ഛവി മിത്തൽ മക്കൾക്കൊപ്പം | Photos: instagram.com/chhavihussein/
കാൻസറിനെതിരെയുളള പോരാട്ടത്തെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ നിരന്തരം പങ്കുവെക്കുന്നയാളാണ് നടി ഛവി മിത്തൽ. എന്നാൽ ഇപ്പോൾ താരം കുറിച്ചിരിക്കുന്നത് മക്കൾക്കൊപ്പമുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചതിന്റെ പേരിൽ നേരിട്ട ട്രോളുകളെക്കുറിച്ചാണ്. മക്കളെ ചുംബിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചതിനാണ് ഛവി ക്രൂരമായ ട്രോളുകൾക്ക് ഇരയായത്. ഒടുവിൽ ഇൻസ്റ്റഗ്രാമിലൂടെ അക്കൂട്ടർക്ക് മറുപടി നൽകുകയും ചെയ്തു താരം.
മക്കളായ അറീസയെയും അർഹാനെയും ചുംബിക്കുന്ന ചിത്രങ്ങളാണ് ഛവി പങ്കുവെച്ചിരുന്നത്. മക്കളുടെ ചുണ്ടുകളിൽ ചുംബിച്ചത് ശരിയായില്ല എന്നുപറഞ്ഞായിരുന്നു കമന്റുകൾ വന്നത്. ഇത് അധാർമികമാണെന്നും കുട്ടികളെ ഇങ്ങനെ ചുംബിച്ചുകൂടാ എന്നുമൊക്കെ കമന്റുകൾ വന്നു. ഈ സാഹചര്യത്തിലാണ് തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഛവി എത്തിയത്.
ഒരമ്മ തന്റെ മക്കളെ സ്നേഹിക്കുന്ന രീതിയിൽ ചിലർക്ക് എതിർപ്പുണ്ടാകുന്നു എന്നത് അവിശ്വസനീയമാണെന്ന് ഛവി കുറിച്ചു. മക്കളോടുള്ള സ്നേഹത്തിൽ അതിരുകൾ നിശ്ചയിക്കുന്നത് എങ്ങനെയാണെന്ന് തനിക്കറിയില്ല. സ്നേഹം പ്രകടിപ്പിക്കുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ല എന്നാണ് താൻ മക്കളെ പഠിപ്പിക്കുന്നത്. ആളുകളെ വേദനിപ്പിക്കാതിരിക്കണം എന്നുമാത്രമാണ് താൻ മക്കളെ പഠിപ്പിക്കാറുള്ളത്, പ്രത്യേകിച്ച് അവപെ സ്നേഹിക്കുന്നവരെ. ചിത്രങ്ങൾക്ക് കീഴെ തന്നെ പിന്തുണച്ച് കമന്റ് ചെയ്തവർ യഥാർഥത്തിൽ തനിക്ക് മാത്രമല്ല മറിച്ച് മനുഷ്യത്വത്തിനാണ് പിന്തുണ നൽകിയതെന്നും ഛവി കുറിച്ചു.
നിങ്ങളുടെ സ്നേഹത്തിന്റെ ഭാഷയിൽ മക്കളെ സ്നേഹിക്കൂ എന്നും അതാണ് ശരിയായ രീതിയെന്നും പറഞ്ഞ് മറ്റൊരു പോസ്റ്റും ഛവി പങ്കുവെച്ചു. തന്റെ കാഴ്ച്ചപ്പാടിൽ പുരോഗമനപരമായ പാരന്റിങ് എന്താണ് എന്നതിനെക്കുറിച്ചും ഛവി പങ്കുവെച്ചു.
മക്കളെ ഇത്തരത്തിൽ ചുംബിക്കുമ്പോൾ ശുചിത്വത്തിന്റെ കാര്യം പറഞ്ഞ് ഛവിയെ വിമർശിച്ചവർ ഉണ്ടായിരുന്നു. എന്നാൽ ആ കാര്യം മുൻനിർത്തി താൻ മക്കളെ ചുംബിക്കാതിരിക്കില്ല എന്നും ആ ലോജിക് വച്ചാണെങ്കിൽ എല്ലാ ചുംബനങ്ങളും വിലക്കപ്പെടേണ്ടതാണ് എന്നും ഛവി പറഞ്ഞു. അതിലുപരി ഒരു രക്ഷിതാവ് എന്ന നിലയ്ക്ക് തന്റെ വലിയ ഉത്തരവാദിത്തം മക്കൾക്ക് സുരക്ഷിതത്വവും സ്നേഹവും നൽകുക എന്നതാണ്. ട്രോളുകളെയും മുൻവിധികളെയും നെഗറ്റീവ് വികാരങ്ങളെയും ആത്മവിശ്വാസമില്ലായ്മയെയുമൊക്കെ ആഴത്തിലുള്ള അരക്ഷിതാവസ്ഥയുടെ ഭാഗമായി വരുന്നതാണ് എന്നതാണ് താൻ കരുതുന്നത്. ഈ പ്രായത്തിൽ മക്കൾക്ക് സുരക്ഷിതത്വം നൽകുകയും അവരെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് തന്റെ ഉത്തരവാദിത്തം.
മറ്റെല്ലാ മാതാപിതാക്കളെയും പോലെ താനും മക്കളെ തന്റേതായ രീതിയിൽ സ്നേഹിക്കും. തന്റെ സ്നേഹത്തിന്റെ ഭാഷയിൽ. അതിൽ ചുംബനവും ആലിംഗനവും ഓമനിക്കലുമൊക്കെ ധാരാളം ഉണ്ടാകുമെന്നും ഛവി കുറിച്ചു.
Content Highlights: Chhavi Mittal reacts to IG user calling it 'child abuse' to kiss her children
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..