ഫ്ളാഷ് മോബിൽ നിന്നുള്ള രംഗം | Photo: youtube / new york post
മരണാനന്തര ചടങ്ങുകളില്‍ എപ്പോഴും സങ്കടം മാത്രമാണ് തളംകെട്ടി നില്‍ക്കാറുള്ളത്. പ്രിയപ്പെട്ട ഒരാള്‍ ഇനി കൂടെയില്ല എന്ന സത്യം ഉൾക്കൊള്ളാൻ കഴിയാതെ വിങ്ങിപ്പൊട്ടുന്നവരേയാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുക. എന്നാല്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മരണാനന്തര ചടങ്ങ് നടന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഒരു ഗംഭീര സര്‍പ്രൈസാണ് സാന്‍ഡി വുഡ് എന്ന വൃദ്ധ ഒരുക്കിവെച്ചിരുന്നത്.
വര്‍ഷങ്ങളായി ക്യാന്‍സര്‍ ബാധിതയായി കഴിയുകയായിരുന്നു സാന്‍ഡി വുഡ്. അതിനാല്‍ത്തന്നെ തന്റെ മരണം അവര്‍ മുന്‍കൂട്ടി കണ്ടിരുന്നു. എന്നാല്‍ തന്നെ യാത്രയാക്കാന്‍ എത്തുന്നവര്‍ സങ്കടത്തോടെ ഇരിക്കുന്നത് കാണാന്‍ 65-കാരി ഇഷ്ടപ്പെട്ടിരുന്നില്ല. താന്‍ മരിച്ചശേഷമുള്ള ചടങ്ങില്‍ ഫ്ളാഷ് മോബ് കളിക്കാന്‍ ഒരു ഡാന്‍സ് ട്രൂപ്പിനെത്തന്നെ സാന്‍ഡി വുഡ് ചുമതലപ്പെടുത്തി.
പള്ളിയില്‍ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ പല ഭാഗങ്ങളിലായി ഇരുന്ന നാല് പേര് ജാക്കറ്റുകള്‍ മാറ്റി മുമ്പിലേക്ക് വരികയായിരുന്നു. ഇതുകണ്ട് എല്ലാവരും അമ്പരന്നുപോയി. വൈകാതെ ഇവര്‍ ഒരുമിച്ച് നൃത്തംചെയ്യാന്‍ തുടങ്ങി. ഇതുകണ്ടതോടെ ചടങ്ങിനെത്തിയവരുടെ മുഖത്ത് നിന്ന് സങ്കടം മാറി പുഞ്ചിരി വിരിഞ്ഞു.
ഫ്ളെയ്മിങ് ഫെദേഴ്സ് എന്ന സംഘമാണ് സാന്ഡിക്കായി ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. നേരത്തെ പല ട്രൂപ്പുകളേയും സാന്‍ഡി സമീപിച്ചിരുന്നു. എന്നാല്‍ ആരും മരണാനന്തര ചടങ്ങില്‍ ഫ്ളാഷ് മോബ് കളിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ സോഷ്യല്‍ മീഡിയ വഴി സാന്‍ഡി ഫ്ളെയിങ് ഫെദേഴ്സ് എന്ന ട്രൂപ്പിനെ കണ്ടെത്തുകയായിരുന്നു.
ഇതിനൊപ്പം 10 ലക്ഷം രൂപയോളം ചിലവഴിച്ച് പലവിധ മുന്നൊരുക്കങ്ങളും സാന്‍ഡി നടത്തിയിരുന്നു. തന്റെ പ്രിയപ്പെട്ട ഷൂസുകളും ഹാന്‍ഡ് ബാഗുകളും ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കിയ ശവപ്പെട്ടിയും കുതിര വലിക്കുന്ന ശവമഞ്ചവുമെല്ലാം ഇതില്‍ ഉള്‍പ്പെടും. തന്റെ മരണാനന്തര ചടങ്ങുള്‍ പ്രിയപ്പെട്ടവര്‍ എന്നും സന്തോഷത്തോടെ ഓര്‍ത്തിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സാന്‍ഡി പറയാറുള്ളതായി അടുത്ത സുഹൃത്തായ സാം ഓര്‍ക്കുന്നു.
Content Highlights: deceased woman hires flash mob for funeral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..