-
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് പോലീസ് ഉദ്യോഗസ്ഥരുടെ കടമയാണ്. സ്വന്തം ജീവൻ പോലും പണയം വച്ചും ആത്മാർഥമായി ജനസേവനം നടത്തുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. റെയിൽവേ പാളത്തിൽ കുടുങ്ങിയ വയോധികനെ അതിസാഹസികമായി രക്ഷിച്ചാണ് ഈ പോലീസ് ഉദ്യോഗസ്ഥ താരമായിരിക്കുന്നത്.
കാലിഫോർണിയയിൽ നിന്നുള്ള എറിക യുറിയ എന്ന പോലീസ് ഉദ്യോഗസ്ഥയാണത്. ലോദി എന്ന സ്ഥലത്ത് എറിക പട്രോളിങ് ചെയ്യുന്നതിനിടെയാണ് സംഭവം. വണ്ടിയിൽ പോവുകയായിരുന്ന എറിക റെയിൽവേ പാളത്തിൽ കുടുങ്ങിയ വീൽചെയറിൽ ഇരിക്കുന്ന വയോധികനെ കാണുകയായിരുന്നു. തീവണ്ടി വരാൻ അടുത്തെന്നറിഞ്ഞതോടെ മറ്റൊന്നും ചിന്തിക്കാതെ എറിക തീവണ്ടിപ്പാതയിലേക്ക് പായുകയായിരുന്നു. തീവണ്ടി അടുത്തതോടെ വീൽചെയർ അവിടെ തന്നെയിട്ട് വയോധികനെ താഴെയിറക്കാൻ ശ്രമിക്കുകയാണ് യുറിയ ചെയ്തത്.
വീൽചെയർ വിടുവിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് വയോധികനെ വലിച്ചിറക്കാൻ ശ്രമിച്ചത്. ഇരുവരും താഴേക്കു വീഴുന്നതും ഇതിനിടയിൽ വീൽചെയറും കടന്ന് ട്രെയിൻ കുതിച്ചുപോകുന്നതും വീഡിയോയിൽ കാണാം. പെട്ടെന്നുള്ള വീഴ്ച്ച മൂലം കാലിനു പരിക്കേറ്റ വയോധികനെ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
എറികയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇപ്പോൾ വീഡിയോ കാണുമ്പോൾ തനിക്ക് കഴിഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എറിക പറയുന്നു. ആ നിമിഷം ട്രെയിൻ ഉടൻ വരുമെന്നോ അതിന്റെ വേഗതയോ ഒന്നും മനസ്സിലുണ്ടായിരുന്നില്ല, മറിച്ച് ആ വയോധികനെ എങ്ങനെയെങ്കിലും രക്ഷിക്കുകയായിരുന്നു ലക്ഷ്യമെന്നും എറിക.
തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതും തിരിഞ്ഞുനോക്കുമ്പോൾ ഭീതിപ്പെടുത്തുന്നതുമായ അനുഭവമാണ് ഇതെന്നും എറിക പറയുന്നു.
തന്റെ ജീവൻപോലും വകവെക്കാതെ മറ്റൊരാളെ രക്ഷിക്കാൻ മുതിർന്ന എറികയെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലൂടെ കാലിഫോർണിയ പോലീസ് വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: California policewoman saves man in wheelchair from train after he gets stuck on tracks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..