Photo: Facebook, Apiwat Toyothaka
ആറാംനിലയുടെ മുകളില്‍നിന്നും തെന്നിവീണ് താഴെനിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലും പൊട്ടിച്ച ശേഷം കൂളായി നടന്നു പോയ ഒരു പൂച്ചയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം. തായ്‌ലന്‍ഡിലെ ബാങ്കോക്കിലാണ് സംഭവം.
അപിവാത് ടൊയോത്തക എന്ന സ്ത്രീയുടെ പൂച്ചയാണ് അപകടത്തില്‍പ്പെട്ടത്. മേയ് 27-ന് ഇവര്‍തന്നെ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റില്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട ഷിഫു എന്ന പൂച്ചയുടെ ചിത്രവും ഒപ്പം ചില്ല് പൊട്ടിയ കാറിന്റെ ചിത്രവുമുണ്ടായിരുന്നു. കാറുടമ മോണ്‍റുത്തായ് ക്ലിന്‍സുക് പറഞ്ഞത്പ്രകാരം, കെട്ടിടയുടമ രാവിലെ ഏഴ് മണിയായപ്പോള്‍ ഇയാളെ വിളിച്ച് 8.5 കിലോയോളം ഭാരമുള്ള ഒരു പൂച്ച താഴെ പാര്‍ക്ക് ചെയ്തിരുന്ന ഇയാളുടെകാറിന്റെ ചില്ല് തകര്‍ത്ത് വീണുവെന്ന് അറിയിക്കുകയായിരുന്നു.
മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം, മേയ് 27 ന് ആറാം നിലയിലുള്ള പൂച്ചയുടെ ഉടമയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണി ഭിത്തിയിലൂടെ നടക്കുന്നതിനിടെ കാല്‍വഴുതി പൂച്ച താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞയുടന്‍ കാറുടമസ്ഥലത്തെത്തിയപ്പോള്‍ തന്റെ കാറിന്റെ ചില്ല് പൊട്ടിക്കിടക്കുന്നതായും പേടിച്ചരണ്ട പൂച്ചയെ അതിന്റെ ഉടമ തലോടുന്നതുമായാണ് കണ്ടത്. പിന്നീട് പൂച്ചയെ മൃഗഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയി. പരിശോധനയില്‍ പൂച്ചയുടെ ശരീരത്തില്‍ ഏതാനും മുറിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും ഗൗരവമായ മുറിവുകളൊന്നുമുണ്ടായിരുന്നില്ല. കാലിലെ രണ്ട് നഖങ്ങള്‍ പൊട്ടിയിട്ടുണ്ടായിരുന്നു. ഒപ്പം മൂക്കിന് നീരുമുണ്ട്.
സംഭവത്തില്‍ തന്റെ കാറിന് നാശനഷ്ടം ഉണ്ടായെങ്കിലും തനിക്കതില്‍ പരാതിയില്ലെന്നും കാറുടമ അറിയിച്ചു. ആരും മനഃപൂര്‍വം വരുത്തിവെച്ച അപകടമല്ലിതെന്ന് തനിക്കറിയാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒപ്പം പൂച്ചയുടെ അവസ്ഥയെക്കുറിച്ചന്വേഷിച്ചവര്‍ക്ക് കൃത്യമായ അപ്പ്‌ഡേറ്റുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍, വളര്‍ത്തുമൃഗങ്ങള്‍ അനുവദനീയമല്ലാത്ത ഫ്ളാറ്റിൽ പൂച്ചയെ വളർത്തിയതിന് ഉടമയ്ക്ക് പിഴയടക്കേണ്ടിവന്നു.
Content Highlights: cat who fell down from sixth floor and crashed into car survived miraculously


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..