ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്, ഇന്ദിരാ കെയ്‌റ്റോ
നമുക്കെല്ലാം മൂന്നു തരം ജീവിതങ്ങളാണുള്ളത്, ഒന്ന് പരസ്യമായതും മറ്റൊന്നു സ്വകാര്യമായതും പിന്നീടൊന്ന് നിഗൂഢമാർന്നതും. ‘ഏകാന്തതയുടെ നൂറുവർഷങ്ങളു’ടെ കഥാകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ വാക്കുകളാണിത്. ഒടുവിൽ പറഞ്ഞ വാക്കുകൾ ജീവിതത്തിലും മാർക്കേസ് പ്രാവർത്തികമാക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. മാർക്കേസ് അന്തരിച്ച് എട്ടുവർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന് മുപ്പത്തിമൂന്നുകാരിയായ ഒരു മകൾ കൂടി ഉണ്ടെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
കൊളംബിയൻ പത്രമായ ‘എൽ യൂണിവേഴ്‌സൽ’ ആണ് മാർക്കേസിന് വിവാഹേതര ബന്ധത്തിൽ ഒരു മകളുണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയത്. വാർത്താ ഏജൻസിയായ എ.പി. മാർക്കേസിന്റെ രണ്ടു ബന്ധുക്കളോടു സംസാരിച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്ദിര എന്നാണ് മകളുടെ പേര്. മെക്‌സിക്കോ സിറ്റിയിൽ ഡോക്യുമെന്ററി നിർമാതാവാണ് ഇവർ. മെക്‌സിക്കോയിലൂടെ കടന്നുപോകുന്ന കുടിയേറ്റക്കാരെക്കുറിച്ച് 2014-ലെടുത്ത ഡോക്യുമെന്ററിക്ക് ഇവർക്ക് ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചു.
മാധ്യമപ്രവർത്തകയും സാഹിത്യകാരിയുമായ സൂസന കെയ്‌റ്റോയാണ് ഇന്ദിരയുടെ അമ്മ. തന്റെ അറുപതുകളിൽ 1990-കളുടെ തുടക്കത്തിലാണ് മാർക്കേസിന് സൂസനയിൽ ഇന്ദിര പിറന്നത്. മാർക്കേസിന്റെ വിദ്യാർഥിയായിരുന്ന സൂസന അദ്ദേഹത്തിന്റെ രണ്ടു സിനിമകളുടെ തിരക്കഥാരചനയിൽ പങ്കാളിയായിരുന്നു. 1996ൽ ഒരു മാഗസിനു വേണ്ടി മാർക്കേസിനെ സൂസന അഭിമുഖം ചെയ്തിരുന്നുവെന്നും എപി റിപ്പോർട്ട് ചെയ്യുന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോടുള്ള ആദരസൂചകമായാണ് മാർക്കേസ് മകൾക്ക് ഇന്ദിരയെന്ന് പേരിട്ടതെന്നും എൽ യൂണിവേഴ്സൽ റിപ്പോർട്ട് ചെയ്യുന്നു. മാർക്കേസിന്റെ കടുത്ത ആരാധികയായിരുന്നു ഇന്ദിര. 1982ൽ മാർക്കേസ് നോബേൽ പുരസ്കാരം നേടിയപ്പോൾ ആദ്യം അഭിനന്ദിച്ച ലോകനേതാക്കളിൽ ഒരാൾ ആയിരുന്നുവത്രേ ഇന്ദിര.
നൊബേൽ സമ്മാനജേതാവായ മാർക്കേസ് 2014-ലാണ് അന്തരിച്ചത്. മെഴ്‌സിഡിസ് ബാർച്ചയാണ് ഭാര്യ. അരനൂറ്റാണ്ടിലേറെനീണ്ട ഈ ദാമ്പത്യബന്ധത്തിൽ ഇവർക്ക് രണ്ടു മക്കൾ -റോഡ്രിഗോയും ഗോൺസാലോയും. 2020-ൽ മേഴ്‌സിഡിസും അന്തരിച്ചു. അവരോടുള്ള ബഹുമാനംമൂലമാണ് ഇന്ദിരയുടെ കാര്യം ഇതുവരെ രഹസ്യമാക്കിവെച്ചതെന്നാണ് ഗാർഷ്യ മാർക്കേസ് കുടുംബത്തിലുള്ളവർ പറഞ്ഞതെന്ന് എൽ യൂണിവേഴ്‌സൽ പറയുന്നു.
മാധ്യമശ്രദ്ധയിൽ നിന്ന് വിട്ടുനിൽക്കാൻ സൂസനയും മകളുടെ പിതാവിനെക്കുറിച്ച് പരസ്യമാക്കിയിരുന്നില്ല. ഇന്ദിരയെക്കുറിച്ച് അറിയാമായിരുന്നു എന്ന് മാർക്കേസിന്റെ മരുമകൾ ഷാനി ഗാർസ്യാ മാർക്കേസ് എപിയോട് പറഞ്ഞു. എന്നാൽ അമ്മാവന്റെ സ്വകാര്യജീവിതം മാനിച്ചാണ് ഇക്കാര്യം തുറന്നു പറയാതിരുന്നത്. സമൂഹമാധ്യമത്തിലൂടെ ഇന്ദിരയുമായി ബന്ധം സൂക്ഷിച്ചിരുന്നുവെന്ന് മാർക്കേസിന്റെ മരുമകൻ ഗബ്രിയേൽ എലിഗോ ടോറെസ് ഗാർഷ്യ പറയുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ തീർത്തും കലാപരമായ ജീവിതമാണ് ഇന്ദിര നയിക്കുന്നതെന്നും ഷാനി പറയുന്നു.
Content Highlights: gabriel garcia marquez had a secret daughter, indira cato, gabriel garcia marquez family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..