ചാൾസ് രാജകുമാരനും ഭാര്യ കാമിലയും | Photo: A.F.P
ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് രാജാവാകുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കാമിലയ്ക്ക് എലിസബത്ത് രാജ്ഞി(I)യുടെ പ്രശസ്തമായ കോഹിനൂര്‍ കിരീടം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. കാമില 'ക്വീന്‍ കണ്‍സോര്‍ട്ട്' പദവിയില്‍(ഭരണത്തിലിരിക്കുന്ന രാജാവിന്റെ ഭാര്യക്ക് ലഭിക്കുന്ന രാജ്ഞി പദവി) അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നതായി എലിസബത്ത് രാജ്ഞി അറിയിച്ചിരുന്നു.
ഇതിനുപിന്നാലെ ചാള്‍സ് രാജകുമാരന് രാജാവാകുമ്പോള്‍ കാമിലയ്ക്ക് കോഹിനൂര്‍ രത്നം പതിച്ച കിരീടം ലഭിക്കുമെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 105.6 കാരറ്റ് വജ്രമാണ് കോഹിനൂര്‍. 14-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്ന് കണ്ടെടുത്തതാണ് ഈ വജ്രം. ഇക്കാലത്തിനിടെ ഇത് പല കൈകളിലൂടെ കടന്ന്, 1849-ലെ ബ്രിട്ടന്റെ പഞ്ചാബ് അധിനിവേശത്തിന് ശേഷം ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. അന്നുമുതല്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈവശമാണ് ഇത്. ഇന്ത്യ ഉള്‍പ്പടെയുള്ള നാലു രാജ്യങ്ങള്‍ വജ്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിലാണ് ഇന്നും.
ക്വീന്‍ മദര്‍ എന്നറിയപ്പെടുന്ന എലിസബത്ത് രാജ്ഞി(I)യുടെ പ്ലാറ്റിനത്തില്‍ നിര്‍മിച്ച കിരീടത്തിലാണ് കോഹിനൂര്‍ രത്നം പതിച്ചത്. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും രാജാവുമായിരുന്ന ജോര്‍ജ് ആറാമന്റെ സ്ഥാനാരോഹണ ചടങ്ങിനോട് അനുബന്ധിച്ചാണ് കിരീടം അന്ന് നിര്‍മിച്ചത്. ലണ്ടന്‍ ടവറില്‍ ഈ കിരീടം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചാള്‍സ് രാജകുമാരന് രാജാവാകുമ്പോള്‍ ഈ കിരീടം കാമിലയുടെ ശിരസില്‍ അണിയുമെന്ന് ഡെയ്ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചാള്‍സ് രാജകുമാരന്റെയും അദ്ദേഹത്തിന്റെ മുന്‍ഭാര്യ ഡയാനാ രാജകുമാരിയുടെയും വിവാഹബന്ധം തകര്‍ന്നതിന് കാമിലയ്ക്ക് പങ്കുണ്ടെന്ന ആരോപണം വളരെക്കാലം നിലനിന്നിരുന്നു. പിന്നീട് 2005-ല്‍ ചാള്‍സും കാമിലയും വിവാഹിതരായി.
ബ്രിട്ടീഷ് രാജ്ഞിയായി എലിസബത്ത് രാജ്ഞി(II) അധികാരമേറ്റെടുത്തതിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച നടന്ന ചടങ്ങിലാണ് കാമിലയ്ക്ക് ക്വീന്‍ കണ്‍സോര്‍ട്ട് പദവി നല്കാന് ആഗ്രഹിക്കുന്നതായി രാജ്ഞി അറിയിച്ചത്.
Content highlights: camilla will wear kohinoor crown when charles becomes king
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..