അഭിഭാഷകനായ ജയറാം സുബ്രമണി മകൾ അവന്തികയോടൊപ്പം | Photo: facebook/ Jayaram Subramani
മകളുടെ വിവാഹം എങ്ങനെ ആയിരിക്കണമെന്ന് ഒരു അച്ഛന് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത് വിസ്മയയുടെ കേസിന്റെ വിധി വന്ന പശ്ചാത്തലത്തിലാണ് അച്ഛന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അഭിഭാഷകനായ ജയറാം സുബ്രമണി മകള്‍ അവന്തികയ്ക്കായി എഴുതിയതാണ് ഈ കുറിപ്പ്.
നാട്ടുനടപ്പ് അനുസരിച്ചുള്ള കല്ല്യാണപ്രായം കഴിഞ്ഞിട്ടും മകള്‍ വിവാഹിതയാകാതെ നില്ക്കുന്നതുകൊണ്ട് ആരെങ്കിലും ചോദ്യംചെയ്താല്‍ അയാളെ ഒരു അച്ഛന് എന്ന നിലയില്‍ ചീത്ത പറയുമെന്ന് ജയറാം കുറിപ്പില്‍ പറയുന്നു. പ്രണയ വിവാഹത്തിന് ശേഷവും ബന്ധം മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ മകള്‍ക്ക് തിരിച്ചുവരാം എന്നും വീടിന്റെ വാതില്‍ മകള്‍ക്ക് മുന്നില്‍ തുറന്ന് തന്നെ കിടക്കുമെന്നും ജയറാം വ്യക്തമാക്കുന്നു.
തന്റേടിയെന്നോ താന്തോന്നിയെന്നോ പേര് കേള്‍ക്കുമെന്ന് കരുതി സഹിച്ച് സഹകരിച്ച് ഒതുങ്ങി കൂടേണ്ടതില്ല. തലയുയര്‍ത്തി നടു നിവര്‍ത്തി നില്‍ക്കണമെന്നും അച്ഛന് മകളെ ഓര്‍മിപ്പിക്കുന്നു.
നിരവധി ആളുകള്‍ ഈ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ പിന്തുണ അറിയിച്ചിട്ടുണ്ട്. അച്ഛനായാല്‍ ഇങ്ങനെ വേണമെന്നും ഈ ഒരു വാക്ക് മതിയെന്നും ആളുകള്‍ കമന്റ് ചെയ്യുന്നു. 15000 ലൈക്കും 5100 ഷെയറും 1700 കമന്റുകളും ഈ പോസ്റ്റിന് ലഭിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അവന്തികാ....
ഞാന്‍ നിന്നെ വളര്‍ത്തുന്നത് ഏതോ ഒരുത്തന് നിന്റെ ജീവിതം വച്ച് പന്താടാന്‍ നിന്നെ ഏല്‍പ്പിക്കാനല്ല.ഏതോ ഒരുത്തന് ചെലവഴിക്കാന്‍ വേണ്ടി ഞാന്‍ ഒരു രൂപ പോലും സേവ് ചെയ്യുകയുമില്ല.
ഞാന്‍ നിനക്ക് വിദ്യാഭ്യാസം തരും.സ്വയം സമ്പാദിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും നിന്നെ പ്രാപ്തയാക്കും.
നിന്നെ വിവാഹിതയാകാന്‍ ഞാനായിട്ട് പ്രേരിപ്പിക്കുകയില്ല.കല്ല്യാണപ്രായം എന്നൊരു പ്രായം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്.അത് കവര്‍ ചെയ്ത് നീ വിവാഹിതയാകാതെ നില്ക്കുന്നതു കൊണ്ട് എന്നെ ചോദ്യം ചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും.കുടുംബത്തിന്റെ സല്പേരിനെ പറ്റി പ്രസംഗിക്കുന്നവരെ അകറ്റും.അതില്‍ കുറഞ്ഞ സല്പേര് മതി നമുക്ക്.അതില്‍ കുറഞ്ഞ ആഢ്യത മതി നമ്മുടെ കുടുംബത്തിന്.
നിനക്ക് നിന്റേതായ വഴി തിരഞ്ഞെടുക്കാനും ചോയ്സസ് എടുക്കാനും സ്വാതന്ത്ര്യമുണ്ട്. നിനക്ക് തോന്നി നിന്റെ ഇഷ്ടപ്രകാരം നീ വിവാഹിതയായാല്‍...ഒരു കാര്യം ഉറപ്പിച്ചോളുക.നിനക്ക് ആ ബന്ധം ഡിസ്കംഫര്‍ട്ടായി തോന്നുന്നുവെങ്കില്‍..നിന്റെ വ്യക്തിത്വവും കാഴ്ചപ്പാടുമായി ഒത്തു പോകുന്നില്ല ജീവിതമെങ്കില്‍ ഒരു നിമിഷം മുന്‍പ് തിരിച്ച് പോന്നേക്കുക.നീയായിട്ട് തെരഞ്ഞെടുത്ത ഒരു ബന്ധത്തിലെ കല്ലുകടിയും പീഢനങ്ങളും അവമതികളും നീ ജീവിതകാലം മുഴുവന്‍ സഹിക്കേണ്ടതില്ല.നമ്മുടെ വീടിന്റെ വാതില്‍ നിനക്ക് മുന്നില്‍ എന്നും തുറന്ന് തന്നെ കിടക്കും.
തിരിച്ചു പോരാന്‍ കഴിയാത്ത വിധം അകപ്പെട്ടിരിക്കുകയാണെങ്കില്‍ വിവരം അറിയിക്കുക.അടുത്ത നിമിഷം ഞാനവിടെത്തും.ഇനി അറിയിക്കാനാകാത്ത വിധമാണ് നിന്റെ സ്ഥിതിയെങ്കില്‍ പോലും അത് ഞാനായിട്ടറിഞ്ഞോളാം.അതിനുള്ള വഴികളൊക്കെ എനിക്കറിയാം.വിവാഹിതയായി എന്ന് വച്ച് നീ എന്റെ മകളല്ലാതെയാകുന്നില്ല.
അച്ഛനുമമ്മയും വിഷമിക്കുമെന്ന് കരുതി നീ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വയ്ക്കുമ്പോള്‍ ഓര്‍ക്കുക...നിന്റെ വേദനയിലും വലുതല്ല ഞങ്ങളുടെ വിഷമം.നീ ഇല്ലാതാകുന്നതിലും വലുതല്ല വിവാഹിതയായ നീ തിരിച്ചു വന്നാലുണ്ടായേക്കാവുന്ന കുശുകുശുപ്പുകള്‍.
ഒരു കാരണവശാലും വ്യക്തിത്വവും സ്വാതന്ത്ര്യവും ബലി കൊടുത്ത് നീ ഒരു കുലസ്ത്രീ പട്ടം അണിയേണ്ടതില്ല.തന്റേടിയെന്നോ താന്തോന്നിയെന്നോ പേര് കേള്‍ക്കുമെന്ന് കരുതി സഹിച്ച് സഹകരിച്ച് ഒതുങ്ങി കൂടേണ്ടതുമില്ല.
തലയുയര്‍ത്തി നടു നിവര്‍ത്തി നില്ക്കുക.നിന്റെ ജീവിതം നിന്റെ മാത്രമാണ്.തന്റേടത്തോടെ ജീവിക്കുക.
നീ എനിക്ക് ഏറെ വിലപ്പെട്ടവളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..