാഡാണ് അഷ്‌റഫുമാര്‍ തകര്‍ത്തെറിഞ്ഞത്.
ലഹരിമുക്തകേരളത്തിനായി പരിശ്രമിക്കുമെന്ന് എല്ലാ അഷ്‌റഫുമാരും ചേര്‍ന്ന് പ്രതിജ്ഞയെടുത്തു. അഷ്‌റഫ് എന്നാല്‍ ശ്രേഷ്ഠനെന്നാണ് അര്‍ഥമെന്ന് അഭിമാനിച്ചു. നിയമസഭയില്‍ തങ്ങളുടെ പ്രതിനിധിയായി എ.കെ.എം. അഷ്റഫ് ഉണ്ടെന്ന് കൂട്ടായ്മയുടെ കൊടിയുയര്‍ത്തി ആവേശത്തോടെ ഉറക്കെപ്പറഞ്ഞു. സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതരാവാന്‍ കൂട്ടായ്മ ഐകകണ്‌ഠ്യേന തീരുമാനിച്ചു.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സംഗമം ഉദ്ഘാടനംചെയ്തു. സംസ്ഥാനപ്രസിഡന്റ് അഷറഫ് മവ്വല്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ കെ. മൊയ്തീന്‍കോയ, എസ്.കെ. അബൂബക്കര്‍, അഷ്റഫ് മൂത്തേടം, എന്‍.എച്ച്. അഷ്റഫ്, അഷ്റഫ് നരിക്കുനി, ഐ.പി. അഷ്റഫ്, അഷ്‌റഫ് താമരശ്ശേരി, അഷ്‌റഫ് ചുക്കാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അഷ്‌റഫ് ബാഖവി പ്രാരംഭപ്രാര്‍ഥന നടത്തി.അഷ്‌റഫ് യൂത്ത് ചാരിറ്റിസെല്‍ നല്‍കുന്ന വാട്ടര്‍പ്യൂരിഫയര്‍ മെഡിക്കല്‍കോളേജിലെ ചീഫ് നഴ്സിങ് ഓഫീസര്‍ സുമതി, മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. കെ.കെ. അഷ്‌റഫ് പുത്തൂരിന് കര്‍മശ്രേഷ്ഠപുരസ്‌കാരവും അഷ്‌റഫ് താമരശ്ശേരിക്ക് പി.സി. സ്മാരക അവാര്‍ഡും അഷ്‌റഫ് റോയാള്‍ഡിന് കര്‍ഷകശ്രീ അവാര്‍ഡും സമ്മാനിച്ചു. മൗരിക്കല്‍ അഷ്‌റഫ്, വലിയാട്ട് അഷ്‌റഫ്, താണിക്കല്‍ അഷ്‌റഫ്, കക്കാട്ട് അഷ്‌റഫ്, അഷ്‌റഫ് തോട്ടത്തില്‍ എന്നിവരെ ആദരിച്ചു. 2015-ല്‍ മലപ്പുറം തിരൂരങ്ങാടിയിലെ ചായക്കടയില്‍ അഞ്ച് അഷ്‌റഫുമാര്‍ യാദൃച്ഛികമായി ഒരുമിച്ചുകൂടിയപ്പോഴായിരുന്നു കൂട്ടായ്മയുടെ തുടക്കം.
Content Highlights: gathering of people with same name ashraf
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..