-
ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡ് പോലീസ് അതിക്രമത്തിനിടയില്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് അമേരിക്കയിലെങ്ങും വംശീയതയ്ക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. പതിനായിരങ്ങളാണ് അനുശോചനങ്ങളും പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുന്നത്. ഇതിനിടയില്‍ ജോര്‍ജ് ഫ്ളോയിഡിന്റെ മകളുടെ പഴയൊരു വീഡിയോ വൈറലാവുകയാണ്.
ജോര്‍ജ് ഫ്ളോയിഡും ആറുവയസ്സുകാരിയായ മകള്‍ ജിയാന ഫ്ളോയിഡുമാണ് വീഡിയോയിലുള്ളത്. ജോര്‍ജിന്റെ ചുമലിലിരുന്ന് ജിയാന പറഞ്ഞ വാക്കുകളാണ് ഇന്ന് ലോകം നെഞ്ചേറ്റുന്നത്. '' അച്ഛന് ലോകത്തെ മാറ്റിമറിച്ചു''- എന്നാണ് ചെറുപുഞ്ചിരിയോടെ അച്ഛനൊപ്പമിരുന്ന് ജിയാന പറയുന്നത്.
മുന്‍ എന്‍ബിഎ താരവും ജോര്‍ജിന്റെ അടുത്ത സുഹൃത്തുമായ സ്റ്റീഫന്‍ ജാക്സണാണ് വീഡിയോ പോസ്റ്റ് ചെയ്തത്. '' നീ പറഞ്ഞത് ശരിയാണ് ജിജി, ഡാഡി ലോകത്തെ മാറ്റിമറിച്ചു. ജോര്‍ജ് ഫ്ളോയ്ഡ്, മാറ്റത്തിന്റെ പേര്... ''- എന്ന ക്യാപ്ഷനോടെയാണ് സ്റ്റീഫന്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ പങ്കുവച്ച് അധികം കഴിയും മുമ്പേ വൈറലായി. ഇതിനകം ആറായിരത്തില്പരം ലൈക്കുകളും പതിനായിരത്തിനടുത്ത് കമന്റുകളും വീഡിയോക്ക് ലഭിച്ചു.
ആഫ്രിക്കന്‍-അമേരിക്കന്‍ വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ മിനസോട്ട പോലീസുകാരനായ ഡെറിക് ചൗ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി, സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം തുടരുകയാണ്. ഫ്ളോയ്ഡിന്റെ ജന്മനഗരമായ ഹൂസ്റ്റണാണ് ഏറ്റവും വലിയ പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചത്.
Content Highlights: Daddy changed the world Viral Video of George Floyd’s daughter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..