സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രം/ പിഎച്ച് അഷ്റഫ് | Photo: facebook/ binu vasavan
കെഎസ്ആര്‍ടിസി ബസില്‍ യൂണിഫോം ധരിക്കാതെ ജുബ്ബയും തൊപ്പിയുമടങ്ങുന്ന മതവേഷം ധരിച്ച് പിഎച്ച് അഷ്റഫെന്ന ഡ്രൈവര്‍ ജോലിക്കെത്തിയെന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിനെതിരേ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്ത്തകന്. കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയിലെ കണ്ടക്ടറായ ബിനു വാസവനാണ് അഷ്റഫിനെ പിന്തുണച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി വന്നത്.
അഷ്റഫ് ഇതേ വേഷത്തില്‍ അയ്യപ്പന്മാരേയും കൊണ്ട് പമ്പയിലേക്ക് പോയിട്ടുണ്ടെന്ന് ബിനു കുറിപ്പില്‍ പറയുന്നു. ഉത്സവ, പള്ളി പെരുന്നാള്‍ സ്പെഷ്യല്‍ സര്‍വീസുകളില്‍ വിശ്വാസികളെ കൊണ്ടുപോയതും ഇതേ വേഷത്തിലാണെന്നും ബിനു കൂട്ടിച്ചേര്‍ക്കുന്നു. ഒരു സാധു മനുഷ്യനായ അദ്ദേഹത്തെ കുറിച്ച് കുറച്ച് മനുഷ്യര്‍ എന്തൊക്കെയോ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ഫെയ്സ്ബുക്കില്‍ പഴയ സഹപ്രവര്ത്തകന് കുറിക്കുന്നു.
സംഘ്പരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥന് അടക്കമുള്ളവര്‍ ഈ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കെഎസ്ആര്‍ടിസി യൂണിഫോം മാറ്റിയോ? എന്നായിരുന്നു പ്രതീഷ് വിശ്വനാഥന്റെ പോസ്റ്റ്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെഎസ്ആര്‍ടിസിയിലെ ഇളംനീല നിറത്തിലുള്ള സാധാരണ യൂണിഫോം ഷര്‍ട്ട് തന്നെയാണ് അഷ്റഫ് ധരിച്ചിരുന്നത്. ഇതിനും പാന്റിനും മുകളിലൂടെ ഒരു വെള്ള തോര്‍ത്ത് മടിയില്‍ വിരിച്ചിരുന്നു. ഇതാണ് ജുബ്ബയാണെന്ന് തോന്നിക്കാന്‍ കാരണം.
സമൂഹ മാധ്യമങ്ങളിലെ പ്രചരണം തെറ്റാണെന്നും ഡ്രൈവര്‍ ധരിച്ചിരുന്നത് യൂണിഫോം തന്നെയെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. മാവേലിക്കര യൂണിറ്റിലെ ഡ്രൈവറായ അഷ്റഫ് തിരുവനന്തപുരം-മാവേലിക്കര റൂട്ടില്‍ ജോലിചെയ്യുന്നതിനിടേയാണ് തെറ്റിദ്ധാരണ തോന്നുന്ന രീതിയില്‍ ചിത്രമെടുത്ത് ചിലര്‍ പ്രചരിപ്പിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..