കുട്ടികളുടെ കുസൃതികള്‍ പലപ്പോഴും അതിര് കടക്കാറുണ്ട്. നിമിഷനേരത്തിനുള്ളിലാണ് നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് അവരെത്തുന്നത്. അതുപോലെ ഒരു നാല് വയസുകാരന്റെ അശ്രദ്ധ മൂലം ഒരു മ്യൂസിയത്തില്‍ തകര്‍ന്നുപോയത് 3500 വര്‍ഷം പഴക്കമുള്ള മണ്‍പാത്രമാണ്. 

To advertise here,

ഇസ്രായേലിലെ ഹൈഫയിലെ പ്രശസ്തമായ ഹെക്റ്റ് മ്യൂസിയത്തില്‍ കഴിഞ്ഞാഴ്ച്ചയായിരുന്നു ഈ സംഭവം നടന്നത്. 35 വര്‍ഷമായി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന വെങ്കല യുഗത്തോളം പഴക്കമുള്ള ഭരണിയാണ് നാല് വയസുകാരനായ ഏരിയലിന്റെ കൈതട്ടി ഉടഞ്ഞുവീണത്.

എന്നാല്‍ ആ നാല് വയസുകാരനെ ചീത്ത പറയാനോ ശിക്ഷ നല്‍കാനോ മ്യൂസിയം അധികൃതര്‍ തുനിഞ്ഞില്ല. പകരം അവന് ആ ഭരണിയുടെ പ്രാധാന്യം എന്താണെന്ന് അവര്‍ പറഞ്ഞ് മനസിലാക്കി കൊടുത്തു. ഭരണിയെല്ലാം നന്നാക്കി പഴയ രൂപത്തിലാക്കിയശേഷം അത് കാണാനായി മ്യൂസിയം ഡയറക്ടര്‍ ഡോ.ഇന്‍ബാള്‍ റിവ്‌ലിന്‍ കുട്ടിയെ മ്യൂസിയത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. മാതാപിതാക്കളോടൊപ്പം വീണ്ടും എത്തിയ ഏരിയല്‍ പൊട്ടിയ മറ്റൊരു ചെറിയ ഭരണി നന്നാക്കിയെടുക്കുന്ന ടീമിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. 

കഴിഞ്ഞാഴ്ച്ച മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഏരിയല്‍ മ്യൂസിയം സന്ദര്‍ശിച്ചത്. ഭരണിക്കുള്ളില്‍ എന്താണെന്ന് അറിയാന്‍ മകന്‍ കൗതുകത്തോടെ പിടിച്ചു നോക്കിയപ്പോഴാണ് അത് മറിഞ്ഞുവീണതെന്ന് പിതാവ് അലക്‌സ് വ്യക്തമാക്കി. പൊട്ടിയ ഭരണിക്ക് സമീപം നില്‍ക്കുന്ന മകനെ കണ്ടപ്പോള്‍ ആദ്യം ഞെട്ടിപ്പോയി. മകന്‍ പേടിച്ചു കരയാനും തുടങ്ങി. തുടര്‍ന്ന് ഇക്കാര്യം മ്യൂസിയത്തിലെ സുക്ഷാ ജീവനക്കാരെ അറിയിച്ചെന്നും അലക്‌സ് പറയുന്നു.

വെങ്കല യുഗത്തില്‍ ഒലീവെണ്ണയോ വൈനോ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഭരണി മ്യൂസിയത്തിന്റെ കവാടത്തിന് സമീപമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. തടസങ്ങളൊന്നുമില്ലാതെ കാണുന്നതിനായി പ്രത്യേക ഗ്ലാസ് സുരക്ഷയും ഒരുക്കിയിരുന്നില്ല.