ഇറ ബസു
കൊൽക്കത്ത: വൈറോളജിയിൽ ഗവേഷണ ബിരുദധാരിയാണ് ഇറ ബസു. 33 വർഷക്കാലം ഹൈസ്കൂൾ അധ്യാപികയായിരുന്നു. മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യ മീരയുടെ സഹോദരി. കഴിഞ്ഞ രണ്ടുവർഷക്കാലമായി ഇറയുടെ ജീവിതം കൊൽക്കത്ത നഗരപ്രാന്തത്തിലെ സങ്കടക്കാഴ്ച. വെയിലും മഴയും പൊടിക്കാറ്റുമവഗണിച്ച് ഫുട്പാത്തിലാണ് കഴിയുന്നത്. ഇറയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായതോടെ അധികൃതർ ഇടപെട്ട് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലെത്തിച്ചു.
1976 മുതൽ 2009 വരെ 24 പർഗാനാസ്-വടക്ക് ജില്ലയിലുള്ള പ്രിയനാഥ് ഗേൾസ് ഹൈസ്കൂളിൽ ലൈഫ് സയൻസ് അധ്യാപികയായിരുന്ന ഇറയ്ക്ക് വലിയ ശിഷ്യസമ്പത്തുണ്ട്. ബഡാനഗറിൽ താമസിച്ചിരുന്ന അവർ വിരമിക്കലിനുശേഷം ഖർദയിലെ ലിച്ചുബഗാനിലേക്ക് താമസം മാറ്റി. എന്നാൽ ഇവിടെ നിന്ന് അപ്രത്യക്ഷയായി, പിന്നീട് ഡൺലപ്പിലെ ഫുട്പാത്തിലാണ് എത്തിപ്പെട്ടത്. വിരമിച്ചശേഷം പെൻഷൻ ഏർപ്പാടാക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ സമർപ്പിക്കാൻ ഇറ തയ്യാറായില്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കൃഷ്ണകാളി ചന്ദ പറഞ്ഞു. അതിനാൽ പെൻഷനും കിട്ടുന്നില്ല.
ബുദ്ധദേബിന്റെ കുടുംബവുമായി ബന്ധപ്പെട്ടുള്ള പ്രശസ്തി തീരെ ഇഷ്ടപ്പെടുന്നില്ല ഇറ. അധ്യാപികയായത് സ്വന്തം കഴിവിലാണെന്നും അന്നും ബുദ്ധദേബിന്റെ പേരിൽ എന്തെങ്കിലും സഹായം സ്വീകരിച്ചിട്ടില്ലെന്നും അവർ പറയുന്നു. ‘‘കുറച്ചുപേർക്കൊക്കെ ഞങ്ങളുടെ കുടുംബബന്ധം അറിയാം. എന്നാൽ അങ്ങനെയൊരു മേൽവിലാസത്തിൽ എനിക്ക് താത്പര്യമില്ല’’-ഇറയുടെ നിലപാടതാണ്.
അവിവാഹിതയായ ഇറ ഫുട്പാത്തിലാണ് കഴിയുന്നതെങ്കിലും ആരോടും സൗജന്യം പറ്റാറില്ല. ഭക്ഷണം പണം കൊടുത്തു തന്നെയാണ് വാങ്ങിക്കഴിക്കാറ്.
കഴിഞ്ഞ അധ്യാപകദിനത്തിൽ ഡൺലപ്പിലെ ആർത്യജൊൻ എന്ന സംഘടന ഇറയെ ആദരിച്ചിരുന്നു. ഹാരമണിയിക്കുകയും മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു. തന്റെ സഹ അധ്യാപകർക്കും വിദ്യാർഥികൾക്കും ഇന്നും തന്നോട് ഏറെ ബഹുമാനമാണെന്നും തന്നെ കെട്ടിപ്പിടിക്കുമ്പോൾ അവരിൽ ചിലർ കരയാറുണ്ടെന്നും ചടങ്ങിൽ സംസാരിക്കുമ്പോൾ ഇറ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..