വീഡിയോയിൽ നിന്ന്
സാഹസികതയ്ക്ക് പ്രായമില്ല. ആരോഗ്യവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ പല സാഹസികവിനോദങ്ങൾക്കും പ്രായമൊരു തടസ്സമാകില്ല. ഇപ്പോഴിതാ ഛത്തീസ്ഗഢ് ആരോഗ്യമന്ത്രിയായ ടി.എസ്. സിംഗ് ദിയോയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമത്തിൽ നിറയുന്നത്. ഓസ്ട്രേലിയയിൽ സ്കൈഡൈവ് ചെയ്യുന്ന മന്ത്രിയുടെ വീഡിയോക്ക് കീഴെ നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചെത്തുന്നത്.
ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ടി.എസ്. സിംഗ് ദിയോ സ്കൈഡൈവ് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്കൈഡൈവിന് അനുസരിച്ച വസ്ത്രം ധരിച്ച് ആകാംക്ഷയോടെ കാത്തുനിൽക്കുന്ന മന്ത്രിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. സ്കൈഡൈവിങ് ആസ്വദിക്കുന്ന അദ്ദേഹം ഇടയ്ക്കിടെ ക്യാമറയിലേക്ക് നോക്കി തംപ്സ് അപ് ചെയ്യുന്നതും കാണാം.
ഓസ്ട്രേലിയയിൽ സ്കൈഡൈവ് ചെയ്യാനുള്ള അവസരം തനിക്കു ലഭിച്ചുവെന്നും അത് അക്ഷരാർഥത്തിൽ അസാധാരണമായൊരു സാഹസികതയായി എന്നും പറഞ്ഞാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. വളരെ ആഹ്ലാദകരവും ആസ്വാദ്യകരവുമായ അനുഭവമായി അതെന്നും മന്ത്രി പറയുന്നുണ്ട്.
സാഹസികതയ്ക്ക് പ്രായമൊരു തടസ്സമല്ല എന്നു തെളിയിച്ച മന്ത്രിയെ നിരവധി പേർ പ്രകീർത്തിക്കുകയും ചെയ്തു. ആഗ്രഹിച്ചത് പൂർത്തിയാക്കുന്നതിന് പ്രായം ഒരു പരിധിയല്ല എന്നും പ്രായം ഒരു നമ്പർ മാത്രമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്നു എന്നുമൊക്കെയാണ് വീഡിയോക്ക് പലരും നൽകുന്ന കമന്റുകൾ.
Content Highlights: Chhattisgarh Minister TS Singh Deo, 70, Goes Skydiving In Australia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..