സി.ആർ.പി.എഫ്. ട്വിറ്ററിൽ പങ്കുവെച്ച ചിത്രം | Photo: Twitter
ലഖ്‌നൗ:കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് സി.ആര്‍.പി.എഫ്. ജവാന്‍ കേണല്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ വീരമൃത്യു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലായിരുന്നു ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ വീരമൃത്യു വരിച്ചത്.
അദ്ദേഹത്തിന്റെ സഹോദരി ജ്യോതിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങ് നടന്നത്. എന്നാല്‍, ആ വിവാഹച്ചടങ്ങിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ചടങ്ങുകള്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സ്ഥാനത്ത് നിന്ന് ഏറ്റെടുത്ത് നടത്തിയത് സി.ആര്‍.പി.എഫ്. ജവാന്മാരായിരുന്നു.
യൂണിഫോം അണിഞ്ഞ് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ജവാന്മാരുടെ ചിത്രം സി.ആര്‍.പി.എഫ്. ട്വീറ്റ് ചെയ്തിട്ടുണ്ട്. മുതിര്‍ന്ന സഹോദരന്മാര്‍ എന്ന നിലയില്‍ സി.ആര്‍.പി.എഫ്. ജവാന്മാര്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തുവെന്ന് ചിത്രങ്ങള്‍ക്ക് സി.ആര്‍.പി.എഫ്. ക്യാപ്ഷന്‍ നല്‍കി. വധുവിനെ വിവാഹമണ്ഡലത്തിലേക്ക് ആനയിക്കുന്ന 'മണ്ഡലാപ്' എന്ന ചടങ്ങ് നടത്തുന്ന ജവാന്മാരുടെ ചിത്രവും ആ കൂട്ടത്തിലുണ്ടായിരുന്നു. സാധാരണ ഇത് വധുവിന്റെ സഹോദരന്മാരാണ് ചെയ്യാറ്. ചടങ്ങില്‍ സംബന്ധിച്ച് വധുവിനെയും വരനെയും അനുഗ്രഹിച്ച് സമ്മാനങ്ങളും നല്‍കിയാണ് അവര്‍ മടങ്ങിയത്.
'എന്റെ മകന്‍ ഇന്ന് ഈ ലോകത്ത് ഇല്ല. പക്ഷേ, സി.ആര്‍.പി.എഫ്. യൂണിഫോം അണിഞ്ഞ, സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങളോടൊപ്പം എന്നുമുള്ള ഒരുപാട് ആണ്‍മക്കള്‍ ഇന്ന് ഞങ്ങള്‍ക്കുണ്ട്'-ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ പിതാവ് പറഞ്ഞു.
ശ്രീനഗറിലെ ദേശീയപാതയ്ക്ക് സമീപം ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടു നില്‍ക്കവെയാണ് ശൈലേന്ദ്ര പ്രതാപ് സിങ് അടങ്ങുന്ന സി.ആര്‍.പി.എഫ്. ജവാന്മാരുടെ സംഘത്തിന് നേരെ ഭീകരാക്രമണം നടന്നത്. രണ്ട് ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ക്ക് പരിക്കും ഏറ്റിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..