പെനിസ് പ്ലാന്റ് പറിക്കുന്ന വിനോദ സഞ്ചാരികൾ | Photo: facebook/ Ministry of Environment
പ്രകൃതി സമ്പത്ത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. അതു ചെടിയായാലും വലിയ മരമായാലും നമ്മള് പരിപാലിക്കേണ്ടതുണ്ട്. എന്നാല്‍ മനുഷ്യന്റെ നിരുത്തരവാദിത്തപരമായ ഇടപെടലുകള്‍ പലപ്പോഴും പ്രകൃതിക്ക് നാശം വരുത്താറുണ്ട്.
ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ കംബോഡിയയില്‍ നിന്ന് വരുന്നത്. വളരെ അപൂര്‍വമായി കാണുന്ന വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചെടി വിനോദ സഞ്ചാരികള്‍ വ്യാപകമായി പറിച്ച് നശിപ്പിക്കുകയാണ്. ഉദ്ധരിച്ചു നില്ക്കുന്ന ലിംഗത്തിന്റെ രൂപസാദൃശ്യമാണ് വിനോദ സഞ്ചാരികളെ ഈ ചെടിയിലേക്ക് ആകര്‍ഷിക്കുന്നത്. ഇതു പറിച്ചെടുത്ത് അതുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് വിനോദ സഞ്ചാരികള്‍.
'നെപ്പന്തിസ് ഹൊള്ഡേനി' എന്ന് പേരുള്ള ഈ ചെടി കംബോഡിയയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കാണുന്നത്. അപൂര്‍മായി മാത്രമുണ്ടാകുകയും വംശനാശം നേരിടുകയും ചെയ്യുന്നതിനാല്‍ കംബോഡിയന്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ ചെടിയെ പരിപാലിക്കുന്നത്.
ഇതു നശിപ്പിക്കരുതെന്ന് ഫെയ്സ്ബുക്ക് പേജിലൂടെ കംബോഡിയയുടെ പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 'ഈ ചെയ്യുന്നത് ശരിയല്ല. ഇനിയാരും ഇതു ആവര്‍ത്തിക്കരുത്. പ്രകൃതി സമ്പത്തിനെ സ്നേഹിക്കണം. നശിപ്പിക്കരുത്'. ചിത്രങ്ങള്‍ക്കൊപ്പം മന്ത്രാലയം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കംബോഡിയയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലെ പര്‍വത നിരകളോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഈ ചെടി പ്രധാനമായും കാണുന്നത്. ജീവനുള്ള പ്രാണികളാണ് നെപ്പന്തിസ് ഹൊള്ഡേനിയുടെ ഭക്ഷണം. പ്രാണികളെ ആകര്‍ഷിക്കാനായി ഈ ചെടികള്‍ പ്രത്യേക സുഗന്ധം പുറപ്പെടുവിക്കും.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 'അമോര്‍ഫോഫാലസ്' വിഭാഗത്തില്‍ ഉള്‍പ്പെട്ട ഒരു ചെടി നെതര്‍ലന്റ്സിലെ ലെയ്ഡെനിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പൂവിട്ടിരുന്നു. 25 വര്‍ഷത്തിനിടെ ആദ്യമായും യൂറോപ്പില്‍ മൂന്നാമത്തെ തവണയുമാണ് ഈ ചെടി പൂവിടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..