Photo | facebook.com/sadaalmalaeb
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അറേബ്യന്‍ മണ്ണിലെത്തിയതിന്റെ ആഘാഷരാവായിരുന്നു ചൊവ്വാഴ്ച. റിയാദിലെ ക്ലബ്ബിന്റെ ഹോംഗ്രൗണ്ടായ കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വിസ്മയിപ്പിക്കുന്ന വരവേല്‍പ്പാണ് ലോക ഫുട്ബോളര്‍ക്ക് സൗദിയൊരുക്കിയത്. ഇതിന്റെ പല ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ടീമിന്റെ നീലയും മഞ്ഞയും ജഴ്സിയില്‍ പലവിധ വര്ണജ്വാലകളോടെയും ആര്‍പ്പുവിളികളോടെയും ക്രിസ്റ്റ്യാനോ ഗ്രൗണ്ടിലെത്തുന്ന കാഴ്ച അത്യന്തം മനോഹരമായിരുന്നു.

തന്റെ അറേബ്യന്‍ കൂടുമാറ്റത്തിന് നേര്‍സാക്ഷികളാകാന്‍ വന്നവരെ നിരാശരാക്കാതിരിക്കാനും താരം ശ്രദ്ധിച്ചു. ഗ്യാലറിയില്‍ തടിച്ചുകൂടിയ ആളുകളെ ക്രിസ്റ്റ്യാനോ ഹര്ഷപുളകിതരാക്കിയത് എങ്ങനെയാണെന്നോ? സ്വന്തം കൈയൊപ്പിട്ട ഫുട്ബോള്‍ ഗാലറിയിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് അടിച്ചുനല്കിക്കൊണ്ട്.. കിട്ടുന്നവര്ക്കെടുക്കാം ആ ബോള്‍. ഗാലറിയുടെ ഒരു ഭാഗത്തെത്തിയപ്പോള്‍ പന്ത് ഒരു ബാലികയ്ക്ക് കൈമാറിയതും സുന്ദരമായ കാഴ്ചയായി.

ക്രിസ്റ്റ്യാനോക്കൊപ്പംതന്നെ കുടുംബത്തെയും അല്‍ നസര്‍ ക്ലബ്ബ് ഗ്രൗണ്ടില്‍ വരവേറ്റു. ഗേള്‍ ഫ്രണ്ടായ ജോര്‍ജിന റോഡ്രിഗസ് മക്കളുടെ കൈയും പിടിച്ച് ഗ്രൗണ്ടിലേക്ക് വന്നത് ആവേശം നിറച്ച അനുഭവമാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചത്. കറുത്ത അബായ ധരിച്ചാണ് ജോര്‍ജിന ഗ്രൗണ്ടിലെത്തിയത്.
.jpg?$p=b5716f7&&q=0.8)
ഖത്തര്‍ ബ്രാന്‍ഡാണ് ഈ അബായ. മാക്സ്മറയുടെ ടര്‍ട്ടില്‍ നെക്കും നീല ജീന്‍സും കൂടെയണിഞ്ഞിരുന്നു. മക്കള്‍ നാലുപേരും അല്‍ നസര്‍ ജഴ്സിയിലായിരുന്നു വന്നത്.

യൂറോപ്പില്‍ തന്റെ ജോലി അവസാനിച്ചെന്ന് ക്ലബ്ബ് നടത്തിയ വരവേല്പ്പുസമ്മേളനത്തില് ക്രിസ്റ്റ്യാനോ പറഞ്ഞു. പല ക്ലബ്ബുകളും താരത്തെ സമീപിച്ച് വന്നതാണ്. എന്നാല്‍ ഏഷ്യയില്‍ പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാനായിരുന്നു ക്രിസ്റ്റ്യാനോയുടെ തീരുമാനം. സംസാരത്തിനിടെ ലോകത്തെ സമാനതകളില്ലാത്ത കളിക്കാരനാണ് താനെന്ന് സ്വയം വിശേഷിപ്പിക്കാനും ക്രിസ്റ്റ്യാനോ മുതിര്‍ന്നു. സൗദിയിലേക്കുള്ള തന്റെ കൂടുമാറ്റം കരിയറിന്റെ അവസാനമല്ലെന്നും ആളുകള്‍ എന്തു പറയുന്നു എന്നത് തനിക്ക് ഒരു പ്രശ്നമല്ലെന്നും അഞ്ചുതവണ ബാലണ്‍ദ്യോര്‍ നേടിയ താരം പറഞ്ഞു. ഈ ലോകകപ്പില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ തോല്‍പ്പിച്ച ഒരേയൊരു രാജ്യമാണ് സൗദി അറേബ്യയെന്ന് ഓര്‍മപ്പെടുത്താനും പോര്‍ച്ചുഗീസ് താരം മറന്നില്ല.

ക്രിസ്റ്റ്യാനോയുടെ വരവോടെ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്കാണ് സൗദി അറേബ്യയും അതിന്റെ ഫുട്ബോള്‍ ലോകവും സാക്ഷിയായത്. ക്രിസ്റ്റ്യാനോയുടെ വരവിനു മുന്‍പ് എട്ടര ലക്ഷമുണ്ടായിരുന്ന ക്ലബ്ബിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ്, ഇപ്പോള്‍ 90 ലക്ഷം കഴിഞ്ഞു. പത്തുമടങ്ങിലധികം വര്‍ധന. ക്ലബ്ബിന്റെ മറ്റ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്കും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ക്ലബ്ബില്‍ താരത്തിന്റെ കളികൂടി ആരംഭിക്കുന്നതോടെ ഫോളോവേഴ്സ് ഇനിയും കൂടും. അല്‍ നസറിന്റെ ഏഴാം നമ്പറില്‍ പ്രിന്റ് ചെയ്ത ജഴ്സി വാങ്ങാനും സൗദിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

Content Highlights: cristiano ronaldos saudi arabia era begins
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..