ഡോ. സേതുരവി കുട്ടു എന്ന നായയുമൊത്ത്, കുട്ടുവിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ചൊവ്വാഴ്ച 'മാതൃഭൂമി'യിൽ നൽകിയ പരസ്യം
അമ്പലപ്പുഴ: 'എന്റെ മോനെ കിട്ടി...' പറയുമ്പോള്‍ അധ്യാപികയായ ഡോ. സേതുരവിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. 'തീവണ്ടിപ്പാളത്തില്‍ ഓടിക്കളിച്ച അവന്റെ അടുത്തുചെന്നിട്ടും ആദ്യം ഞങ്ങളെ മനസ്സിലായില്ല. മുഖാവരണം മാറ്റിയപ്പോഴാണ് അവന്‍ അടുത്തേക്ക് വന്നത്. ആഹാരമില്ലാതെ അവനാകെ ക്ഷീണിച്ചുപോയിരുന്നു.'
അമ്പലപ്പുഴ ഗവ. കോളേജിലെ കോമേഴ്‌സ് വിഭാഗം മേധാവി ഡോ. സേതുരവിയുടെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു കുട്ടു എന്ന ഈ പോമറേനിയന്‍ നായ. ശനിയാഴ്ച രാവിലെ പതിനൊന്നുമണിക്ക് കാര്‍ പുറത്തിറക്കാന്‍ ഗേറ്റ് തുറന്നപ്പോഴാണ് ആരും കാണാതെ കുട്ടു റോഡിലിറങ്ങിയത്. അന്നുമുതല്‍ ഡോ. സേതുരവിയും ഇളയമകന്‍ സൂരജും കുട്ടുവിനെത്തേടി അലയുകയായിരുന്നു. ആലപ്പുഴ പട്ടണത്തിലും പരിസരത്തുമായി തിരയാനിനി ഇടമില്ല. കണ്ടെത്തി തിരികെ നല്‍കുന്നവര്‍ക്ക് 5,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് 'മാതൃഭൂമി'യില്‍ പരസ്യം നല്‍കിയതോടെ വന്‍പ്രചാരം ലഭിച്ചു. ആലപ്പുഴ പുലയന്‍വഴി മാര്‍ക്കറ്റിന് സമീപം കുട്ടുവിനെ കണ്ടതായി വിവരം ലഭിച്ച് സേതുരവിയും മകനും ചെന്നപ്പോള്‍ അവന്‍ അവിടെനിന്ന് പോയിരുന്നു.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ പുന്നപ്ര വാടയ്ക്കലില്‍ സഹകരണ എന്‍ജിനീയറിങ് കോളേജിന്റെ ലേഡീസ് ഹോസ്റ്റലിന് സമീപത്ത് കുട്ടുവിനെ കണ്ടതായി വിവരം ലഭിച്ചു. പക്ഷേ, വീട്ടുകാര്‍ എത്തിയപ്പോള്‍ കുട്ടു അവിടെനിന്ന് പോയിരുന്നു. കുതിരപ്പന്തിക്ക് സമീപം തീവണ്ടിപ്പാളത്തില്‍ ഓടിക്കളിക്കുന്നതായാണ് പിന്നീട് ലഭിച്ച വിവരം. ജനശതാബ്ദി തീവണ്ടി എത്തേണ്ട സമയം. പരിഭ്രാന്തിയോടെ ഇവര്‍ പാളത്തിനരികിലെത്തിയപ്പോള്‍ കുട്ടു അവിടെയുണ്ട്. ആലപ്പുഴ മിനര്‍വ കോളേജില്‍നിന്ന് ബി.കോം. കഴിഞ്ഞ പ്രദേശവാസിയായ സ്റ്റെഫിന്‍ സെല്‍വിനാണ് വിവരം നല്‍കി കുട്ടുവിന് കാവല്‍നിന്നത്. പറഞ്ഞിരുന്ന പാരിതോഷികം നല്‍കി ടീച്ചറമ്മ നന്ദി അറിയിച്ച് കുട്ടുവുമായി മടങ്ങി.
2013 മാര്‍ച്ച് അഞ്ചിനാണ് ഒരുമാസം മാത്രം പ്രായമുള്ള പോമറേനിയന്‍ ഡോ. സേതുരവിയുടെ കുടുംബത്തിന്റെ ഭാഗമായത്. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍ എം.ജെ.ജയകുമാറാണ് ഡോ. സേതുരവിയുടെ ഭര്‍ത്താവ്.
Content Highlights: dog reunited with owner
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..