പരിചരണത്തെ തുടർന്ന് ആരോഗ്യം വീണ്ടെടുത്ത് ബാഷയായി ഷെറീഫിന്റെ വീട്ടിൽ | Photo: Mathrubhumi
ദിവസങ്ങളോളം ആഹാരമില്ലാതെ എല്ലുംതോലുമായി കിടന്ന പഴയകാലം അവന്‍ മറന്നു. ഇന്ന് അവന്‍ ബാഷയായി വെങ്ങാനൂരിലെ ഷെറീഫ് മുളമൂട്ടിലിന്റെ വീട്ടിലെ അംഗവും കാവല്‍ക്കാരനുമാണ്. നായയുടെ സ്‌നേഹത്തിന്റെയും ഇണക്കത്തിന്റെയും മറ്റൊരു കഥയാണ് വെങ്ങാനൂര്‍ സ്വദേശി ഷെറീഫിന്റെ വീട്ടില്‍നിന്നു കേള്‍ക്കുന്നത്.
ഒരു വര്‍ഷം മുമ്പ് ബൈപ്പാസ് റോഡിലെ കല്ലുവെട്ടാന്‍ കുഴി ഭാഗത്ത് ഗ്രേറ്റ് ഡെയ്ന്‍ ഇനത്തില്‍പ്പെട്ട നായയെ രാത്രിയില്‍ ഉടമസ്ഥന്‍ വൈദ്യുത്തത്തൂണില്‍ കെട്ടിയിട്ടിട്ട് ഉപേക്ഷിച്ചുപോയി. ശരീരത്തില്‍ ചെറിയ മുറിവുകളുമായി, ഉടമയെ കാത്ത് നായ ദിവസങ്ങളോളം റോഡിലിരുന്നു. പോകുന്ന കാറുകളെ നോക്കി കുരച്ചു. ഒടുവില്‍ ഈറനണിഞ്ഞ കണ്ണുമായി റോഡില്‍ തളര്‍ന്ന് വീണു. കെട്ടിയിട്ടതിനാല്‍ ഓടാനുമായില്ല. ഒരിറ്റ് ആഹാരത്തിനും വെള്ളത്തിനും വേണ്ടി വഴിയോരത്ത്കൂടി പോകുന്നവരെ നോക്കി ഉച്ചത്തില്‍ കുരച്ചപ്പോള്‍, വലിപ്പമുള്ള നായയെക്കണ്ട് നാട്ടുകാര്‍ ഭയത്തോടെ ഒഴിഞ്ഞുമാറി.
ഒടുവില്‍ കുഴഞ്ഞുവീണ് കിടക്കുന്ന നായയെക്കുറിച്ച് നാട്ടുകാരായ യുവാക്കളാണ് മൃഗസ്നേഹിയായ ഷെറീഫിനെ വിവരമറിയിച്ചത്. ഷെറീഫ് എത്തിയപ്പോള്‍ ശരീരം ഒട്ടി വലിഞ്ഞ് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു നായയുടേത്. ബദ്ധപ്പെട്ട് തന്റെ വീട്ടിലെത്തിച്ച് വെള്ളവും ഭക്ഷണവും കൊടുത്തുവെങ്കിലും ഒരിറ്റ് കഴിക്കാന്‍ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല.
ഒടുവില്‍ മൃഗസ്നേഹിയായ കിരണിന്റെ ഉപദേശപ്രകാരം ശരീരത്തെ ചെറുമുറിവുകള്‍ പരിചരിച്ച് ഉണക്കി. പതിയെ പതിയെ നായ ആഹാരം കഴിച്ചു തുടങ്ങി. തുടര്‍ന്ന് നടത്തിയും പ്രോട്ടീന്‍ കലര്‍ന്ന ആഹാരവും കൊടുത്ത് ആരോഗ്യം വീണ്ടെടുത്തു.
.jpg?$p=dcf88e7&&q=0.8)
ഇന്ന് ബാഷ ഗാംഭീര്യത്തോടെ കുരയ്ക്കും. മരണത്തിലേക്ക് വഴുതിവീണ തന്നെ അന്നമൂട്ടി രക്ഷപ്പെടുത്തിയതിന്റെ സ്നേഹം ആവോളം പ്രകടിപ്പിക്കും. വീട്ടിലെ കുഞ്ഞുങ്ങളോടുപോലും ആ സ്നേഹം കാണാനാകുമെന്ന് ഷെറീഫിന്റെ അച്ഛന്‍ ജോര്‍ജ് ഡാനിയേല്‍ പറഞ്ഞു.
Content Highlights: dogs love and harmony and helping hand from animal lover shareef
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..