ദേവാൻഷി സാങ്വി | Photo: facebook/ devanshi diksha dan
അനന്തരാവകാശമായി ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ സ്വത്തുപേക്ഷിച്ച് സന്യാസം സ്വീകരിച്ച് എട്ടു വയസുകാരി. ഗുജറാത്തിലെ സൂറത്തിലെ പ്രമുഖ വജ്ര വ്യാപാരി ധനേഷ് സാങ്വിയുടെ മൂത്ത മകള്‍ ദേവാന്‍ഷി സാങ്വിയാണ് ലൗകിക ജീവിതം ഉപേക്ഷിച്ച് ജൈനസന്യാസ ദീക്ഷ സ്വീകരിച്ചത്.
500 കോടി രൂപയോളം മൂല്യമുള്ള സ്വത്തുക്കളുടെ അനന്തരാവകാശികളില്‍ ഒരാളായിരുന്നു ദേവാന്‍ഷി. ഏകദേശം മൂന്ന് പതിറ്റാണ്ടായി സൂറത്തില്‍ വജ്രവ്യാപാരം നടത്തുന്നവരാണ് സാങ്വി ആന്റ് സണ്‍സ്. നിലവില്‍ ഈ സ്ഥാപനത്തിന്റെ മേധാവിയാണ് ദേവാന്‍ഷിയുടെ അച്ഛന് ധനേഷ് സാങ്വി.
ചടങ്ങുകള്‍ നാല് ദിവസം നീണ്ടു നിന്നു. ശിരസ്സ് മുണ്ഡനം ചെയ്ത് ക്ഷേത്രത്തിലെത്തിയ ദേവാന്‍ഷി തന്റെ പട്ടുകുപ്പായങ്ങളും ആഭരണങ്ങളും സമര്‍പ്പിച്ച് വെളുത്ത വസ്ത്രം സ്വീകരിച്ചു. ജൈനസന്യാസിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് എട്ടു വയസ്സുകാരി. സന്യാസം സ്വീകരിക്കുന്നത് ദേവാന്‍ഷിയുടെ ആഗ്രഹമായിരുന്നെന്നും ഇതുവരെ സിനിമ തിയേറ്ററിലോ ഷോപ്പിങ് മാളുകളിലോ റസ്റ്റോറന്റുകളിലോ അവള് പോയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
മതപരമായ ചടങ്ങുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കുട്ടിയെന്നും മൂന്നാം വയസ്സില്‍തന്നെ ശ്ലോകങ്ങള്‍ മന:പാഠമാക്കിയിരുന്നുവെന്നും ദേവാന്‍ഷിയുടെ മാതാപിതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗണിത ശാസ്ത്രത്തിലും മിടുക്ക് കാണിച്ച മകള്‍ 15 സെക്കന്റിനുള്ളില്‍ റൂബിക്സ് ക്യൂബ് സോള്‍വ് ചെയ്ത് സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു.
ദീക്ഷാ സ്വീകരണത്തോട് അനുബന്ധിച്ച് വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ദേവാന്‍ഷി ദീക്ഷാ ദാനം എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: diamond merchants 8 year old daughter embraces jain monkhood in gujarat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..